ADVERTISEMENT

കഷ്ടപ്പാടിൽ സ്ഫുടം ചെയ്തെടുത്ത വ്യക്തിത്വം– പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ഇങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു അദ്ദേഹം. ഭാരതത്തിലെ  പ്രധാനപ്പെട്ട ഒരു ക്രൈസ്തവസഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും അതിന്റെ പ്രൗഢിയോ സ്ഥാനപ്പെരുമയോ അദ്ദേഹത്തെ ബാധിച്ചില്ല. കുന്നംകുളത്തിനടുത്ത് സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് കഷ്ടപ്പാടിന്റെയും സാമ്പത്തിക പരാധീനതകളുടെയും രുചി അറിഞ്ഞാണ് അദ്ദേഹം വളർന്നു വന്നതുതന്നെ. 

 

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിദ്യാർഥിയായിരിക്കെ.
31
Show All

കാതോലിക്കാ സ്ഥാനത്തെത്തി ചെറിയ കാലത്തിനുള്ളിൽത്തന്നെ അശരണർക്കും വേദനിക്കുന്നവർക്കും സാന്ത്വനമാകുന്ന ഒരുപിടി പദ്ധതികൾ സഭാതലത്തിൽ നടപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നൂറുകോടിയിലേറെ രൂപ ചെലവാകുന്ന പരുമല കാൻസർ സെന്ററാണു സേവനപാതയിൽ അഭിമാനിക്കാവുന്ന വലിയൊരു കാൽവയ്പ്. ഇതിന്റെ ഉദ്ഘാടനമായിരുന്നു സപ്തതി വർഷത്തിലെ പ്രധാന പരിപാടി. ഒപ്പം, നിർധനരായ കാൻസർ രോഗികൾക്കുള്ള സൗജന്യ ചികിൽസാ സഹായ പദ്ധതി ‘സ്നേഹസ്പർശ’വും ആരംഭിച്ചു.

 

ഈ പദ്ധതിയുടെ ഉദ്ഘാടനത്തിനു സാക്ഷിയായത് കെ.എസ്. ചിത്ര എന്ന, ദക്ഷിണേന്ത്യയുടെ വാനമ്പാടിയായിരുന്നു. സ്വന്തം കയ്യിലെ വിലയേറിയ മോതിരം ആദ്യസംഭാവനയായി നൽ‍കിയാണ് ചിത്ര തുടക്കമിട്ടത്. കാതോലിക്കാ ബാവായുടെ ദീനാനുകമ്പയും പാവപ്പെട്ടവരോടുള്ള ആർദ്രതയും കണ്ടറിഞ്ഞ ചിത്രയും ഭർത്താവ് വിജയ ശങ്കറും സഹായത്തിനായി മുൻപന്തിയിൽത്തന്നെ നിന്നു. ധനസമാഹരണത്തിനായി ചിത്ര കോട്ടയത്തു സംഗീത പരിപാടി സൗജന്യമായി നടത്തി.

 

സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ചൂടേറിയ ചർച്ചകളും സംവാദങ്ങളും നടക്കുന്ന ഇക്കാലത്തു സ്ത്രീകളെ സഭാഭരണത്തിന്റെ വേദിയിലെത്തിച്ചതാണു പൗലോസ് ദ്വിതീയൻ ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രമുഖം. സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതിലൂടെ പള്ളി ഭരണത്തിലും അതുവഴി സഭാ ഭരണത്തിലും സ്ത്രീകൾ നിർണായക ശക്തിയായി മാറി.

 

പുതുതലമുറയ്ക്കും കുടുംബങ്ങൾക്കും വഴികാട്ടിയായി സഭയുടെ മാനവശേഷി വികസന വകുപ്പിന്റെ കീഴിൽ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി. മദ്യം, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെ ജാഗ്രതാ നിർദേശവുമായി ഒട്ടേറെ കർമപദ്ധതികളാണ് ഇടവകതലത്തിലും സഭാതലത്തിലും ഹ്യൂമൻ എംപവർമെന്റ് പരിപാടിയിലൂടെ നടപ്പാക്കിയത്. സൈബർ യുഗത്തിലെ അമിതാസക്തിക്കു നേരെ വിരൽചൂണ്ടുന്നതായി ദുഃഖവെള്ളിയാഴ്ചകളിലെ സൈബർ ഫാസ്റ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com