വനിതാ വക്കീല്‍ വ്യാജനായത് എങ്ങനെ?; വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ

sesy-saviour
സെസി സേവ്യർ
SHARE

ആലപ്പുഴ∙ എല്ലാക്കാര്യങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്ന സെസി ‘വക്കീലി’നെ ഓര്‍ത്തുള്ള അമ്പരപ്പിലാണ് ആലപ്പുഴയിലെ അഭിഭാഷകരും കക്ഷികളും കോടതി ജീവനക്കാരുമെല്ലാം. കറുത്ത ഗൗണ്‍ അണിഞ്ഞ് ആലപ്പുഴയിലെ വിവിധ കോടതികളിലും ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഒരാള്‍ നിയമപഠനം പൂര്‍ത്തിയാക്കാത്ത വ്യാജ അഭിഭാഷകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യമൊന്നും വിശ്വസിക്കാന്‍ പലര്‍ക്കുമായില്ല.

∙ വ്യാജ വക്കീല്‍

കുട്ടനാട്ടിലെ രാമങ്കരിക്കടുത്താണ് സെസി സേവ്യറെന്ന യുവ ‘അഭിഭാഷക’യുടെ വീട്. സാധാരണ കുടുംബത്തിലെ അംഗം. നിയമം പഠിക്കണമെന്ന മോഹവുമായി ചെന്നുകയറിയത് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിലാണ്. ക്ലാസുകള്‍ ഉഴപ്പിയതോടെ മതിയായ ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷയെഴുതാനുമായില്ല. ഇങ്ങനെ പാതിവഴിയിലായ പഠനം ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് പോയെന്നും അവിടെ കോഴ്സ് പൂര്‍ത്തിയാക്കിയെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോഴറിയുന്നു നിയമപഠനം പൂര്‍ത്തിയാകാതെയാണ് കറുത്ത കുപ്പായമിട്ട് നീതിയുടെ കാവലാളായതെന്ന്.

∙ രഹസ്യം എങ്ങനെ പുറത്തറിഞ്ഞു

ചങ്ങനാശേരിയിലാണ് സെസി ആദ്യം പ്രാക്ടീസ് തുടങ്ങിയത്. അവിടെ വച്ച് യുവ അഭിഭാഷകനുമായി അടുത്ത സൗഹൃദത്തിലായി. ഈ സൗഹൃദം ശക്തമായി തുടരുന്നതിനിടെ ഒരു ഘട്ടത്തില്‍ അഭിഭാഷക പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന വിവരവും പങ്കുവച്ചിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മിലുള്ള സൗഹൃദം മുറിഞ്ഞു. സെസി ആലപ്പുഴയിലേക്ക് പ്രാക്ടീസ് മാറ്റി. ഒരു പ്രമുഖ അഭിഭാഷകന്‍റെ ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങി.

ചങ്ങനാശേരിയിലെ യുവ അഭിഭാഷകന്‍റെ സുഹൃത്തുക്കള്‍ ആലപ്പുഴയിലും ഉണ്ടായിരുന്നു. ഇവരില്‍ പലരും സെസിയുടെയും കൂട്ടുകാരായിരുന്നു. ചിലരോട് തന്നെക്കുറിച്ച് എന്തെങ്കിലും ചങ്ങനാശേരിയിലെ പഴയ അഭിഭാഷക സുഹൃത്ത് പറഞ്ഞിരുന്നോ എന്ന് പലപ്പോഴും ചോദിച്ചതോടെ ഒന്നു രണ്ടുപേര്‍ക്ക് സംശയമുണര്‍ന്നു. ഇവര്‍ ചങ്ങനാശേരിയിലെ യുവ അഭിഭാഷകനെ ബന്ധപ്പെട്ടെങ്കിലും ആദ്യമൊന്നും ഇയാള്‍ ഒന്നും വ്യക്തമാക്കിയില്ല. പിന്നീട് സുഹൃത്തുക്കളോട് സത്യം തുറന്നുപറഞ്ഞു.

∙ തട്ടിപ്പ് അറിഞ്ഞതിനു പിന്നില്‍ തിരഞ്ഞെടുപ്പ്

ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനാ പ്രവര്‍ത്തനത്തിലും സെസി മുന്നില്‍ നിന്നു. കോവിഡ് കാലത്ത് അഭിഭാഷകര്‍ക്ക് സഹായം നല്‍കാനുള്ള ഫണ്ട് ശേഖരണ പരിപാടിയില്‍ നേതൃത്വം വഹിച്ചു. കോടതി നിയോഗിക്കുന്ന അഭിഭാഷക കമ്മിഷനായി പലയിടത്തും പോയി. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കേസുകളിലടക്കം കക്ഷികള്‍ക്കുവേണ്ടി ഹാജരായി. ഓണ്‍ലൈനായി വസ്ത്രവ്യാപാരവും വക്കില്‍ജോലിക്കൊപ്പം നടത്തിയിരുന്നു.

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ചെറിയ ഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസ് ജയിച്ചാലും സിപിഐ അനുകൂല സംഘടനയിലെ അഭിഭാഷകര്‍ ജയിക്കരുതെന്ന് സിപിഎം അനുകൂല അഭിഭാഷക സംഘടന പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അങ്ങനെ സിപിഐയെ തോല്‍പ്പിക്കാന്‍ സിപിഎം അനുകൂല സംഘടനയിലെ പ്രവര്‍ത്തകരും ബാര്‍ അസോസിയേഷനിലെ മൂന്നാമത്തെ വലിയ പദവിയായ ലൈബ്രേറിയന്‍ പോസ്റ്റില്‍ മത്സരിച്ച സെസിക്ക് വോട്ടു ചെയ്തു. വോട്ടു ചോദിച്ച് ഓരോ അഭിഭാഷക ഓഫിസിലും നാലു തവണയോളം സെസി എത്തിയിരുന്നു. 

തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയായിരുന്നു വിജയം. ഓഫിസ് രേഖകള്‍, അംഗത്വവുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്നിവയുടെ സൂക്ഷിപ്പും ലൈബ്രേറിയനാണ്. സിപിഎം–സിപിഐ അഭിഭാഷക സംഘടനകള്‍ തമ്മിലുള്ള ഭിന്നതയാണ് സെസിയുടെ യോഗ്യതയെക്കുറിച്ച് ആദ്യം പരാതി ഉയരാന്‍ കാരണമായത്. ചങ്ങനാശേരിയിലെ സെസിയുടെ പഴയ സുഹൃത്തില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയിട്ടില്ല എന്ന വിവരവും കിട്ടി. ഇത് ഉന്നയിക്കപ്പെട്ടതോടെ ആദ്യം കാര്യമായ ശ്രദ്ധയൊന്നും ആരും നല്‍കിയില്ല. പ്രശ്നം ഒതുക്കി തീര്‍ക്കാനും ചില കോണില്‍നിന്ന് ശ്രമമുണ്ടായി.

എതിര്‍പ്പ് ശക്തമായതോടെ യോഗ്യതാ രേഖകള്‍ ഹാജരാക്കാന്‍ ബാര്‍ അസോസിയേഷന്‍ നിര്‍ദേശിച്ചെങ്കിലും സെസിക്ക് അതിന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആള്‍മാറാട്ടത്തിനും വഞ്ചനയ്ക്കും കേസെടുക്കണമമെന്നാവശ്യപ്പെട്ട് നോര്‍ത്ത് പൊലീസില്‍ അസോസിയേഷന്‍ പരാതി നല്‍കിയതിെനതുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ഒരു തവണ സെസി ബാര്‍ അസോസിയേഷന്‍ ഓഫിസിലെത്തിയിരുന്നതായി അഭിഭാഷകര്‍ പറയുന്നു. മടങ്ങുമ്പോള്‍ ചില രേഖകളും കൈയിലുണ്ടായിരുന്നുവെന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.

∙ ഉപയോഗിച്ചത് മറ്റൊരാളുടെ റോള്‍ നമ്പര്‍

തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന മറ്റൊരു അഭിഭാഷകയുടെ ബാര്‍ കൗണ്‍സിലിലെ റോള്‍ നമ്പര്‍ ആണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. സെസി സേവ്യര്‍ നല്‍കിയ റോള്‍ നമ്പറില്‍ അങ്ങനെയൊരു പേരുകാരി ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ അഭിഭാഷകയില്‍നിന്ന്  മൊഴിയെടുത്തേക്കും. റോള്‍ നമ്പര്‍ താനറിയാതെ ഉപയോഗിച്ചു തട്ടിപ്പിന് ശ്രമിച്ചു എന്നു പരാതി നല്‍കിയാല്‍ ബാര്‍ കൗണ്‍സിലിനും മറ്റു ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കും ഇടപെടേണ്ടി വരും. ഇതോടെ കുറ്റകൃത്യത്തിന് കൂടുതല്‍ ഗൗരവം കൈവരും. ജുഡീഷ്യല്‍ സംവിധാനത്തെ മുഴുവന്‍ കബളിപ്പിച്ചുവെന്ന കുറ്റം നിലനില്‍ക്കുന്നുണ്ട്. 

കക്ഷികള്‍ക്കുവേണ്ടി ഹാജരാകുകയോ അ‍ഡ്വക്കേറ്റ് കമ്മിഷനായി പോകുകയോ ചെയ്തില്ലായിരുന്നുവെങ്കില്‍ കാര്യമായ പ്രശ്നമുണ്ടാകുമായിരുന്നില്ല. അ‍ഡ്വക്കേറ്റ് കമ്മിഷനായി പ്രവര്‍ത്തിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍, കക്ഷികള്‍ക്ക് വേണ്ടി നല്‍കിയ വക്കാലത്തുകള്‍ തുടങ്ങിയവയ്ക്ക് നിയമപരമായി നിലനില്‍പ്പുണ്ടോ എന്ന് അതത് കോടതികളാണ് തീരുമാനിക്കേണ്ടതെന്ന് നിയമജ്‍ഞര്‍ വ്യക്തമാക്കുന്നു. ഇനി നിയമപഠനം പൂര്‍ത്തിയാക്കിയാലും സെസിക്ക് അഭിഭാഷകയായി പ്രവര്‍ത്തിക്കാനാവില്ല. ഒരാള്‍ നിയമപഠനം പൂര്‍ത്തിയാക്കി എൻറോള്‍ ചെയ്തുവെന്ന്  അവകാശപ്പെട്ടു രംഗത്തുവന്നാല്‍ അതു പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലേ എന്ന ചോദ്യവും വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.

∙ സെസി ഇപ്പോള്‍ എവിടെ?

യോഗ്യതാ വിവാദം ഉണ്ടായ ആദ്യത്തെ ദിവസം സെസിയുടെ ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. ഡല്‍ഹിയിലുള്ള അടുത്ത ബന്ധുക്കളുടെ അടുത്തേക്ക് പോയതായാണ് സംശയം. കേരളം വിട്ടിരിക്കാം എന്നും പൊലീസും പറയുന്നുണ്ട്. അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. നിരവധി നിയമ പ്രശ്നങ്ങള്‍ ഉള്ള കേസായതിനാല്‍ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശയക്കുഴപ്പം പൊലീസിനുണ്ട്. നിയമോപദേശം തേടി കോടതിയുടെ അനുമതിയോടെ അന്വേഷണം നടത്താമെന്നാണ് പൊലീസ് കരുതുന്നത്.

Content Highlights: About fake advocate Sesy Saviour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA