ADVERTISEMENT

തിരുവനന്തപുരം ∙ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഫോൺവിളി വിവാദത്തിൽ മുഖ്യമന്ത്രിക്കു ശശീന്ദ്രൻ വിശദീകരണം നൽകി. മുഖ്യമന്ത്രി വിളിപ്പിച്ചതല്ലെന്നും താൻ അങ്ങോട്ടു പോയി കണ്ടതാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭ തുടങ്ങുമുൻപ് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു. രാജിവയ്ക്കേണ്ട സാഹചര്യമില്ല. തനിക്കു പറയാനുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കാര്യങ്ങൾ ബോധ്യപ്പെട്ടോ എന്നു പറയേണ്ടതു മുഖ്യമന്ത്രിയാണെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഫോണിലൂടെയും വിഷയത്തിൽ മുഖ്യമന്ത്രിയോടു ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ടു പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. അതിനിടെ, ശശീന്ദ്രനെ ന്യായീകരിച്ച് എൻസിപി അധ്യക്ഷൻ പി.സി.ചാക്കോ രംഗത്തെത്തി. വിവാദത്തിൽ എൻസിപി പ്രതിരോധത്തിൽ അല്ലെന്നു ചാക്കോ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സംഭവം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു.

‘യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ല. പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്നം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടത്. അത് നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് മന്ത്രി പറയുന്നത്. ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്’– ചാക്കോ പറഞ്ഞു. പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതു ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ കുണ്ടറയിലെ പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ ശശീന്ദ്രനു മന്ത്രിസഭയില്‍നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്നു സിപിഎം നേതൃത്വ ചൂണ്ടിക്കാട്ടി.

പാര്‍ട്ടി തര്‍ക്കമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെങ്കിലും നിയമനടപടികള്‍ ഉറ്റുനോക്കുകയാണ് ഇടതുമുന്നണി. പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന ശശീന്ദ്രന്‍റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നത്. ഇരയ്ക്കു നീതി നേടിക്കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് എന്‍സിപിക്ക് മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ്. കേസില്‍ പെണ്‍കുട്ടി നല്‍കുന്ന മൊഴി നിര്‍ണായകമാണ്. എന്‍സിപിയിലെ ആഭ്യന്തരകാര്യമാണെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തിൽ നിർണായകമാകും.

English Summary: Minister AK Saseendran meets CM Pinarayi Vijayan on Sexual Harassment Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com