ദിസ്പുര്‍∙ അസമില്‍ കോണ്‍ഗ്രസിനു തിരിച്ചടി. പ്രമുഖ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രൂപ്‌ജ്യോതി കുര്‍മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്നു പ്രഖ്യാപിച്ചു. യുവനേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്കു കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കുമെന്നും കുര്‍മി പറഞ്ഞു. നാലു തവണ എംഎല്‍എയായിട്ടുള്ള കുര്‍മി നിയമസഭാംഗത്വവും രാജിവച്ചു. പിന്നാലെ കുര്‍മിയെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിനു പിന്നാലെയാണ് അസമിലും പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടിരിക്കുന്നത്. അസം നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 28 ആയി.
കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച തനിക്ക് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുക്കല്‍ ഏറെ ദുഷ്ടകരമായിരുന്നുവെന്നു കുര്‍മി പറഞ്ഞു. കുര്‍മിയുടെ അമ്മ സംസ്ഥാനത്ത് മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് സംസ്‌കാരത്തിലാണു താന്‍ വളര്‍ന്നതെന്നും കുര്‍മി പറഞ്ഞു. 'പോസ്റ്റര്‍ ഒട്ടിക്കുകയും യോഗങ്ങളില്‍ ചായ നല്‍കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലും അസമിലുമുള്ള ഹൈക്കമാന്‍ഡുകള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐയുഡിഎഫുമായി സഖ്യമുണ്ടാക്കരുതെന്ന എന്റെ നിര്‍ദേശം ഹൈക്കമാന്‍ഡ് തള്ളി. അതിന്റെ തിരിച്ചടിയുണ്ടാകുകയും ചെയ്തു. ബിജെപി വീണ്ടും അധികാരത്തിലെത്തി. യുവാക്കള്‍ വളരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്നെപ്പോലെ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ഗോത്രവര്‍ഗക്കാരെ വളര്‍ത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. ആ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തത്.'- കുര്‍മി പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ സംസ്ഥാനത്തെ നയിക്കുന്നത് പ്രശംസനീയമായ നിലയിലാണെന്നും കുര്‍മി പറഞ്ഞു.
കുര്‍മിയെപ്പോലെയുള്ള നേതാക്കള്‍ ഏതു പാര്‍ട്ടിക്കും പ്രധാനപ്പെട്ട സ്വത്താണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഹജാരിക പറഞ്ഞു. താനും മുമ്പ് കോണ്‍ഗ്രസിലായിരുന്നുവെന്നും കുര്‍മിയെ അയാളുടെ മണ്ഡലത്തില്‍ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും പീയുഷ് പറഞ്ഞു.
English Summary: Assam: Congress MLA Rupjyoti Kurmi resigns, to join BJP