ADVERTISEMENT

കോഴിക്കോട്∙ മരംവെട്ടു കേസിൽ ജൈവ വൈവിധ്യ നിയമത്തിന്റെ നിർണായക വകുപ്പു കൂടി ചേർക്കാൻ വനം വകുപ്പ് തീരുമാനിക്കുമ്പോൾ ലക്ഷ്യം കർഷക സംരക്ഷണവും ‘മരം മാഫിയ’യെ തളയ്ക്കലും. 1993ലെ വന സംരക്ഷണ നിയമംവച്ച് വനം വകുപ്പിന്റെ കേസിൽ പരമാവധി 100 രൂപ പിഴയും 6 മാസം തടവും മാത്രം ശിക്ഷയാണ് ബയോ ഡൈവേഴ്സിറ്റി ആക്ടിലെ വകുപ്പുകൾ കൂടി ചേർക്കുമ്പോൾ 3 വർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വരുന്നത്. മരത്തിന്റെ യഥാർഥ അവകാശികളായ പട്ടയ ഉടമകൾക്കും കർഷകർക്കും ആദിവാസികൾക്കും സംരക്ഷണവും ജൈവ വൈവിധ്യ നിയമപ്രകാരം ലഭിക്കുന്നുണ്ട്. 

ജൈവ വൈവിധ്യ നിയമത്തിലെ 7, 55 വകുപ്പുകളായിരിക്കും ചുമത്തുക. അവ ഇങ്ങനെ: ജൈവ വിഭവങ്ങൾ സ്വായത്തമാക്കുന്നതിന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് മുൻകൂട്ടി അറിയിപ്പു കൊടുക്കണം. വ്യക്തിയോ, കോർപറേറ്റ് ബോ‍ഡിയോ, സംഘമോ, സംഘടനയോ, വാണിജ്യപരമായ ഉപയോഗത്തിനോ, ജൈവ വ്യാപ്തി നിർണയത്തിനോ, ജൈവ ഉപയോഗത്തിനോ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് മുൻകൂട്ടി അറിയിപ്പു കൊടുക്കാതെ, ഒരു ജൈവ വിഭവവും കൈവശപ്പെടുത്തരുത്. 

ഈ വ്യവസ്ഥകൾ, തദ്ദേശവാസികൾ, സമൂഹങ്ങൾ, ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കുന്നവർ, പരമ്പരാഗതമായി ജൈവ വൈവിധ്യം നാട്ടുവൈദ്യത്തിൽ ഉപയോഗിച്ചു വരുന്ന വൈദ്യന്മാർ, ഹക്കീമുകൾ, ഉൾപ്പെടെയുള്ളവർക്ക് ബാധകമല്ല. ഇതു ലംഘിക്കുന്നവർക്ക് പരമാവധി മൂന്നു വർഷം തടവും 5 ലക്ഷം രൂപ പിഴയും വിധിക്കും. 

2002 ൽ ജൈവ വൈവിധ്യ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഈ നിയമം ഉപയോഗിച്ച് കേസെടുക്കാനുള്ള അധികാരം വനം റേഞ്ച് ഓഫിസർമാർക്ക് ലഭിച്ചത് 2016 മുതലാണ്. തദ്ദേശവാസികളെ ആക്ടിൽനിന്ന് ഒഴിവാക്കിയിരിക്കുന്നതിനാൽതന്നെ കേസിൽ ‘സംഘം ചേർന്ന് മരം കൊള്ളയ്ക്ക് ചുക്കാൻ പിടിച്ചവർ മാത്രമായിരിക്കും പ്രതിസ്ഥാനത്ത്.  

മരം മുറി കേസുകളിൽ വനം വകുപ്പിന് ചുമത്താൻ സാധിക്കുന്ന വകുപ്പുകൾ വളരെ ദുർബലമാണ്. വയനാട്ടിൽ ചുമത്തിയ 43 കേസുകളിൽ ഒ.ആർ. ഒന്ന്, 41 കേസുകൾ മാത്രമാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം എടുത്തിരുന്നത്. മറ്റ് കേസുകളിൽ എല്ലാം പരമാവധി നൂറു രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ. ഈ സ്ഥാനത്താണ് കൂടുതൽ ശക്തമായ വകുപ്പകൾ വനം വകുപ്പ് ചുമത്തുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയധികം കേസുകളിൽ ജൈവ വൈവിധ്യ നിയമം ചുമത്തുന്നത്. 

ഭൂമി ഉടമകളെ കബളിപ്പിച്ചു കൊണ്ടാണ് പലയിടത്തും മരംമുറി അരങ്ങേറിയിരിക്കുന്നത്. ലക്ഷങ്ങൾ വില കിട്ടുമെന്ന് ഉറപ്പുള്ള തേക്ക്, ഈട്ടി മരങ്ങൾ തുച്ഛമായ വിലയ്ക്കാണ് മരംകൊള്ള സംഘം വില പേശി വാങ്ങിയിരിക്കുന്നത്. ഇടനിലക്കാർ സംഘം ചേർന്ന് ഇതു വെട്ടിക്കടത്തുകയായിരുന്നു. വാണിജ്യപരമായ ആവശ്യങ്ങൾക്കാണ് മരം ഉപയോഗിച്ചിരിക്കുന്നതും. 

English Summary : Bio diversity law against tree mafia,protecting farmers interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT