ADVERTISEMENT

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ ഒരു ഉൾനാടൻ ഗ്രാമമാണ് കുന്നംകുളം. ശുദ്ധഗ്രാമീണമായൊരു സംസ്കാരമുള്ള സ്ഥലം. കുന്നംകുളത്തിന്റെ എല്ലാ സ്വഭാവ സവിശേഷതകളുമുള്ള വ്യക്തിത്വമായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടേത്. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ആ സ്വഭാവത്തിന്റെ നൈർമല്യവും നിഷ്കളങ്കതയും അനുഭവിച്ചിട്ടുണ്ട്. അതേസമയം, ആത്മീയ ജീവിതത്തിന്റെ ഒരു പാഠപുസ്തകം കൂടിയായിരുന്നു ബാവാ.

വലിയ ഏച്ചുകെട്ടലുകളില്ലാതെ സംസാരിക്കുന്ന, എല്ലാവരോടും തുറന്ന മനസ്സോടെ ഇടപെടുന്ന, കാതോലിക്കാ എന്ന വലിയ സ്ഥാനത്തിരിക്കുമ്പോഴും എല്ലാവരെയും ഒരു പോലെ തന്റെ സ്നേഹവലയത്തിൽ ചേർത്തുനിർത്താൻ ശ്രദ്ധിച്ചിരുന്ന ഒരാൾ. മുന്നിലെത്തുന്നവരുടെ വലുപ്പച്ചെറുപ്പം നോക്കിയായിരുന്നില്ല അദ്ദേഹം അവരെ സ്വീകരിച്ചിരുന്നത്. ഒരിക്കൽ പരിചയപ്പെട്ടാൽ അദ്ദേഹത്തിന്റെ മനസ്സിൽ ഇടംപിടിച്ചുകഴിയും. പിന്നെക്കാണുമ്പോൾ ചിരകാലസ്നേഹത്തോടെ അദ്ദേഹം നമ്മെ ഓർത്തെടുക്കുകയും ചെയ്യും. ഒട്ടും നാട്യങ്ങളില്ലാത്തയാളായിരുന്നു തിരുമേനി. സംസാരപ്രിയൻ. തന്നോടു സംസാരിക്കാനെത്തുന്നവരോട് എത്രനേരം വേണമെങ്കിലും സംസാരിക്കും, അവരെ കേട്ടിരിക്കും. 

Bawa-with-kids
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കുട്ടികൾക്കൊപ്പം.

കൃത്യനിഷ്ഠയായിരുന്നു തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ക്ലോക്ക് പോലും തോറ്റുപോകും അതിനു മുന്നിൽ. അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരെല്ലാം കൂടെ ഓടിയെത്താൻ പാടുപെട്ടിട്ടുണ്ട്! യാത്രകളുണ്ടെങ്കിൽ, രാവിലെ ആറുമണിക്ക് പോകണമെന്നു പറഞ്ഞാൽ അഞ്ചരയ്ക്ക് അദ്ദേഹം റെഡിയായിരിക്കും. സമയം തെറ്റുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കും. അതുപോലെ പൊതുപരിപാടികളും മറ്റും നിശ്ചയിച്ച സമയത്തുതന്നെ തീർക്കണമെന്നും നിർബന്ധമായിരുന്നു. എവിടേക്കെങ്കിലും പോകണമെങ്കിൽ അവിടേക്കുള്ള ദൂരം, അവിടെയെത്താനെടുക്കുന്ന സമയം, വഴിയിൽ തടസ്സമുണ്ടായാൽ വൈകാതിരിക്കാനുള്ള സമയം എന്നിവയെല്ലാം കണക്കാക്കും. അങ്ങനെയാണ് യാത്രയ്ക്കുള്ള സമയം നിശ്ചയിക്കുക. വൈദികൻ സമയനിഷ്ഠ പാലിക്കണമെന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചിരുന്നു. ആത്മീയ ജീവിതം നയിക്കുന്നവർ പാലിക്കേണ്ട നിഷ്ഠകളെപ്പറ്റി അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർ പഠിച്ചത് തിരുമേനിയുടെ ജീവിതത്തിൽനിന്നാണ്. 

തീർത്തും ലളിതമായിരുന്നു ആ ജീവിതം. ബ്രാൻഡഡ് വസ്തുക്കളോട് ഒട്ടും ഭ്രമമില്ലായിരുന്ന തിരുമേനി ഉപയോഗിച്ചിരുന്ന വസ്തുക്കൾക്കെല്ലാം അദ്ദേഹത്തിന്റെ ഒരു ‘സിഗ്നേച്ചർ’ ഉണ്ടായിരുന്നു. ഉപയോഗിക്കുന്ന ഡയറികൾക്ക് നെടുകെയും കുറുകെയും രണ്ടു റബർ ബാൻഡുകൾ ഇട്ടിരിക്കുന്നതു കാണാം. സ്കൂൾ കാലം മുതലുള്ള ശീലമാണത്. തന്റെ കുട്ടിക്കാലത്തു ശീലിച്ച ലാളിത്യത്തെ എക്കാലവും അദ്ദേഹം ഒപ്പം കൊണ്ടുനടന്നു. മരുന്നും മറ്റും കൃത്യമായ പാത്രങ്ങളിൽ എടുത്തുവച്ചിരുന്നതും സ്വയമായിരുന്നു. നമുക്കതു കാണുമ്പോൾ കൗതുകം തോന്നും. ഔന്നത്യത്തിലും ഒരു മനുഷ്യൻ സൂക്ഷിക്കുന്ന ലാളിത്യം. വലിയ പാഠമാണ് അത്. ഫോണിൽ നമ്പറുകൾ സേവ് ചെയ്യുന്ന കാലത്തും അദ്ദേഹത്തിന് ഒരു ഫോൺനമ്പർ ഡയറിയുണ്ടായിരുന്നു. സാങ്കേതികവിദ്യ പണിമുടക്കിയാലും ആളുകളിൽനിന്ന് അകന്നുപോകരുതല്ലോ!

കുട്ടിക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റി അദ്ദേഹം ഒരു മടിയുമില്ലാതെ എക്കാലത്തും പറഞ്ഞിരുന്നു. അതെല്ലാം തുറന്നെഴുതുകയും ചെയ്തു. ആ എഴുത്തും ലളിതവും തെളിച്ചമുള്ളതുമായിരുന്നു. കുന്നംകുളത്ത് എത്തുമ്പോഴെല്ലാം അദ്ദേഹം ആ പഴയ, നിഷ്കളങ്കനായ  കുന്നംകുളംകാരനായി. അവിടെയുള്ളവരെ പേരെടുത്തു വിളിക്കാനുള്ളത്ര പരിചയവും അടുപ്പവുമുള്ളയാൾ. കുന്നംകുളത്തെത്തുമ്പോൾ ‘ഇത് സൂപ്പർഫാസ്റ്റല്ല, ഓർഡിനറിയാണ്’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. വലിയ പദവികളുടെ മാഹാത്മ്യങ്ങളോ തിരക്കോ കാട്ടാതെ ഒരു സാധാരണ കുന്നംകുളംകാരനായിനിന്നു അദ്ദേഹം.

Bawa-with-pope--
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ 2013 സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചപ്പോൾ. ഫാ. ഡോ. കെ.എം. ജോർജ് സമീപം

മറ്റൊരാളിന്റെ സങ്കടത്തിനു മുന്നിൽ കണ്ണടയ്ക്കാനാവില്ലായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിനു കാൻസർ ബാധിക്കുന്നതിനും എത്രയോ മുമ്പാണ് കാൻസർ രോഗികളുടെ ചികിൽസയ്ക്കായി സ്നേഹസ്പർശം അദ്ദേഹം വിഭാവനം ചെയ്തത്. ഭൂരഹിതർക്കു വീടു വയ്ക്കാനായി അദ്ദേഹം കുന്നംകുളത്ത് സ്വന്തം പേരിലുള്ള സ്ഥലം വിട്ടുകൊടുത്തു. സ്ഥലം കൊടുക്കുക മാത്രമായിരുന്നില്ല, ഓരോ ജന്മദിനത്തിലും രണ്ടോ മൂന്നോ വീടുകൾവച്ച് അർഹർക്കു കൈമാറി. സാന്ത്വനം സ്പെഷൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും മഞ്ഞപ്രയിലെ ബാലികാ ഭവനത്തിലെ കുഞ്ഞുങ്ങൾക്കും വേണ്ടിയൊക്കെ അദ്ദേഹം തന്റെ സമയം നീക്കിവച്ചിരുന്നു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിദ്യാർഥിയായിരിക്കെ.
31
Show All

തന്റെ സുഹൃത്തുക്കൾക്കെല്ലാം ഏറ്റവും മികച്ച ചങ്ങാതിയായിരുന്നു തിരുമേനി. കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ഓർമയിലുണ്ടായിരുന്നു. കാതോലിക്കാ ബാവായുടെ ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച സൗഹൃദങ്ങളെക്കാൾ എത്രയോ അധികമായിരുന്നു പോൾ അച്ചനായിരുന്ന കാലം മുതൽ അദ്ദേഹത്തിനുണ്ടായിരുന്ന, അവസാനം വരെ നിലനിർത്തിയിരുന്ന സൗഹൃദങ്ങൾ. ഒരാളുമായി അടുപ്പത്തിലായാൽ ആ സ്നേഹം എന്നും സൂക്ഷിക്കുമായിരുന്നു തിരുമേനി. ഇടയ്ക്ക് വിളിക്കുകയോ കാണുകയോ ചെയ്യും. അടുപ്പം ഊഷ്മളമായി നിലനിർത്തും. വലിയ തിരക്കുകൾക്കിടയിലും അതിനു മാറ്റം വന്നിരുന്നില്ല. അതിനു തെളിവാണ് ഓരോ കുന്നംകുളം യാത്രയും. അവിടെയെത്തി പുതിയ ഒരു പയ്യനെക്കണ്ടാൽ, അവനോടു പേരും വീടും ചോദിക്കും. അവൻ വീട്ടുപേരു പറഞ്ഞാൽമതി, അവന്റെ അപ്പനും വല്യപ്പനും അടക്കമുള്ളവരുടെ പേരെടുത്തുപറഞ്ഞ് വിശേഷം ചോദിക്കും. അവരുമായുള്ള അടുപ്പം പറയും. 

നിഷ്കളങ്കനായ, നാട്യങ്ങളില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരന്റെ മനസ്സ് സൂക്ഷിച്ചിരുന്നു തിരുമേനി, അതേസമയം, ഒരു വൈദികൻ പുലർത്തേണ്ട നിഷ്ഠകളുടെ പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം. 

(വൈദികനും മലങ്കര ഓർത്തഡോക്സ് സഭാ ദൃശ്യമാധ്യമ വിഭാഗത്തിൽ അസോഷ്യേറ്റ് പ്രൊഡ്യൂസറും ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനുമാണ് ലേഖകൻ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com