ADVERTISEMENT

പത്തനംതിട്ട ∙ മലയാളി മനസ്സിൽ ഓസ്ട്രേലിയയ്ക്കു തിളക്കമേറെയാണ്. ഇന്ത്യൻ നഴ്സുമാരുടെ കർമഭൂമി. ഓസീസ് ക്രിക്കറ്റ് താരങ്ങളായ അലൻ ബോർഡറിനും ഷെയ്ൻ വോണിനും സ്റ്റീവ് സ്മിത്തിനുമൊക്കെ മലയാളമണ്ണിൽ പോലും ആരാധകർ ഏറെ. ഏറ്റവുമൊടുവിൽ കോവിഡിനെ ഫലപ്രദമായി നേരിടുന്നതിലും വൻവിജയം നേടിയിരിക്കുകയാണ് ‘കങ്കാരുവിന്റെ സ്വന്തം നാട്’.

∙ പറന്നെത്തും ഡോക്ടർമാർ, അതിലും ഒരു മലയാളി!

ഓസ്ട്രേലിയയുടെ പെരുമയേക്കാൾ ലോകത്തെ ഏറ്റവും വലിയ സൗജന്യ വ്യോമ ജീവൻരക്ഷാ സേനയായ ഓസ്ട്രേലിയൻ റോയൽ ഫ്ലെയിങ് ഡോക്ടേഴ്സ് സർവീസസിനെപ്പറ്റിയാണ് ഈ കഥ. 77 വിമാനങ്ങളും ഡോക്ടർമാർ ഉൾപ്പെടെ 1,900 ആരോഗ്യ പ്രവർത്തകരും ചേരുന്ന വൻശൃംഖല. 200 കേരളം ചേരുന്നത്ര വലിപ്പമുള്ള ഓസ്ട്രേലിയയുടെ രക്ഷാദൂതരാണ് ഈ ‘ഫ്ലെയിങ് ഡോക്ടർമാർ’. ഈ എയർ ആംബുലൻസ് സർവീസിനു നേതൃത്വം നൽകിയവരിൽ ഒരു മലയാളിയുമുണ്ട്. തിരുവല്ല സ്വദേശി ഡോ. ടൈറ്റസ് എ.മഴവഞ്ചേരി (68); പത്തു വർഷത്തോളം മുഴുവൻസമയ പറക്കും ഡോക്ടറായ ആദ്യ ഏഷ്യക്കാരൻ.

കേരളത്തിലും ഒമാനിലും മറ്റുമായി പ്രാക്ടീസും തുടർപഠനവും നടത്തിവരവേ 2005 ലാണ് ഓസ്ട്രേലിയയിൽനിന്നു ക്ഷണം കിട്ടുന്നത്. പറന്ന് പറന്ന് നടക്കണം. – ഫ്ലെയിങ് ഡോക്ടർ.  ഒറ്റ പൈലറ്റ് നിയന്ത്രിക്കുന്ന ഒറ്റ എൻജിൻ വിമാനം. 1,000 മീറ്റർ മാത്രമുള്ള റൺവേകൾ, റൺവേ മുറിച്ചുകടന്നെത്താൻ സാധ്യതയുള്ള കങ്കാരുക്കൾ. അപകടസാധ്യതയുള്ള ജോലി. എങ്കിലും വെല്ലുവിളി ഏറ്റെടുത്തു.  ഉയർന്നും താണും ഓടിയും താങ്ങിയും നൂറുകണക്കിനു ജീവൻ രക്ഷിച്ച സേവനകാലം. പത്തു തവണ ചന്ദ്രനിൽ പോയി വരാവുന്നത്ര ദൂരം പറന്നിട്ടുണ്ടാവാമെന്നാണ് ടൈറ്റസിന്റെ പക്ഷം. 

∙ പഠിക്കാം പ്രാഥമിക ആരോഗ്യ പാഠങ്ങൾ

പറക്കും ഡോക്ടർ സംവിധാനത്തിൽനിന്നു നമുക്കും ചിലതു പകർത്താനുണ്ടെന്നു ഡോ. ടൈറ്റസ് പറയുന്നു. എല്ലാ വിദൂര ഗ്രാമങ്ങളിലും ഏതാനും വീടുകളും പെട്രോൾ പമ്പും ആരാധനാലയവും മറ്റും കാണും. അടുത്ത പട്ടണത്തിലേക്ക് ആറു മണിക്കൂർ വണ്ടിയോടിക്കണം.

ഇവിടെ എല്ലായിടത്തും എമർജൻസി മെഡിസിൻ ചെസ്റ്റുകൾ (അലമാര) സ്ഥാപിച്ചിട്ടുണ്ട്. കർഷകർ മുതൽ വിദ്യാർഥികൾക്കു വരെ പ്രാഥമിക വൈദ്യ പരിശീലനവും നൽകിയിട്ടുണ്ട്. പാമ്പു കടിച്ചെന്നോ കുഴഞ്ഞു വീണെന്നോ എമർജൻസി നമ്പരിൽ വിളിച്ചു പറ‍ഞ്ഞാലുടൻ ചെസ്റ്റിലെ ഏതു നമ്പരിലെ ബോക്സ് തുറന്ന് മരുന്നെടുക്കണമെന്നു ഡോക്ടർ ഫോണിലൂടെ ഉപദേശിക്കും.

മെഡിക്കൽ സംഘം എത്തുംവരെ പിടിച്ചു നിൽക്കാൻ ഈ മരുന്നു മതി. ഇത്തരം 2388 ചെസ്റ്റുകളാണ് രാജ്യം മുഴുവനായുള്ളത്. 2015ൽ പറക്കും ജോലിയിൽനിന്നു വിരമിച്ചുവെങ്കിലും ന്യൂകാസിലിൽ ജനറൽ പ്രാക്ടീഷനറായി സേവനം തുടരുന്നു. ഇന്ത്യക്കാർക്ക് ധാരാളം അവസരമാണ് ഓസ്ട്രേലിയയിൽ. ഇന്ത്യയിലെ ഓസ്ട്രേലിയൻ സ്ഥാനപതിയായിരുന്ന പീറ്റർ എൻ. വർഗീസിലേക്കു വരെ നീളുന്നു ആ ബന്ധം. കെനിയ വഴി ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണ് പീറ്ററിന്റെ മാതാപിതാക്കളായ വർഗീസും അന്നമ്മയും. അവരുടെ വേരുകൾ മലയാളത്തിലാണ് – മല്ലപ്പള്ളി ഞുഴുമുറിയിൽ കുടുംബത്തിൽ.

dr-titus-flying-doctor-in-australia-file-pic
ഓസ്ട്രേലിയയിൽ ഫ്ലൈയിങ് ഡോക്ടറായി പോകുന്നതിനു മുൻപ് ഡോ. ടൈറ്റസും പൈലറ്റും സഹായിയും വിമാനത്തിനരികിൽ (ഫയൽ ചിത്രം)

∙ വിജന മരുഭൂമി; ജനം മുഴുവൻ കടലോരത്ത്

ഇന്ത്യയുടെ ഇരട്ടിയിലധികം വലുപ്പം. പക്ഷെ കേരളത്തിന്റെയത്രപോലുമില്ല ജനസംഖ്യ (2.5 കോടി). ഏഴു ഭൂഖണ്ഡങ്ങളിൽ വച്ച് ഏറ്റവും ചെറുത്. വൻകരയായതിനാൽ ദ്വീപെന്നു വിളിക്കാനുമാവില്ല. കടലോരത്തോടു ചേർന്ന് ജനസംഖ്യയുടെ 90 ശതമാനവും കഴിയുന്നു. ഭൂവിസ്തൃതിയുടെ 10 ശതമാനം സ്ഥലത്തു മാത്രമാണ് ഓസ്ട്രേലിയയിൽ ജനവാസമുള്ളത്.

വനവും മരുഭൂമിയും എല്ലാം കൂടിക്കലർന്ന ഇത്തരം വിദൂര സ്ഥലങ്ങളിൽ അങ്ങിങ്ങായി താമസിക്കുന്ന സ്വർണഖനിത്തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന ആദിമ ജനതയോടുള്ള ബഹുമാനത്തിൽനിന്ന് ഏകദേശം 93 വർഷം മുൻപ് റവ. ജോൺ ഫ്ലിൻ എന്ന വൈദികനാണ് വിദൂര വൈദ്യസഹായത്തിനു തുടക്കമിടുന്നത്.

ഇന്ന് വിമാനങ്ങൾക്കു പുറമെ ആംബുലൻസുകളും ആശുപത്രികളും 2,000 എയർസ്ട്രിപ്പുകളുമുണ്ട്  ഫ്ലെയിങ് ഡോക്ടർ സംഘടനയ്ക്ക്. 2020 ൽ മാത്രം 37,666 ഗുരുതര രോഗികളെ വിമാനത്തിലെത്തി ജീവിതത്തിന്റെ വിഹായസിലേക്കുയർത്തി. മാനസിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടെ ശരാശരി 1000 കേസുകൾ ദിവസവും എത്തും. 

∙ കോവിഡിനെ ചെറുത്ത ലോക മാതൃക

കോവിഡ് രോഗികളുമായും പലതവണ ഫ്ലെയിങ് ഡോക്ടർ വിമാനങ്ങൾ പറന്നുയർന്നു. 25 ശതമാനം പേർക്കും വാക്സീൻ നൽകി. പലയിടത്തും വിമാനത്തിലെത്തിയായിരുന്നു കുത്തിവയ്പ്. അതിർത്തികളിലെ കർശന പരിശോധനയിലൂടെ കോവിഡ് ചെറുക്കാനായെന്നും ഡോക്ടർ പറയുന്നു.

ഞായറാഴ്ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിലെ ആകെ കോവിഡ് മരണം 910 മാത്രം. രാജ്യത്തിന്റെ വരുമാനം മുഴുവൻ വിദൂര ഗ്രാമങ്ങളിൽ നിന്നായതിനാൽ സർക്കാരും നല്ല തുക ഇതിനായി കൈമാറുന്നു. 65 സ്വർണഖനികളിൽ നിന്നായി പ്രതിവർഷം 350 ടൺ സ്വർണമാണ് ഓസ്ട്രേലിയ ഉൽപാദിപ്പിക്കുന്നത്. സ്വർണ ഉൽപാദനത്തിൽ രണ്ടാം സ്ഥാനം. പെട്രോളും ഇരുമ്പും ഇതിനു പുറമെ. 

royal-flying-doctor-service-chest
എമർജൻസി ഡോക്ടർ സർവീസിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ വിദൂര ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മെഡിസിൻ ചെസ്റ്റ്

∙ ജീവിതം എന്ന കുതിപ്പും കിതപ്പും

1969 ലെ പത്താം ക്ലാസ് പരീക്ഷയിൽ മാർക്കു കുറഞ്ഞപ്പോൾ കോഴഞ്ചേരിയിൽനിന്നു റാന്നിയിലേക്കു താമസം മാറ്റിയ പിതാവ് ഏബ്രഹാമും മാതാവ് ശോശാമ്മയുമായിരുന്നു ഡോ. ടൈറ്റസിന്റെ പ്രചോദനം. റാന്നി കോളജിൽ  ബിഎസ്‌സിക്കു പഠിക്കുമ്പോൾ മാതാവിന്റെ വേർപാട്. പ്രീഡിഗ്രി, ഡിഗ്രി മാർക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു (33:67 അനുപാതം) അന്ന് എംബിബിഎസിനും മറ്റും പ്രവേശനം. ആകെ സീറ്റ് 460.

ബിഎസ്‌സി മാർക്കിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു. അനസ്തീസിയ, കുട്ടികളുടെ ചികിത്സ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നേടി കേരളത്തിലെ മെഡിക്കൽ കോളജുകളിലും തിരുവല്ലയിലെയും ഒമാനിലെയും ആശുപത്രികളിലും സേവനം ചെയ്തു. ഓസ്ട്രേലിയയ്ക്കു പോകുന്നതിനിടെ  52–ാം വയസ്സിൽ (2005) കോട്ടയം എംജി സർവകലാശാലയിൽനിന്നു എംഫിൽ നേടി.

പറക്കൽ ജോലിക്കിടെ 55–ാം വയസ്സിൽ റോയൽ ഓസ്ട്രേലിയൻ കോളജ് ഓഫ് ജനറൽ പ്രാക്ടീസ് ഫെലോഷിപ്പിലൂടെ രണ്ടു വർഷത്തെ കുടുംബ ഡോക്ടർ പരിശീലനം. ശരാശരി ഐക്യൂ ഉള്ളവർക്കും സേവനവഴിയിൽ  ഉയരങ്ങൾ നേടാമെന്നതിന് ഉദാഹരണമാണ് തന്റെ ജീവിതമെന്നു ഡോ. ടൈറ്റസ് പറയുന്നു. 

English Summary: The story of Royal Flying Doctor Service and Dr Titus Mazhavancheryil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com