ADVERTISEMENT

കൊച്ചി ∙ സ്വർണം, ഡോളർ കടത്തു കേസുകൾ അന്വേഷിക്കുന്ന വിവിധ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്നതിനു ജു‍ഡീഷ്യൽ കമ്മിഷൻ രൂപീകരിച്ചതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ. ജുഡീഷ്യൽ കമ്മിഷന്റെ നിയമനം അസാധുവാക്കണമെന്ന ആവശ്യമാണ് ഇഡി കോടതിയിൽ ഉയർത്തിയിരിക്കുന്നത്. ഇത്തരത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല എന്നാണ് ചൂണ്ടിക്കാട്ടുന്നത്

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അദ്ദേഹത്തിന്റെ ഓഫിസിന്റെ പങ്കുമാണ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തന്നെ അന്വേഷണം പ്രഖ്യാപിച്ച് കമ്മിഷനെ നിയമിച്ചത് സ്വന്തം പദവിയുടെ ദുരുപയോഗമാണ്. ഇഡി അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും ഇഡി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പേരുകൾ ഉൾപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ഗൂഢാലോചന നടത്തിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കുന്നത്. ഹൈക്കോടതി മുൻ ജഡ്ജി വി. കെ.മോഹനനെയാണ് കമ്മിഷനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. മേയ് ഏഴിന് ഇതുപ്രകാരം വിജ്ഞാപനം ഇറക്കുകയും ജൂൺ 11 മുതൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് തെളിവെടുപ്പിനു പത്രപ്പരസ്യം നൽകിയതോടെയാണ് ഇഡി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേരു പരാമർശിക്കുന്നതിനായി നിർബന്ധിച്ചെന്ന് സ്വപ്ന സുരേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മറ്റൊരു പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേരു വെളിപ്പെടുത്താൻ നിർബന്ധിച്ചെന്നു കാണിച്ച് കോടതിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സർക്കാർ അന്വേഷണത്തിന്റെ വസ്തുതകൾ പരിശോധിക്കുന്നതിനായി ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്. എന്നാൽ ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം സ്വർണക്കടത്തു കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടാണ് ഇഡിക്കുള്ളത്.

English Summary: Enfoecement Directorate asks High Court to freeze judicial commision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com