ADVERTISEMENT

ന്യൂഡൽഹി ∙ നിരവധി തവണ താൻ മൊബൈൽ ഫോൺ മാറ്റിയിട്ടും ഹാക്ക് ചെയ്യുന്നത് തുടർന്നെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ പെഗസസിന്റെ നിരീക്ഷണ വലയത്തിൽ പ്രശാന്ത് കിഷോറും ഉൾപ്പെട്ടിരുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സ്നൂപ്പിങ് സംശയിച്ചിരുന്നു, എന്നാൽ ഫോൺ ചോർത്തുകയാണെന്ന് തിരിച്ചറിഞ്ഞില്ല. 2017 മുതൽ 2021 വരെ ഇത് തുടരുകയായിരുന്നു. ഞാൻ അഞ്ചുവട്ടം ഫോൺ മാറ്റി. എന്നാൽ പുറത്തുവന്ന തെളിവുകൾ പോലെ ഫോൺ ചോർത്തൽ തുടർന്നു’– പ്രശാന്ത് കിഷോർ ദേശീയ മാധ്യമത്തോട് പറഞ്ഞു. ‘ദ് വയർ’ പുറത്തുവിട്ട ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് പ്രകാരം ജൂലൈ 14 വരെ പ്രശാന്തിന്റെ ഫോൺകോളുകൾ ചോർത്തിയിട്ടുണ്ട്.

നിലവിൽ പ്രശാന്തിന്റെ കൈയിലുള്ള ഫോണിന്റെ ഫൊറൻസിക് റിപ്പോർട്ട് പ്രകാരം 2019ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് പെഗസസ് ആക്രമണം നടത്താൻ ശ്രമിച്ചെന്നും അത് പരാജയപ്പെട്ടെന്നും പറയുന്നു. എന്നാൽ ഈ ഫോണിലേക്ക് പെഗസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ പൂർണ വിവരം ഫൊറൻസിക് ഫലത്തിൽ ലഭ്യമാകില്ല.

കാരണം നിലവിലെ ഐ ഫോണിൽ അന്ന് ഉപയോഗിച്ചിരുന്ന ഫോണിൽനിന്ന് കൈമാറ്റം ചെയ്ത ബാക്അപ് വിവരങ്ങൾ മാത്രമാണ് ലഭ്യമാകുക. ബംഗാളിലെ അവസാനവട്ട വോട്ടെടുപ്പിന് തലേദിവസം പ്രശാന്തിന്റെ ഫോണിൽ ചാര സോഫ്റ്റ്‌വെയറിന്റെ ആക്രമണം നടന്നതിന്റെ അവശേഷിപ്പുകൾ ഉണ്ടെന്ന് ആംനെസ്റ്റി ഇന്റർനാഷനലിന്റെ സെക്യൂരിറ്റി ലാബിൽ നടന്ന ഫൊറൻസിക് പരിശോധനയിൽ പറയുന്നു.

ജൂണിൽ 14 ദിവസവും ജൂലൈയിൽ 12 ദിവസവും പ്രശാന്തിന്റെ ഫോണിൽ പെഗസസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അതിൽ പ്രശാന്ത്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ജൂലൈ 13ഉം ഉൾപ്പെടുന്നു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിക്കാനുള്ള പ്രചാരണ ചുമതലയേറ്റെടുത്തത് പ്രശാന്ത് കിഷോറായിരുന്നു.

പിന്നീട് പ്രശാന്ത് ഒരുമിച്ചു പ്രവർത്തിച്ചവരിൽ ഏറെയും ബിജെപിയുടെ എതിർ പാളയത്തിലുള്ളവരായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ബംഗാളിൽ മമതയുടെയും തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്റെയും വിജയങ്ങൾക്കു പിന്നിലും പ്രശാന്ത് പ്രവർത്തിച്ചു. പ്രശാന്തിനു പുറമെ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, അശ്വിനി വൈഷ്ണവ്, 40 മാധ്യമ പ്രവർത്തകർ, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരും ചാരവൃത്തിയുടെ ഇരകളാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.

English Summary : "Changed My Handset 5 Times, Hacking Continues": Prashant Kishor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com