യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോടു അശ്ലീലം; പബ്ജി മദന്‍ ഒളിവിൽ, ഭാര്യ അറസ്റ്റിൽ

Mail This Article
ചെന്നൈ∙ യൂട്യൂബ് ചാനല്‍ വഴി അശ്ലീലം പറഞ്ഞു പുലിവാലു പിടിച്ച പത്തുലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമ പൊലീസിനെ പേടിച്ച് ഒളിവില്‍പോയി. പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന പബ്ജി മദന്‍ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണു കേസിനിടയാക്കിയത്.
പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണു തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദന്‍ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബില്‍ ൈലവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ പബ്ജി 18 പ്ലസ് എന്ന ചാനലിന്റെ പ്രത്യേകത. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്‍കി. തൊട്ടുപിറകെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. ഇതോടെയാണു പൊലീസ് തിരച്ചില്‍ തുടങ്ങിയത്.
തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തു. ഐടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്. മദനു വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഭാര്യ കൃതികയെ പൊലീസ് സേലത്തു വച്ചു പിടികൂടി. യൂട്യൂബ് ചാനലിന്റെ റജിസ്ട്രേഷന്‍ ഭാര്യയുടെ പേരിലാണെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇവരില്‍ നിന്നു ലാപ്ടോപ്, ഹാർഡ്ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ യൂട്യൂബ് ചാനല്‍ മരവിപ്പിക്കാനും പൊലീസ് നീക്കം തുടങ്ങി.
English Summary: Police Search On for YouTuber Madan as Wife Held in TN for Making Money Through Obscene Chats