ADVERTISEMENT

തിരുവനന്തപുരം∙ ഐഎസ്ആർഒ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐക്കെതിരെ പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ എസ്.വിജയൻ സിജെഎം കോടതിയില്‍ നൽകിയ ഹർജിയെ എതിർത്ത് സിബിഐ. ഹർജി പരിഗണിക്കാൻ സിജെഎം കോടതിക്കു കഴിയില്ലെന്ന് സിബിഐ അഭിഭാഷകൻ വാദിച്ചു. പണവും ഭൂമിയും നൽകി നമ്പി നാരായണന്‍ സിബിഐ, ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ഹര്‍ജിയിൽ കോടതി ഈ മാസം 23ന് വിധി പറയും.

കോടതി ഹർജി പരിഗണിക്കവേ കൂടുതൽ രേഖകൾ എസ്.വിജയൻ ഹാജരാക്കി. ഭൂമി ഇടപാടിന്റെയടക്കം രേഖകളാണ് ഹാജരാക്കിയത്. നമ്പി നാരായണനും മുൻ സിബിഐ, ഐബി ഉദ്യോഗസ്ഥരും തമ്മിലായിരുന്നു ഇടപാടെന്ന് പ്രതിഭാഗം വാദിച്ചു. ഐഎസ്ആർഒ ചാരക്കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ചാരക്കേസിൽ ഉൾപ്പെട്ട ആളുമായ രമൺ ശ്രീവാസ്തവയുടെ ഭാര്യയുമായും ഭൂമി ഇടപാട് നടന്നു. പ്രതിയായ നമ്പി നാരായണൻ ശ്രീവാസ്തവയുടെ ഭാര്യയുമായി ഭൂമി ഇടപാട് നടത്തുന്നതെന്തിനെന്നും പ്രതിഭാഗം ആരാഞ്ഞു. സംഭവം നടക്കുമ്പോൾ സൗത്ത് സോൺ ഐജിയായിരുന്നു രമൺ ശ്രീവാസ്തവ.

ഐഎസ്ആർഒ ചാരക്കേസിന്റെ തുടക്കം മുതലുള്ള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ ജില്ലാ കോടതി സിബിഐയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ചാരക്കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിലെ പ്രതി സിബി മാത്യൂസിന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്. വിജയന്റെയും തമ്പി എസ്. ദുര്‍ഗാദത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

English Summary : ISRO Espionage case: CBI against S. Vijayan's petition in CJM court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com