ADVERTISEMENT

കോഴിക്കോട്∙ കോവിഡ് രണ്ടാം തരംഗത്തിനെത്തുടര്‍ന്നുണ്ടായ കട അടച്ചിടലില്‍ മിഠായിത്തെരുവിന് മാത്രം നഷ്ടമായത് 2500 കോടിയിലധികം രൂപ. എന്നാല്‍ കടുത്ത നിയന്ത്രണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 

നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജൂണില്‍ ആകെ ലഭിച്ചത് 13 പ്രവൃത്തി ദിനങ്ങളാണ്. ജൂലൈയില്‍ ഇതുവരെ നാലുദിനവും ലഭിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലായി 26 ദിവസം ഇതുവരെ കടകള്‍ അടഞ്ഞുകിടന്നു. ഒരു ദിവസം ഏകദേശം നൂറു കോടിയുടെ കച്ചവടം നടക്കും. ചെറുതും വലുതുമായ 1600 കടകളാണ് ആകെയുള്ളത്. അങ്ങനെയെങ്കില്‍ 2600 കോടിയുടെ കച്ചവടം മിഠായിത്തെരുവിന് മാത്രം നഷ്ടമായി. കോടികളുടെ കണക്ക് കേട്ട് ഞെട്ടേണ്ട. വന്‍ സാമ്പത്തിക അടിത്തറയുള്ള കച്ചവടക്കാരല്ല ഇവരൊന്നും. ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരാണ്. 

കട അടച്ചിടല്‍ തുടര്‍ന്നാല്‍ ഈ നഷ്ടത്തിന്റെ കണക്ക് കൂടുകയല്ലാതെ മറ്റ് കാര്യമായ ഗുണങ്ങളില്ലെന്നാണ് വ്യാപാരികളുടെ വാദം. ഇത്രയും ദിവസത്തിനിടെ 14 ദിവസം മാത്രമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞത്. എട്ടുശതമാനത്തിലേയ്ക്ക് ഒറ്റദിവസം പോലും എത്തിയിട്ടുമില്ല.

അടച്ചിടലിനെ എതിര്‍ത്ത് ഇടത് അനുകൂലസംഘടനയും

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടകള്‍ അടച്ചിടുന്നതിനെതിരെ ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്ത്. അശാസ്ത്രീയമായ രീതിയില്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ ഉള്ള നിയന്ത്രണം ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി സമിതി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലും 14 കലക്ടറേറ്റുകള്‍ക്ക് മുന്നിലും അതിജീവന പ്രതിഷേധ സമരം സംഘടിപ്പിക്കും. നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നായിരുന്നു ഇതുവരെയുള്ള ഇവരുടെ നിലപാട്.

വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എ.എം. ആരിഫ് എംപി രംഗത്തെത്തി. സംസ്ഥാനത്തെ വലിയ വിഭാഗം വ്യാപാരികളും കടക്കെണിയിലാണുള്ളത്. അതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് ആരിഫിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ്, ഇടത് എംപിയുടെ ആവശ്യവുമായി രംഗത്തെത്തിയത്. വ്യാപാരികള്‍ മറ്റൊരു രീതിയില്‍ കളിച്ചാല്‍ എങ്ങിനെ നേരിടണമെന്ന് അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം.  

വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ സമീപനം കേരളത്തില്‍ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു മനസിലാക്കി കളിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരപരമായ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വ്യാപാരികള്‍ക്ക് മോട്ടോറിയവുമില്ല സഹായങ്ങളുമില്ല. മനുഷ്യന്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുകയാണെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

English Summary: Kozhikode SM Street suffers huge loss in Covid lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com