ADVERTISEMENT

ബെംഗളൂരു ∙ തമിഴ്നാട് മുൻ മന്ത്രി എം.മണികണ്ഠൻ പീഡനക്കേസിൽ ബെംഗളൂരുവിൽ അറസ്റ്റിൽ. ഇന്ത്യന്‍ വംശജയായ മലേഷ്യൻ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അണ്ണാ ഡിഎംകെ സർക്കാരിൽ മന്ത്രിയായിരുന്ന മണികണ്ഠനെ അറസ്റ്റ് ചെയ്തത്. മണികണ്ഠൻ ചതിച്ചതായി കഴിഞ്ഞ മാസം യുവതി പരാതി നൽകിയിരുന്നു. പീഡനം, അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തൽ, മുറിവേൽപ്പിക്കൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അഡയാർ വനിതാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസ് വന്നതോടെ മുങ്ങിയ മണികണ്ഠനെ കണ്ടെത്താൻ രണ്ട് അന്വേഷണ സംഘങ്ങൾ തിരച്ചിൽ നടത്തിവരികയായിരുന്നു. ജൂൺ ആദ്യം മുൻകൂർ ജാമ്യത്തിനായി ഇയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജാമ്യം ലഭിച്ചില്ല. 36 വയസ്സുകാരിയായ നടിയുമായി മുൻ മന്ത്രി വർഷങ്ങളായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നുവെന്നാണു പരാതിയിലുള്ളത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി മൂന്ന് തവണ ഗർഭിണിയാക്കി. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചു.

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മലേഷ്യയിലെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2017ലാണ് മണികണ്ഠൻ പരാതിക്കാരിയുമായി പരിചയത്തിലാകുന്നത്. അന്ന് മണികണ്ഠൻ ഐടി മന്ത്രിയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ മന്ത്രി വിവാഹ അഭ്യർഥന നടത്തി. ഈ സമയത്ത് മണികണ്ഠൻ വിവാഹിതനായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണു മന്ത്രി ഗർഭഛിദ്രം നടത്തിച്ചത്. പീഡനത്തിനിരയായ സ്ത്രീ ഏതാനും തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

മലേഷ്യയിലേക്കു തിരിച്ചുപോയില്ലെങ്കിൽ നടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലിടുമെന്നും മന്ത്രി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണു മന്ത്രിയുടെ വാദം. പരാതിക്കാരിയെ അറിയില്ലെന്ന് ഒരു പ്രാദേശിക മാധ്യമത്തോടു മണികണ്ഠൻ പറഞ്ഞു. സംഭവത്തിൽ ഗൂഢാഡാലോചനയുണ്ടെന്നും പണം തട്ടിയെടുക്കുകയാണു ലക്ഷ്യമെന്നും മണികണ്ഠൻ പറയുന്നു.

തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നുള്ള എംഎൽഎയായിരുന്നു മണികണ്ഠൻ. 2019 വരെ മന്ത്രിയായി തുടർന്നു. നേരത്തേ ചോദ്യം ചെയ്യാനായി ഇയാളെ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല. മധുര, രാമനാഥപുരം എന്നിവിടങ്ങളിലാണ് മണികണ്ഠനെ പിടികൂടുന്നതിന് പൊലീസ് ആദ്യം തിരച്ചിൽ നടത്തിയത്. അവിടെനിന്ന് കിട്ടിയത് ഡ്രൈവറെയും സഹായിയെയും മാത്രം. പ്രതിയുടെ ഭീഷണി സന്ദേശങ്ങളടങ്ങിയ വാട്സാപ് ചാറ്റുകളടക്കം നടി മാധ്യമങ്ങൾക്കു നൽകിയിരുന്നു. തുടർന്നാണു പൊലീസ് ബെംഗളൂരുവിൽ എത്തിയത്.

English Summary: Former AIADMK Minister Manikandan arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com