ADVERTISEMENT

മുംബൈയിൽ ജൂൺ 11ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രജ്‍ഞൻ പ്രശാന്ത് കിഷോറും തമ്മിൽ നടന്ന മൂന്നര മണിക്കൂർ കൂടിക്കാഴ്ചയെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ ചൂടുപിടിക്കുകയാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി വിശാല പ്രതിപക്ഷ സഖ്യ രൂപീകരണത്തിനുള്ള നിലമൊരുക്കലിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പുകളിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് പ്രശാന്ത് കിഷോറിന്റെ സന്ദർശനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കേവലം നന്ദി അറിയിക്കലിന് അപ്പുറമുള്ള രാഷ്ട്രീയ മാനങ്ങൾ കൂടിക്കാഴ്ചയ്ക്ക് ഉണ്ടെന്നാണ് സൂചനകൾ.

ബിജെപി വിരുദ്ധ ചേരിയിലുള്ള പാർട്ടികളെ കോർത്തിണക്കി വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന്റെ പ്രാഥമിക ചർച്ചയാണ് ഇരുവരും തമ്മിൽ നടന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പ്രദേശിക കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തി ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമാക്കാൻ പ്രശാന്ത് കിഷോറിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് സൂചന. 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞാണ് പ്രശാന്ത് കിഷോർ ശ്രദ്ധേയനായത്.

പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചു ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന് ശരദ് പവാറിന്റെ നേതൃത്വത്തിൽ ഏതാനും നാളുകളായി അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്. പ്രശാന്ത് കിഷോറിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തണമെന്ന് 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബാരാമതി എംപിയും പവാറിന്റെ മകളുമായ സുപ്രിയ സുളെയുൾപ്പെടെ നിർദേശിച്ചിരുന്നെങ്കിലും തുടർചർച്ചകൾ ഉണ്ടായില്ല.‌ എന്നാൽ ഇത്തവണ എൻസിപി നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ്. 

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന പൊതുവികാരം ഉയർന്നുവരുന്നതാണ് നീക്കങ്ങൾ വേഗത്തിലാക്കാൻ പവാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കോവിഡ് രണ്ടാം തരംഗമുണ്ടാകുമെന്ന വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് പ്രതിദിനം നാലു ലക്ഷത്തിലേറെ ആളുകൾ രോഗികളാകുകയും നാലായിരത്തോളം പേർ മരിക്കുകയും ചെയ്യുന്നതിലേക്കു നയിച്ചതെന്ന് വിമർശനമുയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിൽ രാജ്യവ്യാപകമായി കടുത്ത വിമർശനം ഉയർന്നതോടെ സുപ്രീംകോടതി ഇടപെടുന്ന സാഹചര്യമുണ്ടായി.

ഇന്ധന വിലവർധന, കർഷക സമരം, സാമ്പത്തിക തകർച്ച, വിലക്കയറ്റം എന്നിങ്ങനെ ഇതര വിഷയങ്ങളിലും കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിട്ടുണ്ട്. അടുത്തിടെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും അയോധ്യ, മഥുര, ലക്നൗ എന്നീ നഗരങ്ങളുൾപ്പെടുന്ന ജില്ലകളിലും ബിജെപി കനത്ത പരാജയം നേരിട്ടു. ഭരണംപിടിക്കുമെന്ന് ഉറപ്പിച്ച് സർവസന്നാഹങ്ങളുമായി ഇറങ്ങിയ ബംഗാളിൽ കനത്ത തിരിച്ചടിയാണ് ബിജെപിയെ കാത്തിരുന്നത്. ചുവരെഴുത്ത് മാറുന്നുവെന്ന വിലയിരുത്തലാണ് വിശാല പ്രതിപക്ഷ സഖ്യമെന്ന സാധ്യതയ്ക്ക് പുതുജീവൻ പകരുന്നത്.

സംഘടനാ ദൗർബല്യം നേരിടുന്ന കോൺഗ്രസിനെ മുന്നിൽ നിർത്തി പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന വിലയിരുത്തലിലാണ് ബദൽ മാർഗം ആലോചിക്കുന്നത്. എൻസിപി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ശിവസേന, ആം ആദ്മി പാർട്ടി, വൈഎസ്ആർ. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആർജെഡി, നാഷനൽ കോൺഫറൻസ്, സിപിഎം, സിപിഐ, പിഡിപി, തുടങ്ങിയ കക്ഷികളെ ഒപ്പം ചേർത്ത് സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യം. ഇതിൽ ആം ആദ്മി പാർട്ടി, വൈഎസ്ആർ. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടികൾക്കായി പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തിയിട്ടുള്ള പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ഇവരെ മുന്നണിയുടെ ഭാഗമാക്കുന്നതിൽ മുതൽക്കൂട്ടാകുമെന്നാണ് കണക്കുകൂട്ടൽ.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, ഹിമാചൽ പ്രദേശ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പ്രകടനം ഈ സഖ്യത്തിൽ പാർട്ടിയുടെ സ്ഥാനം നിർണയിക്കുന്നതിൽ നിർണായകമാകും. കോൺഗ്രസിന്റെ പ്രകടനം മോശമായാൽ ബിജെപി, കോൺഗ്രസ് ഇതര മുന്നണി എന്ന നിലയിലാവും തുടർനീക്കങ്ങൾ. കോൺഗ്രസിനെ മുന്നിൽ നിർത്തി പ്രതിപക്ഷ സഖ്യമെന്ന ആശയത്തോട് പല നേതാക്കളും വിയോജിപ്പുണ്ട് എന്നതും പ്രധാന ഘടകമാണ്.

മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപോ തിരഞ്ഞെടുപ്പിനു ശേഷമോ സഖ്യമുണ്ടാക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെങ്കിൽ 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാലേകൂട്ടി തയാറെടുപ്പുകൾ നടത്താനാണ് നീക്കം. പ്രധാന കക്ഷികളെ കൂടാതെ അതത് സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതയുള്ള മറ്റു കക്ഷികളെയും ഒപ്പം കൂട്ടും. ശരദ് പവാർ, മമത ബാനർജി, അരവിന്ദ് കേജ്‌രിവാൾ തുടങ്ങി പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന നിരവധി നേതാക്കൾ ഉണ്ടെന്നിരിക്കെ മുന്നണിയുടെ നേതാവിനെ തീരുമാനിക്കുക എളുപ്പമാകില്ല. എന്നാൽ മറുചേരിയിലെ നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചും എംഎൽഎമാർ ഇല്ലാത്ത ഇടങ്ങളിൽ പോലും അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഭരണം പിടിച്ചും മറ്റുമുള്ള ബിജെപിയുടെ മുന്നേറ്റം തടയണമെന്നതിൽ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ഒരേ മനസ്സാണ് എന്നതിലാണ് വിശാല സഖ്യമെന്ന ആലോചനകൾക്ക് മുൻപത്തേക്കാൾ സാധ്യത കൈവരുന്നത്.

English Summary: Prashant Kishor - Sharad Pawar meeting trigger talks about a possible grand opposition alliance for 2024 loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com