ADVERTISEMENT

തിരുവനന്തപുരം ∙ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, കുണ്ടറയിലെ പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ.കെ.ശശീന്ദ്രനു മന്ത്രിസഭയില്‍നിന്നു പുറത്തേക്കു പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം. പാര്‍ട്ടി തര്‍ക്കമെന്നു ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരിച്ചെങ്കിലും നിയമനടപടികള്‍ ഉറ്റുനോക്കുകയാണ് ഇടതുമുന്നണി.

പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന ശശീന്ദ്രന്‍റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നത്. ഇരയായ പെൺകുട്ടിക്കു നീതി നേടിക്കൊടുക്കേണ്ട മന്ത്രി പ്രതിക്കു വേണ്ടി ഇടപെട്ടത് എന്‍സിപിക്കു മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ്. പാര്‍ട്ടി തര്‍ക്കമെന്നു വാദിക്കാമെങ്കിലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ടു പോയാല്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാകും.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറയിലെ പ്രാദേശിക എന്‍സിപി നേതാക്കള്‍ക്കെതിരെ കുണ്ടറ പൊലീസ് കേസ് എടുത്തു. ഈ കേസില്‍ പെണ്‍കുട്ടി നല്‍കുന്ന മൊഴി നിര്‍ണായകമാണ്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ കുടുംബത്തില്‍ മന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന മൊഴി നല്‍കിയാല്‍ ശശീന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവും. ശശീന്ദ്രനെതിരെ പൊലീസ് കേസ് എടുത്തില്ലെങ്കിലും പെണ്‍കുട്ടിയുടെ കുടുബത്തിനു കോടതിയെ സമീപിക്കാനാവും.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ കേസില്‍ പ്രതിയായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാണ്. ശശീന്ദ്രന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതി എന്‍സിപി അന്വേഷിക്കുന്നുണ്ട്. മാത്യൂസ് ജോര്‍ജ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും പാര്‍ട്ടി തീരുമാനമെടുക്കുക. എന്‍സിപിയിലെ ആഭ്യന്തരകാര്യമാണെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തിനു ഭീഷണിയാണ്. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയാതെ മുഖ്യമന്ത്രി കൈവിടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്‍ അനുകൂലികള്‍.

Content Highlights: AK Saseendran, NCP, Molestation Victim, Crime Against Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com