ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര യോഗ ദിനത്തിൽ ലോക്സഭ എംപിമാർക്കായുള്ള യോഗ സെഷന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ നേതൃത്വം നൽകുന്നതിനെതിരെ പ്രതിപക്ഷം. പ്രജ്ഞയുടെ കാര്യത്തിൽ പ്രധാനമന്ത്രിയുടെ മനസ് മാറിയോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. 

രാജ്യാന്തര യോഗ ദിനത്തിൽ ഓൺലൈനായി നാല് സെഷനാണ് ലോക്സഭയിൽ സംഘടിപ്പിക്കുന്നത്. ഇതിൽ ഒന്നിനാണ് പ്രജ്ഞ നേതൃത്വം നൽകുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്നലെ തന്നെ എംപിമാർക്ക് അയച്ചു. 

തുടർന്നാണ് ഇതിനെതിരെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് രംഗത്തുവന്നത്. പ്രജ്ഞയുടെ കാര്യത്തിൽ മോദിയുടെ മനസ് മാറിയോ എന്നാണ് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ട്വിറ്റിറിലൂടെ ചോദിച്ചത്. എല്ലാ എംപിമാരും പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട പദ്ധതിയിൽ പ്രജ്ഞ നേതൃത്വം വഹിക്കുന്നതോടെ അദ്ദേഹം അവരോട് ക്ഷമിച്ചു എന്നാണ് മനസ്സിലാകുന്നത് എന്നാണ് മാണിക്കം ട്വീറ്റ് ചെയ്തത്. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയായി വാഴ്ത്തിയ പ്രജ്ഞയെ തള്ളിപ്പറഞ്ഞ മോദിയുടെ ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് മാണിക്കത്തിന്റെ ട്വീറ്റ്. 

നാഥുറാമിനെ പ്രകീർത്തിച്ച പ്രജ്ഞയോടുള്ള സമീപനം എന്താണെന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് ഗാന്ധിജിയേയും ഗോഡ്സേയേയും കുറിച്ചുള്ള പ്രസ്താവനകൾ ഭയാനകവും നിന്ദ്യവും അപലയനീയവുമാണെന്നും ഇത്തരത്തിലുള്ള മാനസികാവസ്ഥ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഭാവിയിൽ ഇങ്ങനെയൊക്കെ സംസാരിക്കുന്നതിന് മുൻപ് നൂറു തവണ ചിന്തിക്കണം. അവർ മാപ്പു പറഞ്ഞു എന്നുള്ളത് ശരിയാണ്. എന്നാൽ തനിക്ക് ഹൃദയത്തിൽ നിന്ന് ക്ഷമിക്കാനാകില്ലെന്നായിരുന്നു മോദി പറഞ്ഞത്. 

ഭോപാലിൽ നിന്നുള്ള ബിജെപി എംപിയാണ് പ്രജ്ഞ. ഈ വിവാദ പരാമർശത്തിനു ശേഷം പ്രതിരോധവുമായി ബന്ധപ്പെട്ട പാർലമെന്ററി പാനലിൽ നിന്നും പ്രജ്ഞയെ നീക്കിയിരുന്നു. ബിജെപി പാർലമെന്ററി യോഗങ്ങളിൽ നിന്നും മാറ്റിനിർത്തിയിരുന്നു. 

English Summary :"PM Changed His Mind?": Congress On Pragya Thakur's Yoga Session For MPs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com