ADVERTISEMENT

മധ്യപ്രദേശിനെ ബിജെപിയുടെ കൈകളിൽ തിരികെ എത്തിച്ചതിന് പ്രത്യുപകാരം – ഗ്വാളിയർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യയുടെ കേന്ദ്രമന്ത്രി പദവിയെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കിട്ടിയ വകുപ്പ് വ്യോമയാനം – ഇതും സിന്ധ്യയെ സംബന്ധിച്ചു പ്രധാനമാണ്. 30 വർഷം മുൻപ്, നരസിംഹറാവു സർക്കാരിൽ പിതാവ് മാധവറാവു സിന്ധ്യ കൈകാര്യം ചെയ്തിരുന്നതും വ്യോമയാനം തന്നെയായിരുന്നു. 1991–1993 കാലത്താണ് അച്ഛൻ സിന്ധ്യ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്.

അച്ഛന്റെ കാലഘട്ടം നേരിട്ട വെല്ലുവിളികൾ ഉദാരവത്കരണത്തിന്റേതായിരുന്നുവെങ്കിൽ മകനെ മന്ത്രിപദവി തേടിയെത്തിയത് കോവിഡ് മഹാമാരിയിൽ വ്യോമയാന രംഗം തളർന്നുനിൽക്കുമ്പോഴാണ്. 2021 ജനുവരി – ഏപ്രിൽ കാലത്ത് 291 ലക്ഷം പേരാണ് ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിച്ചത്. എന്നാൽ 2020 ൽ ഇതേ കാലയളവിൽ 329 ലക്ഷം പേരായിരുന്നു ഈ സേവനം തിരഞ്ഞെടുത്തത്. ഈ വർഷമുണ്ടായ ഇടിവ് 11.65 %. മാത്രമല്ല, എയർ ഇന്ത്യയുടെ വിൽപന ഉൾപ്പെടെയുള്ള കാര്യങ്ങളും മകൻ സിന്ധ്യയുടെ ചുമലിലേക്കു വരുന്നു.

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയേൽക്കുന്നതിനു മുൻപും അച്ഛനും മകനും കേന്ദ്രമന്ത്രിമാരായിരുന്നു. 1986 മുതൽ 89 വരെ രാജീവ് ഗാന്ധി സർക്കാരിൽ മാധവറാവു റയിൽവേ മന്ത്രിയായിരുന്നപ്പോൾ, ഒന്നാം മൻമോഹൻ സിങ് സർക്കാരിൽ കമ്യൂണിക്കേഷൻ, ഐടി മന്ത്രിയും രണ്ടാം മൻമോഹൻ സിങ് സർക്കാരിൽ ഊർജ സഹമന്ത്രിയുമായിരുന്നു ജ്യോതിരാദിത്യ.

രണ്ടാം മോദി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യ. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. (Image Credit - PIB)
രണ്ടാം മോദി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യ. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. (Image Credit - PIB)

ജനസംഘത്തിൽനിന്ന് കോൺഗ്രസിലേക്ക്, പിന്നീട് ബിജെപിയിലേക്ക്

കോൺഗ്രസിൽ ചേരുന്നതിനു മുൻപ്, ബിജെപിയുടെ മുൻഗാമിയായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്നു മാധവറാവു. അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് കോൺഗ്രസിൽ എത്തിയത്. ഗാന്ധി കുടുംബവുമായുള്ള തർക്കമാണ് കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്കു ചേക്കേറാൻ ജ്യോതിരാദിത്യയെ പ്രേരിപ്പിച്ചത്.

2001 സെപ്റ്റംബറിൽ പിതാവിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്നാണ് ജ്യോതിരാദിത്യ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. തുടർന്ന് 20 വർഷത്തോളം കോൺഗ്രസിന്റെ മധ്യപ്രദേശിലെ ശക്തനായ നേതാവായി തുടർന്നു. എന്നാൽ സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ഹൈക്കമാൻഡ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ നേതൃത്വവുമായി ഇടഞ്ഞു. പലവട്ടം വിളക്കിച്ചേർക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചെങ്കിലും കണ്ണികൾ അയഞ്ഞുതന്നെ കിടന്നു. ഒടുക്കം 2020 മാർച്ച് 10ന് പിതാവിന്റെ ജന്മവാർഷികത്തിൽ സിന്ധ്യ ചുവടുമാറി ബിജെപി പാളയത്തിലെത്തി.

20 വർഷത്തോളമായ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രമകരമായ ഒരു വർഷമാണ് സിന്ധ്യയെ കടന്നുപോയത്. പതിനഞ്ചാം ലോക്സഭയിലെ അംഗമായിരുന്ന സിന്ധ്യ ഗുണ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. എന്നാൽ ബിജെപിയിൽ എത്തിയതിനു പിന്നാലെ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തനിക്കൊപ്പം നിൽക്കുന്ന ഒരു വിഭാഗം എംഎൽഎമാരുമായി മറുകണ്ടം ചാടി 15 മാസം പ്രായമായ കമൽനാഥ് സർക്കാരിനെ വീഴ്ത്തുകയും ബിജെപിക്ക് ഭരണത്തിന് അവസരം തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനു പ്രത്യുപകാരമായി മോദി സർക്കാർ രാജ്യസഭാംഗത്വം മാത്രം നൽകി ഒതുക്കിയെന്ന് ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ് ഉൾപ്പെടെയുള്ളവരിൽനിന്ന് ആക്ഷേപം കേൾക്കേണ്ടിയും വന്നു.

എല്ലാ പഴിചാരലുകൾക്കുമൊടുവിൽ ഇപ്പോൾ ഫലം കിട്ടി. കാത്തിരുന്ന മന്ത്രിസ്ഥാനം തേടിയെത്തി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽ ഇടംനേടിയ സിന്ധ്യയ്ക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രം – ‘ഇങ്ങനൊരു അവസരം നൽകിയ മുതിർന്ന നേതാക്കളോടു നന്ദി പറയുന്നു. അവർ എന്നോടു കാണിച്ച വിശ്വാസം കാത്തുസൂക്ഷിക്കും.’

English Summary: Jyotiraditya Scindia Gets Civil Aviation, Once Headed By His Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com