സാരി കൊണ്ട് കെട്ടിയിട്ട് കഴുത്തില്‍ വാള്‍ വച്ച് ഭീഷണി: ഇന്ദ്രയുടെ കണ്ണീര്‍ ഓര്‍മയില്‍ മകനും

ചോരമണമുള്ള ചന്ദനക്കാടുകൾ
  • പരമ്പര – 3
marayoor-series-part3
ഇന്ദ്ര.
SHARE

പാളപ്പെട്ടിയിൽ ഏറ്റവും ഉയർന്ന പ്രദേശത്താണ് പട്ടികവർഗ വിഭാഗത്തിന്റെ കുടികൾ. അതിലൊന്നിനു മുന്നിൽ ഇന്ദ്ര (39) ഇരിക്കുന്നു. രണ്ടു ചന്ദനക്കടത്തു കേസിലെ പ്രതിയായിരുന്നു അവർ. ആർക്കു വേണ്ടിയായിരുന്നു ചന്ദനം കടത്തിയിരുന്നത്? ഇന്ദ്രയോടു ചോദിച്ചു. ‘ അതു പറയാൻ പറ്റില്ല’ചിരിയോടെ മറുപടി. വിശ്വാസലംഘനത്തിന് മരണം വിധി കുറിക്കുന്ന ചന്ദനക്കടത്തിൽ കാലം പിന്നിട്ടാലും ഒറ്റില്ല എന്നുറപ്പിക്കുന്ന ചിരി. മനോരമ ഓൺലൈൻ പരമ്പര ‘ചോരമണമുള്ള ചന്ദനക്കാടുകള്‍’ തുടരുന്നു.

∙ ലക്ഷങ്ങൾ വിലമതിക്കും ചന്ദനം, കടത്തുകൂലി 200 രൂപ!

വർഷങ്ങൾക്കു മുൻപ്, ചന്ദനക്കടത്ത് തടയാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കുടിയിലെ സ്ത്രീകൾ സാരി ഉപയോഗിച്ച് കെട്ടിയിട്ട് കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്. കടത്തുകാർ വെട്ടിയിടുന്ന ചന്ദനം ചുമക്കുന്ന ജോലിയായിരുന്നു അന്ന് ഇന്ദ്രയ്ക്ക്. രാത്രിയിൽ കാട്ടിലൂടെ തലച്ചുമടായി കിലോമീറ്ററുകളോളം ചന്ദനം ചുമന്നാൽ കിട്ടുന്നത് 200 രൂപയിൽ താഴെ. 

കുടിയിൽ മറ്റു വരുമാനമാർഗങ്ങളില്ല. ആകെ വരുമാനമുള്ളതു ചുറ്റും നിൽക്കുന്ന ആയിരക്കണക്കിനു ചന്ദന മരങ്ങൾ മാത്രം. പട്ടിണിയാണ് ഈ തൊഴിലിലേക്കെത്തിച്ചതെന്നു ഇന്ദ്ര പറയുന്നു. ചന്ദനക്കടത്തിൽ ഇന്ദ്ര സജീവമായിരുന്ന കാലത്ത് കുടിയിലെ മിക്കവരും ചന്ദനക്കടത്തിൽ കൂടിയിട്ടുണ്ട്. ഇന്ദ്ര ഉൾപ്പെടെ നിരവധിപേർ ഇപ്പോൾ കടത്തിൽനിന്ന് പിൻമാറി. ഇന്ദ്രയ്ക്ക് രണ്ടു മക്കൾ. ചന്ദനക്കടത്തിൽ പിടിക്കപ്പെട്ടതോടെ മൂത്ത മകൻ കാർത്തിക് മാസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തു.

കുടിയിലെ ചെറുപ്പക്കാർക്ക് ജോലി നൽകി ചന്ദനക്കടത്തിൽനിന്ന് പിൻതിരിപ്പിക്കുന്നതിന്റെ ഭാഗമായി കാർത്തിക്കിനു താൽക്കാലിക വാച്ചറുടെ ജോലി നൽകിയിരുന്നു. ഏറെ നാൾ താൽക്കാലിക വാച്ചറായി ജോലി ചെയ്തു വനംവകുപ്പ് ജീവനക്കാരുടെ വിശ്വസ്തനായി. എന്നാൽ, കുടിയിലെ ചിലരുടെ പ്രലോഭനങ്ങളില്‍ കാർത്തിക് വീണതാണ് വിനയായത്. 

marayoor-sandalwood-forest1
പാളപ്പെട്ടി പട്ടികവർഗ വിഭാഗത്തിന്റെ കുടികൾക്കു സമീപമുള്ള വനംവകുപ്പിന്റെ താൽക്കാലിക കെട്ടിടം

‘മിനി വീരപ്പൻ’ ബിനു കുമാറിനു വേണ്ടി 3,000 രൂപയ്ക്കു വനംവകുപ്പുകാരെ ഒറ്റി ചന്ദനം മുറിക്കാൻ കാർത്തിക് കൂട്ടുനിന്നു. 400 കിലോ ചന്ദനം കടത്താനാണ് ബിനുകുമാർ ലക്ഷ്യമിട്ടത്. ഇതിനായി കൃഷി സ്ഥലമായ കേപ്പക്കാട് ചന്ദനതടികൾ ശേഖരിച്ചു. നീണ്ടനാളത്തെ അന്വേഷണത്തിലാണ് കാർത്തിക്കിന്‍റെ പങ്ക് വ്യക്തമായത്. അറസ്റ്റുണ്ടായതോടെ ജോലിയിൽനിന്ന് പിരിച്ചു വിട്ടു. ആറു മാസത്തിനുശേഷം കാർത്തിക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

∙ ‘ഈ തൊഴിലിൽ ആരും വന്നു കാണാൻ താൽപര്യമില്ല’

ഇന്ദ്രയുടെ ഇളയ മകൻ മറയൂരിൽനിന്ന് മാറി മറ്റൊരു സ്ഥലത്തെ സ്കൂളിൽ പഠിക്കുന്നു. ‘‘മകനെ പഠിപ്പിക്കാൻ കഴിയുന്നിടത്തോളം പഠിപ്പിക്കണം. ഇനി ഈ തൊഴിലിലേക്കു ആരും വന്നു കാണാൻ താൽപര്യമില്ല’’–ഇന്ദ്ര പറയുന്നു.

തൊഴിലുറപ്പു ജോലിയാണ് ഇന്ദ്രയുടേയും കുടുംബത്തിന്റെയും വരുമാനം. വിദ്യാഭ്യാസത്തിന്റെ കുറവും ജോലിയില്ലാത്തതുമാണ് കോളനിക്കാർ കടത്തിലേക്കു തിരിയാൻ കാരണം. ഇടനിലക്കാർ ഇവരെ പലതരത്തിൽ ചൂഷണം ചെയ്യുന്നു.

ലക്ഷക്കണക്കിനു രൂപവിലയുള്ള ചന്ദനം മുറിക്കാൻ കൂട്ടുനിന്നാൽ ഇവർക്ക് ലഭിക്കുന്നത് തുച്ഛമായ തുകയായിരിക്കും. അല്ലെങ്കിൽ മൊബൈലോ പഴയ ബൈക്കോ നൽകും. കോളനിക്കാരുടെ ദാരിദ്ര്യം പലരും ചൂഷണം ചെയ്യാൻ തുടങ്ങിയതോടെയാണ് വനംവകുപ്പ് തന്ത്രങ്ങൾ മാറ്റാൻ തീരുമാനിച്ചത്.

∙ കടത്തുകാരെ കുരുക്കിലാക്കി വനംവകുപ്പ്

2005 ൽ മറയൂർ സാൻഡൽ ഡിവിഷൻ രൂപീകരിച്ചതോടെ കാര്യങ്ങൾ മാറി. ഡിവിഷനു കീഴിൽ 2 റെയ്ഞ്ചുകൾ വന്നു; മറയൂരും, കാന്തല്ലൂരും. അതിനുകീഴിൽ നാച്ചിവേൽ, മറയൂർ, കാന്തല്ലൂർ, വണ്ണാന്തുറ സ്റ്റേഷനുകൾ രൂപീകരിച്ചു. കൂടുതൽ വനംവകുപ്പ് ജീവനക്കാരെത്തിയതോടെ കടത്തുകാർ പ്രതിസന്ധിയിലായി.

sandalwood-hiding-place
ചന്ദനം ഒളിപ്പിക്കുന്ന പാറയിലെ പൊത്തുകൾ

കോളനിക്കാരെ കടത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വനംവകുപ്പ് അവർക്ക് താൽക്കാലിക വാച്ചറുടെ ജോലി നൽകി. മറ്റു ജോലികൾ ഇല്ലാതിരുന്ന കോളനിവാസികൾക്ക് അത് ആശ്വാസമായി. ഒരു മാസം മുഴുവൻ ജോലി ചെയ്യുന്നവർക്ക് 18,000–19,000 രൂപ കൊടുക്കുന്നുണ്ടെന്നു  ഡിഎഫ്ഒ രഞ്ജിത്ത് പറഞ്ഞു. ചിലർക്ക് ഹാജർ അനുസരിച്ചു പൈസ കൊടുക്കും. വാച്ചർമാർക്ക് ഇത്ര ശമ്പളം കൊടുക്കുന്ന മറ്റൊരു റേയ്ഞ്ചില്ല. പാളപ്പെട്ടിയിലെ 64 കുടുംബങ്ങളിലെ 40 പേർ വാച്ചർമാരായുണ്ട്. 

∙ ചന്ദനത്തിന് കാവലായി മുൻ കടത്തുകാരും

വണ്ണാന്തുറ സ്റ്റേഷനോട് ചേർന്നുള്ള അരുവി മറികടന്ന് ചന്ദനക്കാടുകളിലേക്കു കയറുമ്പോൾ ഏറുമാടങ്ങളിൽ താൽക്കാലിക വാച്ചർമാരായ കോളനിക്കാരെ കാണാം. പലരും മുൻപ് ചന്ദനം കടത്തിയിരുന്നവരാണ്. ചന്ദനം നിൽക്കുന്ന സ്ഥലങ്ങളിലെല്ലാം ഏറുമാടങ്ങളുണ്ട്. താഴെയായി താമസിക്കുന്നതിനും ആഹാരം വയ്ക്കുന്നതിനുമുള്ള കുടിലും.

ഒരു ഏറുമാടത്തിൽ രണ്ടുപേരുണ്ടാകും. ഇവരുടെ മേൽനോട്ടത്തിൽ ഏകദേശം ഇരുന്നൂറു മരങ്ങളും. രാത്രി ഒരു ഏറുമാടത്തിൽനിന്നും തൊട്ടടുത്തുള്ള ഏറുമാടത്തിലേക്കു വാച്ചർമാർ പരസ്പരം സഞ്ചരിക്കും. ആ പരിധിയിലുള്ള ചന്ദന മരങ്ങൾ സുരക്ഷിതമാണെന്നു ഉറപ്പാക്കും. മഴയും മഞ്ഞുമായാലും രാത്രി 6 മുതൽ രാവിലെ 6 വരെയുള്ള പട്രോളിങ് ഇടവേളകളില്ലാതെ തുടരും.

∙ ആയുധം ഇല്ലാത്ത കാവൽ !

കഠിനമായ ജോലിയാണ് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ജീവനക്കാരുടേത്. വണ്ണാന്തുറയിൽനിന്ന് പാളപ്പെട്ടിയിലെത്താൻ ഉൾവനത്തിലൂടെ 5 കിലോമീറ്റർ സഞ്ചരിക്കണം. കൊള്ളക്കാർ തോക്കുമായി വരുമ്പോൾ ജീവനക്കാരുടെ കയ്യിലുള്ളത് ലാത്തി മാത്രം.

അവധിയില്ലാതെ തുടർച്ചയായി ജോലി ചെയ്യണം. കാട്ടു തീ അടക്കം എന്തു പ്രശ്നമുണ്ടായാലും കൊടുംവനത്തിലൂടെ കിലോമീറ്ററുകൾ നടന്ന് സ്ഥലത്തെത്തണം. തിരിച്ചിറങ്ങി തൊട്ടുപുറകേയായിരിക്കും അടുത്ത പ്രശ്നത്തിനായി വിളിയെത്തുന്നത്. വീണ്ടും മലകയറ്റം ആരംഭിക്കും.

പാളപ്പെട്ടി കോളനിക്കു സമീപം വനംവകുപ്പിന് ചെറിയൊരു കെട്ടിടമുണ്ട്. 5 ഉദ്യോഗസ്ഥർ ഒരു സമയം ഇവിടെ കാവലുണ്ടാകും. ഒരാഴ്ച കഴിഞ്ഞാൽ ഇവർ മലയിറങ്ങും, അടുത്ത ബാച്ച് കയറും. മൊബൈൽ റേയ്ഞ്ച് വലപ്പോഴും കിട്ടുന്ന സ്ഥലമാണിത്. പുറത്തെ വിവരങ്ങളറിയണമെങ്കില്‍ വണ്ണാന്തുറ സ്റ്റേഷനിൽനിന്ന് ജീവനക്കാരാരെങ്കിലും എത്തണം. ഇവർക്കും ആയുധമില്ല.

മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് കെട്ടിടത്തിൽ ആയുധം സൂക്ഷിക്കാറില്ല. കൈവശമുള്ളത് ധൈര്യവും ആത്മവിശ്വാസവും മാത്രം. 2005 ൽ രണ്ടായിരത്തിലധികം ചന്ദനമരം മോഷണം പോയ സ്ഥാനത്ത് കഴിഞ്ഞവർഷം റജിസ്റ്റർ ചെയ്തത് 13 കേസാണ്. കടത്തു കുറഞ്ഞു എന്നു കരുതി സുരക്ഷയിൽ വീഴ്ച ചെയ്യാനാകില്ല. പഴുതുകൾ വരുന്നതും കാത്ത് തൊട്ടടുത്ത് ചന്ദന കടത്തുകാരുണ്ട്.

sandalwood-forest

ശമ്പളത്തിന്റെ 10 ശതമാനം അലവൻസുണ്ടെങ്കിലും മറയൂരിൽ ജോലി ചെയ്യാൻ വനംവകുപ്പിൽ പലർക്കും താൽപര്യമില്ല. ഫീൽഡ് ഓഫിസർമാർക്ക് ഒരു വർഷം കഴിയുമ്പോൾ സ്ഥലംമാറ്റം കിട്ടുമെങ്കിലും താൽപര്യത്തോടെ ഇവിടേയ്ക്കു വരുന്നവർ കുറവ്.

ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാർക്ക് ജില്ലാ റിക്രൂട്ട്മെന്റാണ്. ഇടുക്കി ജില്ലക്കാരായിട്ടും ഒരിക്കലും ഇവിടെ ജോലി ചെയ്യാത്ത ഓഫിസർമാരുണ്ട്. ആവശ്യപ്പെട്ട് ഇവിടേയ്ക്കു വരുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥരാണ് വനംവകുപ്പിന്റെ  ശക്തി. ആ കൂട്ടത്തിൽ നാലു യുവതികളുമുണ്ട്. 

(പരമ്പര തുടരും)

English Summary: Indra, the former sandalwood smuggler on the modus operandi in Marayoor- Web series part 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA