ADVERTISEMENT

കൊല്ലം ∙ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുണ്ടായ വാക്പോരിൽ പക്ഷം ചേർന്ന് എൻ.കെ പ്രേമചന്ദ്രൻ എംപിയും. വിയോജിപ്പിന്റെ രാഷ്ട്രീയത്തെ ഏതു വിധേനയും ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ ഫാഷിസത്തിന്റെ മുഖമാണു മുഖ്യമന്ത്രിക്കെന്നു കെപിസിസി പ്രസിഡന്റ് ഉറക്കെ വിളിച്ചുപറഞ്ഞ ഈ സംവാദം കാലത്തിന്‍റെ നിയോഗമാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായി പ്രേമചന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചു. കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയുടെ നെഞ്ചത്തു കാലമർത്തി നിന്നായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രത്യേക ‘ആക്‌ഷൻ’ എന്നു പറയാതെ തരമില്ല. പിആര്‍ മാനേജ്മെന്‍റിലൂടെ കരുതലിന്‍റെ കാവലാള്‍ എന്ന നിലയില്‍ പുതുതലമുറയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്ന ഊതിവീര്‍പ്പിച്ച കൃത്രിമ ഇമേജാണു കേരളത്തില്‍ തകര്‍ന്നു വീണത്– അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻ.കെ.പ്രേമചന്ദ്രന്റെ കുറിപ്പ് വായിക്കാം:

പറയാതെ വയ്യ…

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും തമ്മില്‍ നടക്കുന്ന വാക്പോരിന് വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറത്ത് ഗൗരവതരമായ രാഷ്ട്രീയ മാനങ്ങളുണ്ട് എന്നാണ് എന്റെ വിശ്വാസം. വിയോജിപ്പിന്റെ രാഷ്ട്രീയത്തെ ഏതു വിധേനയും ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ ഫാഷിസത്തിന്റെ മുഖമാണു മുഖ്യമന്ത്രിക്കെന്നു കെപിസിസി പ്രസിഡന്റ് ഉറക്കെ വിളിച്ചുപറഞ്ഞ ഈ സംവാദം കാലത്തിന്‍റെ നിയോഗം തന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

തുടര്‍ഭരണം നേടി, ചരിത്രത്തില്‍ ഇടംനേടി, അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, കോവിഡ് പ്ലാറ്റ്ഫോം ഉപയോഗിച്ച് നടത്തിയ വിവാദ വാര്‍ത്താസമ്മേളനം കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. ക്യാംപസ് രാഷ്ട്രീയത്തില്‍ താന്‍ നടത്തിയ അക്രമോല്‍സുക സംഭവങ്ങള്‍ വീരസാഹസിക ചരിത്രമായി 28 മിനിറ്റ് സമയം എടുത്ത് വിശദീകരിക്കുന്ന മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തി. മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയുടെ നിലവാരത്തകര്‍ച്ച നാടിന്‍റെ പ്രതീക്ഷകളെ വല്ലാതെ തകിടം മറിച്ചു. കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയുടെ നെഞ്ചത്തു കാലമർത്തി നിന്നായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രത്യേക ‘ആക്‌ഷൻ’ എന്നു പറയാതെ തരമില്ല.

K. Sudhakaran, Pinarayi Vijayan

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മുഖ്യമന്ത്രിക്കു നൽകിയ മറുപടിയിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയത്തില്‍ ക്രിമിനല്‍വല്‍ക്കരണത്തിന്‍റെ ആഴം ബോധ്യപ്പെടുത്തുന്നു. തുടര്‍ന്നു പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ ഷാജി നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സാക്ഷിയെ മരവിപ്പിച്ചു. എതിർ ശബ്ദങ്ങൾ ഉന്നയിക്കുന്നവരെ അധികാര രാഷ്ട്രീയത്തിനായി ഊരുവിലക്കിയും അരുംകൊല ചെയ്തും ഭയവിഹ്വലമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചു നേടുന്ന രാഷ്ട്രീയ മേൽക്കോയ്മയാണു യഥാർഥ ഫാഷിസം. കൊല്ലപ്പെടുന്നവരുടെ ശവസംസ്കാരത്തിനു വൈദ്യുതിയും പെട്രോമാക്സും വിലക്കിയും, ഉന്മൂലന സിദ്ധാന്തത്തിലുടെ അധീശത്വം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന ഈ ഫാഷിസ്റ്റ് രാഷ്ട്രീയം നാടിനാപത്താണ്.

അത്തരമൊരു രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ലഭിക്കുമ്പോള്‍ ആശങ്കയുടെ ആഴം വല്ലാതെ വർധിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കായികമായി ഉന്മൂലനം ചെയ്യുന്നതിനുളള ക്രിമിനല്‍ ആക്‌ഷനുകളില്‍ നേരിട്ടു പങ്കാളിയായ ഒരാള്‍ പാര്‍ട്ടിയെയും ഭരണത്തെയും കൈവെള്ളയിലൊതുക്കി സഹപ്രവര്‍ത്തകരായ കഴിവുള്ള മുഴുവന്‍ നേതാക്കളെയും അപ്രസക്തരാക്കി ഏകഛത്രാധിപതിയായി അധികാരത്തില്‍ തുടരുന്നുവെന്ന അത്യന്തം ആപത്കരമായ രാഷ്ട്രീയമാണ് കെ.സുധാകരന്‍റെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിയുന്നത്.

pinarayi-sudhakaran

സുസംഘടിതമായ പിആര്‍ മാനേജ്മെന്‍റിലൂടെ കരുതലിന്‍റെ കാവലാള്‍ എന്ന നിലയില്‍ പുതുതലമുറയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്ന ഊതിവീര്‍പ്പിച്ച കൃത്രിമ ഇമേജാണു കേരളത്തില്‍ തകര്‍ന്നു വീണത്. വര്‍ഗതാൽപര്യങ്ങളെ തമസ്കരിച്ചു മൂലധന ശക്തികളുടെ തോളിൽ കയ്യിട്ടു നടത്തിയ പ്രവര്‍ത്തനത്തിലൂടെ ആർജിച്ച പാര്‍ട്ടി എസ്റ്റാബ്ലിഷ്മെന്‍റുകളും ശതകോടികളുടെ സമ്പത്തും അതു നല്‍കുന്ന ആര്‍ഭാടജീവിതവും അതിവിദൂരമല്ലാത്ത ഭാവിയില്‍ ജനാധിപത്യ പുരോഗമന മനസ്സുകള്‍ തിരിച്ചറിയും. ആ ദൗത്യത്തിനു തുടക്കം കുറിക്കുന്നതാണു പുതിയ കെപിസിസി പ്രസിഡന്‍റിന്‍റെ ഇടപെടല്‍.

എൻ.കെ.പ്രേമചന്ദ്രൻ എംപി

English Summary: NK Premachandran against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com