പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു

1248Baselius-Marthoma-Paulose-II-Catholicos
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
SHARE

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ ബാവായുടെ അന്ത്യം ഇന്നു പുലർച്ചെ 2.35ന് ആയിരുന്നു. പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. 2020 ജനുവരിയിൽ അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അർബുദചികിത്സ തുടരുകയായിരുന്നു.

13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3 ന് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

അശരണരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തുകയും അവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കുകയും ചെയ്ത ബാവാ മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു. സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകൾക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം.

IN PICTURES
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിദ്യാർഥിയായിരിക്കെ.
31
Show All
In pictures: IN PICTURES

തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തിൽ കൊള്ളന്നൂർ ഐപ്പിന്റെയും പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്. പഴഞ്ഞി ഗവ. ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദം നേടി. കോട്ടയം സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്ന അദ്ദേഹം തുടർന്ന് കോട്ടയം സിഎംഎസ് കോളജിൽനിന്ന് എംഎ പാസായി. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂൺ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു.

1982 ഡിസംബർ 28നു കൂടിയ മലങ്കര അസോസിയേഷൻ മേൽപട്ട സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ 1985 മേയ് 15നു മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി വാഴിച്ചു. തുടർന്ന് കുന്നംകുളം ഭദ്രാസനാധിപനായി. 2006 ഒക്‌ടോബർ 12ന് പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു. പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്‌ഥാനമൊഴിഞ്ഞതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്‌ത്യ കാതോലിക്കായായി സ്‌ഥാനാരോഹണം ചെയ്‌തു. 

baselios-marthoma-paulose-II-catholicos-01
കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം പരുമല ആശുപത്രിയിൽനിന്ന് പരുമല പള്ളിയിലേക്ക് കൊണ്ടുപോകുന്നു. ചിത്രം: നിഖിൽരാജ്∙മനോരമ

കബറടക്കം ചൊവ്വാഴ്ച

കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറടക്കം ചൊവ്വാഴ്ച കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍. ഇന്നു പുലർച്ചെ 2.35 നായിരുന്നു പരിശുദ്ധ ബാവാ കാലം ചെയ്തത്. രാവിലെ ആറിന് ഭൗതിക ശരീരം പരുമല പള്ളിയിലെത്തിക്കും. ഏഴിന് ഡോ. ഗീവർഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത കുർബാന അര്‍പ്പിക്കും. വൈകിട്ട് ഏഴ് വരെ പരുമല പള്ളിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.

ഏഴിന് വിടവാങ്ങല്‍ പ്രാർഥനയ്ക്കു ശേഷം എട്ടു മണിയോടെ കാവുംഭാഗം - മുത്തൂര്‍ - ചങ്ങനാശേരി വഴി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു വിലാപയാത്രയായി ഭൗതികശരീരം കൊണ്ടുപോകും. രാത്രി ഒൻപതോടെ ദേവലോകത്തെത്തിച്ച് അരമന ചാപ്പലില്‍ പ്രാർഥനയ്ക്കു ശേഷം പൊതുദര്‍ശനമുണ്ടാകും.

ചൊവ്വാ രാവിലെ ആറിന് കാതോലിക്കേറ്റ് അരമന ചാപ്പലിൽ കുര്‍ബാനയ്ക്കു ശേഷം എട്ടു മണിയോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി അരമന കോംപൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റും. കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്‍റെ ഭാഗമായ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകിട്ട് മൂന്നോടെ അരമന ചാപ്പലിന്‍റെ മദ്ബഹായിലേക്കു കൊണ്ടു വന്ന് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചു മണിയോടെ അരമന ചാപ്പലിനോടു ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്കാരം നടത്തും.

English Summary: Catholicos Baselios Marthoma Paulose II passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS