ADVERTISEMENT

കുണ്ടറ∙ മന്ത്രി എ.കെ. ശശീന്ദ്രന്‍റെ ഫോൺവിളി വിവാദത്തിൽ എൻസിപിയുടെ അന്വേഷണ കമ്മിഷനു പരാതിക്കാരി മൊഴി നൽകില്ല. ബിജെപി അംഗമായതിനാൽ എൻസിപിയുടെ അന്വേഷണത്തോടു സഹകരിക്കേണ്ടന്നാണ് നിലപാട്. പരാതിക്കാരിയുടെ അച്ഛനും അമ്മയും കമ്മിഷന്‍ അംഗങ്ങളോടു സംസാരിക്കും. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്‍റെ നേതൃത്വത്തിലാണ് പാർട്ടി തല അന്വേഷണം.

അതേസമയം, പരാതിക്കാരിയുടെ വീട്ടിലേക്കു പാർട്ടി അന്വേഷണ കമ്മിഷൻ എത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പാർട്ടി നേതാക്കൾ വീട്ടിലെത്തിയാൽ മാത്രം സംസാരിക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന നിലപാടാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ സ്വീകരിച്ചിരിക്കുന്നത്. യുവതി പൊലീസിൽ നൽകിയ പരാതിയിൽ പാർട്ടി ഇടപെടില്ലെന്നും ചാക്കോ വ്യക്തമാക്കിയിരുന്നു.

എന്നാൽ പരാതിക്കാരിയുടെ മൊഴി പൊലീസ് വീട്ടിലെത്തി രേഖപ്പെടുത്തുമെന്നാണു സൂചന. കഴിഞ്ഞമാസം 28ന് നൽകിയ പരാതിയിൽ എൻസിപി നേതാവ് ജി. പത്മാകരനെതിരെയും പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ രാജീവിനെതിരെയും കുണ്ടറ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിരുന്നില്ല. പരാതിയുമായി ചെന്നപ്പോൾ പൊലീസ് ഒഴിവാക്കാൻ ശ്രമിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് പൊലീസ് ഉണർന്നതെന്നാണ് ആക്ഷേപം.

English Summary: Complainant who is a BJP member doesn't give a statement to the NCP inquiry commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com