നിരോധിത പബ്ജി ഗെയിം സ്ട്രീമിങ്ങിനിടെ അശ്ലീലം; യൂട്യൂബ് ചാനൽ ഉടമ അറസ്റ്റിൽ

Mail This Article
ചെന്നൈ ∙ നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ അശ്ലീലം പറഞ്ഞ കേസിൽ യൂട്യൂബ് ചാനൽ ഉടമ അറസ്റ്റിൽ. എട്ടു ലക്ഷത്തോളം വരിക്കാരുള്ള മദൻ, ടോക്സിക് മദൻ 18+, പബ്ജി മദൻ ഗേൾ ഫാൻ തുടങ്ങിയ ചാനലുകളുടെ ഉടമ മദൻ കുമാർ ആണ് അറസ്റ്റിലായത്. ചെന്നൈയിൽനിന്ന് ഒളിവിൽ പോയ മദനെ ധർമപുരിയിൽനിന്നാണു പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ കൃതികയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പബ്ജി ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന മദന്‍, കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണു കേസിനിടയാക്കിയത്. പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണു തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ മദന്‍ ഉപയോഗപ്പെടുത്തിയത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർഥ, അശ്ലീല പ്രയോഗങ്ങളും ചാനലിന്റെ പ്രത്യേകതയാണ്. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ ഒരു യുവതി ചെന്നൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തൊട്ടുപിറകെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. ഇതോടെയാണു പൊലീസ് തിരച്ചില്‍ തുടങ്ങിയത്. തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തു. ഐടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്. മദനു വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണു ഭാര്യ കൃതികയെ സേലത്തുനിന്നു പിടികൂടിയത്.

യൂട്യൂബ് ചാനലിന്റെ റജിസ്ട്രേഷന്‍ കൃതികയുടെ പേരിലാണ്. ഇവരില്‍നിന്നു ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. മാസം മൂന്നു ലക്ഷം രൂപയെങ്കിലും മദൻ യൂട്യൂബിലൂടെ സമ്പാദിക്കുന്നുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ട്. പ്രായപൂർത്തിയാകാത്ത നിരവധി പേർ സബ്സ്ക്രൈബർമാരായിട്ടുള്ള മദന്റെ ചാനലുകൾ മരവിപ്പിക്കാൻ നീക്കം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
English Summary: Tamil Nadu YouTuber Couple Arrested For Obscenity On PUBG Live Stream