ADVERTISEMENT

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിലേക്കു തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ഓഫിസിനു മുന്നിൽ നിരാഹാര സമരമിരുന്ന മുന്നൂറോളം ബിജെപി പ്രവർത്തകരെ പാർട്ടി സ്വീകരിച്ചു. ഗംഗാജലം തളിച്ചാണ് പ്രവർത്തകരെ തൃണമൂൽ നേതാക്കൾ സ്വീകരിച്ചത്. സെയ്ന്തിയ നിയമസഭാ മണ്ഡലത്തിൽപെടുന്ന ബനാഗ്രാമിലാണു സംഭവമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബീർഭൂമിലെ തൃണമൂൽ ഓഫിസിനു മുന്നിലായിരുന്നു പ്രവർത്തകരുടെ നിരാഹാര സമരം. ബിജെപിയിൽ ചേർന്നതോടെ ഗ്രാമത്തിലെ വികസനം ഇല്ലാതായതായി സമരമിരുന്ന അശോക് മൊണ്ഡൽ പ്രതികരിച്ചു. തുടർച്ചയായി ബിജെപി നടത്തുന്ന സമരങ്ങൾ നല്ലതിനേക്കാൾ മോശം കാര്യങ്ങൾക്കാണു വഴിയൊരുക്കിയത്. പാർട്ടിയിലേക്കു തിരികെയെത്തണമെന്നാണ് ആവശ്യമെന്നും അശോക് പറഞ്ഞു. രാവിലെ എട്ടിന് തുടങ്ങിയ പ്രതിഷേധം 11 മണിയോടെ അവസാനിച്ചു.

തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡൽ പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറി. ബിജെപി പ്രവർത്തകർ ദിവസങ്ങളായി തൃണമൂലിലേക്ക് തിരികെയെത്താൻ അനുവാദം ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുമായി സംസാരിച്ച ശേഷമാണ് പ്രവർത്തകരെ തിരികെയെടുത്തത്. ബിജെപി അവരുടെ വിഷചിന്തകൾ പ്രവർത്തകരുടെ മനസ്സിൽ നിറച്ചിട്ടുണ്ടാകും. മോശം കാര്യങ്ങൾ മനസ്സിൽനിന്ന് നീക്കാനാണ് പുണ്യജലം തളിച്ചതെന്നും തുഷാർ വ്യക്തമാക്കി.

ഇതെല്ലാം നാടകമാണെന്നാണു ബിജെപിയുടെ വാദം. ബിജെപി പ്രവർത്തകരെ നിർബന്ധിച്ച് തൃണമൂലിൽ ചേർക്കുകയാണെന്നാണു പാർട്ടിയുടെ വിശദീകരണം. ഇലംബസാർ എന്നയിടത്തും ആളുകൾ തൃണമൂല്‍ ഓഫിസിനു മുന്നിൽ ധർണ നടത്തി. നാനൂർ, ഭോൽപൂർ, സെയ്ന്തിയ എന്നിവിടങ്ങളിൽ ബിജെപിയിൽ ചേർന്നതിന് പ്രവർത്തകർ പരസ്യമായി മാപ്പ് അപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.

English Summary: West Bengal: 300 BJP supporters return to TMC after Gangajal ‘purification of minds’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com