ADVERTISEMENT

ന്യൂഡല്‍ഹി∙ ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയത്തിനു ശേഷം നിയമസഭ തിരഞ്ഞെടുപ്പ് വൈകാതെ നടക്കും. ഉചിതമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് സർവകക്ഷിയോഗത്തിൽ അമിത് ഷാ പറഞ്ഞു. പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കണമെന്ന് കശ്മീരിലെ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായില്ല. 

സർവകക്ഷി യോഗത്തിൽ പങ്കെടുത്ത എല്ലാവരും ജനാധിപത്യത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചമുള്ള പ്രതിബന്ധത അറിയിച്ചു. ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയകൾ ശക്തിപ്പെടുത്താനും നിർദേശിച്ചതായി അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ സമഗ്ര വികസനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ അറിയിച്ചു. 

നാല് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളില്‍നിന്ന് 14 നേതാക്കളാണ് പങ്കെടുത്തത്. 2018ല്‍ മെഹബൂബ മുഫ്തി സര്‍ക്കാരിനു ബിജെപി പിന്തുണ പിന്‍വലിച്ചതിനു ശേഷം രാഷ്ട്രപതി ഭരണത്തില്‍ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. 

ജമ്മു കശ്മീര്‍ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിനു ശേഷം ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മണ്ഡല പുനര്‍ നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നാണു സൂചന. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഭീകരപ്രവര്‍ത്തനം മന്ദഗതിയിലായെന്നും രാഷ്ട്രീയ പ്രക്രിയ ആരംഭിക്കാനുള്ള സമയമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനസ്ഥാപിക്കണമെന്ന ആവശ്യം യോഗത്തില്‍ ആവര്‍ത്തിച്ചുവെന്ന് മെഹബൂബ മുഫ്തിയുടെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെയും നേതൃത്വത്തില്‍ ഏഴ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം പറഞ്ഞു. കോണ്‍ഗ്രസും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ജനാധിപത്യം പുനസ്ഥാപിക്കുന്നതിനു നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക, ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങൾക്കൊപ്പം സ്ഥിരവാസം സംബന്ധിച്ചും കോൺഗ്രസ് യോഗത്തിൽ പറഞ്ഞു.

2019ല്‍ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രം മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കളെ തടവിലാക്കിയിരുന്നു. തുടര്‍ന്ന്‌ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുപ്കര്‍ സഖ്യം നൂറിലേറെ സീറ്റ് നേടി. 74 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു.

English Summary: Delimitation has to happen at quick pace so that polls can take place, says PM Modi after all-party meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com