ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെയും പലവട്ടം വിവാദങ്ങളിൽ ഇടംപിടിച്ച മോഹനൻ വൈദ്യർ എന്ന മോഹനൻ നായരെ (65) കരമനയിലെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 25 വർഷമായി ചേർത്തല മതിലകത്താണ് താമസം. 2 ദിവസം മുൻപാണ് കരമനയിലെ ബന്ധുവീട്ടിൽ എത്തിയത്. രാവിലെ പനിയും ഛർദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോൾ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. ഇവർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ലത, മക്കൾ: ബിന്ദു, രാജീവ്. മരുമകൻ: പ്രശാന്ത്.

കോവിഡ് ലക്ഷണങ്ങളോടെയായിരുന്നു മരണം. മരിക്കുമ്പോൾ വീട്ടിൽ മോഹനൻ നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു. മോഹനൻ വൈദ്യർ ഇടയ്ക്കിടെ ഇവിടെയെത്തി വൈദ്യചികിത്സ നടത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ ഇടങ്ങളിൽ ചികിത്സാലയം നടത്തിയിരുന്ന മോഹനൻ വൈദ്യർ കഴിഞ്ഞ വർഷം കോവിഡ് ചികിത്സ ആരംഭിച്ചതോടെയാണ് വിവാദത്തിൽപ്പെട്ടത്. 

കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വരെ ചികിത്സിച്ചിരുന്നു. കോവിഡ് ചികിത്സയുടെ പേരിൽ കഴിഞ്ഞ വർഷം റിമാൻഡിലായി ജയിലിലും കഴിഞ്ഞു.

English Summary: Mohanan Vaidyar Found Dead in Relative's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com