ADVERTISEMENT

കൊച്ചി ∙ ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജിനെയും തന്നെയും യുട്യൂബ് ചാനൽവഴി വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ജോർജിന്റെ ഭാര്യ സെൽമ മുഖ്യമന്ത്രിക്കു പരാതി നൽകി. നടപടിക്കായി പരാതി മുഖ്യമന്ത്രി പൊലീസിനു കൈമാറി. അതിനിടെ, സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ശാന്തിവിള ദിനേശിന് കാരണം കാണിക്കൽ നോട്ടിസ് നൽകി.

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രതിഭ എന്നതിനൊപ്പം കെ.ജി.ജോർജ് ദുർനടപ്പുകാരനുമാണ് എന്നായിരുന്നു ശാന്തിവിള ദിനേശിന്റെ വിവാദ പരാമർശം. ഇലവങ്കോട് ദേശത്തിനു ശേഷം ജോർജിന്റെ സിനിമാജീവിതം അവസാനിച്ചത് ഈ ദുർനടപ്പു കാരണമാണെന്നും ജോർജിനെ കുടുംബാംഗങ്ങൾ ഇപ്പോൾ വൃദ്ധസദനത്തിൽ തള്ളിയിരിക്കുകയാണെന്നും സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ദിനേശ് ആരോപിച്ചത്.

ഇതിനെതിരെയാണ് സെൽമ ജോർജിന്റെ പരാതി. ഫിസിയോതെറപ്പി അടക്കം ആവശ്യമുള്ളതിനാലാണ് ചികിൽസ ലഭിക്കുന്നയിടത്തേക്ക് ജോർജിനെ മാറ്റിയത്. ജോർജിനോട് അന്വേഷിച്ചാൽ സത്യാവസ്ഥ ബോധ്യപ്പെടും. ഇതേക്കുറിച്ച് പറയാൻ ശാന്തിവിള ദിനേശിന് എന്ത് അവകാശമെന്നും സെൽമ ചോദിക്കുന്നു.

സെൽമയ്ക്ക് ജോർജിന്റെ ഭാര്യയാകാൻ യോഗ്യതയില്ലെന്ന ദിനേശിന്റെ പരാമർശവും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പരാതിയിൽ പൊലീസ് നടപടി തുടങ്ങി. ഇതിന് പിന്നാലെയാണ് സെൽമയുടെതന്നെ പരാതിയിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ദിനേശിനു നോട്ടിസ് അയച്ചതും.

English Summary: Complaint against director Santhivila Dinesh over his allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com