ADVERTISEMENT

മുംബൈ ∙ അശ്ലീല ചിത്ര നിർമാണത്തിന് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽവിട്ടു. അശ്ലീല ചിത്ര നിർമാണത്തിൽ കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കോടതിയെ മുംബൈ പൊലീസ് ധരിപ്പിച്ചു. കുന്ദ്രയ്ക്കെതിരെ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും പൊലീസ് പറഞ്ഞു. 

∙ മുടക്കിയതു കോടികൾ

‘ഹോട്ഷോട്സ്’ എന്ന ആപ്പാണ് അശ്ലീല വിഡിയോകൾ കൈമാറ്റം ചെയ്യാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചിരുന്നത്. 45കാരനായ കുന്ദ്രയാണു കേസിലെ നിർണായക കണ്ണിയെന്നു പൊലീസ് പറയുന്നു. കുന്ദ്രയുടെ സഹായി റയാൻ തോർപ്പിനെയും അറസ്റ്റു ചെയ്തു. ഗഹന വസിഷ്ട് എന്ന ബോളിവുഡ് നടി അറസ്റ്റിലായ ശേഷമാണു കുന്ദ്രയുടെ പങ്കു പുറത്തായത്. ഗഹ്നയെ ചോദ്യം ചെയ്തപ്പോൾ കുന്ദ്രയുടെ മുൻ സഹായി ഉമേഷ് കാമത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.

ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തിയത്. അശ്ലീലചിത്ര നിർമാണത്തിനായി കുന്ദ്ര കോടിക്കണക്കിനു രൂപ മുടക്കിയിരുന്നതായും നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനത്തിൽ 10 കോടിയോളം രൂപ നിക്ഷേപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾക്ക് അശ്ലീല ചിത്ര ആപ്പുകൾ ഈ കമ്പനി നിർമിച്ചു നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ കുന്ദ്ര നിർബന്ധിച്ചെന്ന ആരോപണവുമായി നടി സരിഗ ഷോണ അടക്കമുള്ളവരും കഴിഞ്ഞ ഫെബ്രുവരിയിൽ രംഗത്തെത്തിയിരുന്നു

rajkundra

∙ ആരോപണങ്ങൾ നിഷേധിച്ച് കുന്ദ്ര

ആരോപണങ്ങൾ നിഷേധിച്ച കുന്ദ്ര ‘ഹോട്ഷോട്സ്’ എന്ന ആപ്പ് കൂട്ടുപ്രതിയായ പ്രദീപ് ബാക്ഷിക്കു വിറ്റതായാണു പറയുന്നത്. ഇയാളെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. അതേസമയം ആപ്പിലെ സാമ്പത്തിക  ഇടപാടുകൾ കുന്ദ്ര ഇടയ്ക്കിടെ പരിശോധിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഹോട്ഷോട്സിലെ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നതിനായി കുന്ദ്ര വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായും സംശയമുണ്ട്. ഗഹന വസിഷ്ട്, ഉമേഷ് കാമത്ത് എന്നിവരും അശ്ലീല ചിത്രങ്ങളുടെ നിർമാണം, ചിത്രീകരണം, തിരക്കഥ തയാറാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായും ഇതു സംബന്ധിച്ചു കുന്ദ്രയ്ക്കു സന്ദേശങ്ങൾ കൈമാറിയിരുന്നതായും പൊലീസ് പറഞ്ഞു. ഒൻപതു പേരാണു കേസിൽ ഇതുവരെ അറസ്റ്റിലായത്. 

∙ 5–7 വർഷം തടവ് ലഭിക്കാവുന്ന കുറ്റം

രാജ് കുന്ദ്ര
രാജ് കുന്ദ്ര

അഭിനയിക്കാൻ അവസരം നൽകാമെന്നു പ്രലോഭിപ്പിച്ച ശേഷം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 4ന് ഒരു യുവതി പരാതിപ്പെട്ടതോടെയാണു സംഭവത്തിൽ കേസ് എടുക്കുന്നത്. യുവതിയുടെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷം കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. മുൻപു മറ്റു ചിലർക്കെതിരെയും ഇത്തരം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഭാര്യയും ബോളിവുഡ് താരവുമായ ശിൽപ ഷെട്ടിക്കും 2 കുട്ടികൾക്കും ഒപ്പം മുംബൈയിൽ താമസിക്കുന്ന രാജ് കുന്ദ്രയ്ക്കെതിരെ വഞ്ചന, ഐടി ആക്ട് പ്രകാരം അശ്ലീല ചിത്രങ്ങളുടെയും പരസ്യങ്ങളുടെയും പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 5 മുതൽ 7 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിത്. മുൻപ് ഐപിഎൽ ഒത്തുകളി സംബന്ധിച്ചും കുന്ദ്ര ആരോപണ വിധേയനായിരുന്നു.

∙ യുകെ കമ്പനിയും കുന്ദ്രയുടേതെന്നു സംശയം

യുകെയിലെ കമ്പനിക്കുവേണ്ടി അശ്ലീല വിഡിയോകൾ അപ്‌ലോഡ് ചെയ്തു നൽകിയതിനാണ് ഉമേഷ് അറസ്റ്റിലായത്. ഇന്ത്യൻ സൈബർ നിയമങ്ങൾ മറികടക്കുന്നതിനായി കുന്ദ്രയും സഹോദരനും ചേർന്നു സ്ഥാപിച്ച കമ്പനി യുകെയിൽ റജിസ്റ്റർ ചെയ്യുകയായിരുന്നെന്നും ആരോപണമുണ്ട്. ഇന്ത്യയിൽ സ്വകാര്യ ഇടങ്ങളിൽ അശ്ലീല ചിത്രങ്ങൾ കാണുന്നതു കുറ്റമല്ലെങ്കിലും ഇവ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും മറ്റും ഒട്ടേറെ നിയമ തടസ്സങ്ങളുണ്ട്. 

കുന്ദ്രയുടെ നേതൃത്വത്തിൽ നിർമിച്ചിരുന്ന അശ്ലീല ചിത്രങ്ങൾ ഇന്ത്യയിൽ ഷൂട്ട് ചെയ്തശേഷം വീട്രാൻസ്ഫറിലൂടെയാണു യുകെയിലേക്കു കൈമാറിയിരുന്നത്. പെയ്ഡ് മൊബൈൽ ആപ്പുകളിലൂടെ  വിഡിയോകൾ ആളുകളിലേക്ക് എത്തിച്ചു. മുംബൈയിലെ വാടക വീടുകളും ഹോട്ടൽ മുറികളിലുമാണു ഷൂട്ട് ചെയ്തിരുന്നത്. സിനിമകളിൽ അവസരം വാഗ്ദാനം ചെയ്തശേഷം മോഡലുകളെ നിർബന്ധപൂർവം അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. 

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചവർ മുതിർന്നവരാണെന്നും വ്യക്തമായ കരാർ ഒപ്പുവച്ചു സമ്മതത്തോടെയാണ് അഭിനയിച്ചതെന്നും കുന്ദ്ര ഉൾപ്പെടെയുള്ളവർ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ഐപിഎൽ ക്രിക്കറ്റ് ടീം രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമയായിരിക്കെ ഒത്തുകളി വിവാദത്തിൽപ്പെട്ട കുന്ദ്രയെ ക്രിക്കറ്റ് സംബന്ധമായ ഇടപാടുകളിൽനിന്നു ബിസിസിഐ ആജീവനാന്ത കാലത്തേക്കു വിലക്കിയിരുന്നു. 

English Summary: More evidence, 3-Day Police Custody For Shilpa Shetty's Husband Raj Kundra In Porn Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com