ADVERTISEMENT

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ഭീമ – കൊറേഗാവ് കേസിൽ തടവിലാക്കപ്പെട്ട അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് അന്തരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പോസ്റ്റു ചെയ്യുന്നുണ്ട്.

കുറിപ്പുകൾക്കൊപ്പം ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന ഒരു ചിത്രം, ആശുപത്രി കിടക്കയിൽ കാൽ ചങ്ങല കൊണ്ടു ബന്ധിച്ച, ഓക്സിജൻ മാസ്ക് വച്ച വയോധികനായ ഒരാളുടേതാണ്. എന്നാൽ, ആ ചിത്രം ഫാ. സ്റ്റാൻ സ്വാമിയുടേതല്ല. ഇതറിയാതെ, നൂറു കണക്കിനു പേർ എല്ലാ സമൂഹമാധ്യമങ്ങളിലും ഈ ചിത്രം ഷെയർ ചെയ്യുന്നുണ്ട്.

ചിത്രത്തിലുള്ളത്, ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലുള്ള ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയിൽ കഴിയുന്ന ഒരു കൊലപാതകക്കേസ് പ്രതിയുടേതാണ്. ബാബുറാം ബൽവാൻ സിങ് എന്ന ഈ 92 വയസ്സുകാരന്റെ ചിത്രം ഇക്കഴിഞ്ഞ മേയിൽ ദേശീയ തലത്തിൽ വലിയ ചർച്ചയായതാണ്. വയോധികനായ പ്രതിയെ ചങ്ങലക്കിട്ടതിന്റെ പേരിൽ ജയിൽ വാർഡനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അടക്കം പ്രശ്നത്തിൽ ഇടപെട്ടു.

ഫാ. സ്റ്റാൻ സ്വാമി (ഫയൽ ചിത്രം)
ഫാ. സ്റ്റാൻ സ്വാമി

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ബാബുറാം കഴിഞ്ഞ ഫെബ്രുവരി മുതൽ ആശുപത്രിയിലായിരുന്നു. കോവിഡ് ബാധിതനും. ബാബുറാമിന്റെ ചിത്രം പുറത്തുവന്നതും തുടർനടപടികളും ദേശീയ വാർത്താ ഏജൻസികളും മാധ്യമങ്ങളും അപ്പോൾതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. നിർഭാഗ്യവശാൽ, ആ ചിത്രമാണ് ഫാ. സ്റ്റാൻ സ്വാമിയുടേതെന്ന പേരിൽ തിങ്കളാഴ്ച ഉച്ച മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രമുഖരായ എഴുത്തുകാരും മാധ്യമപ്രവർത്തകരും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിലെ വ്യക്തിയുടെ പ്രായവും രൂപസാദൃശ്യവുമാണ് അതു ഫാ. സ്റ്റാൻ സ്വാമിയുടേതാണെന്നു സംശയിക്കാൻ കാരണം. ഇത്തരം ചിത്രങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ഇന്റർനെറ്റിൽ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ഫോട്ടോ സെർച്ച് ചെയ്താൽ യഥാർഥ വിവരം കിട്ടും. ഗൂഗിൾ, യാഹൂ, യാൻഡെക്സ്, ബിങ് തുടങ്ങി ഒട്ടേറെ സെർച്ച് എൻജിനുകളിൽ റിവേഴ്സ് ഇമേജ് സെർച്ച് ഓപ്ഷൻ ലഭ്യമാണ്.

Content Highlights: Fr.Stan Swamy, Baburam Balwan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com