സ്വര്‍ണക്കടത്ത്: 'മണിച്ചിത്രത്താഴിട്ടു പൂട്ടും'; കളംവിടും മുമ്പ് പഴുതടച്ച് കുറ്റപത്രം നല്‍കും

Sumit-Kumar-1a
സുമിത് കുമാർ (ഫയൽ ചിത്രം)
SHARE

കൊച്ചി∙ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ട്രാന്‍സ്ഫര്‍ ലഭിച്ചു കളം വിടും മുന്‍പു നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. കേസന്വേഷണ ചുമതലയുള്ള സൂപ്രണ്ട് ഇക്കാര്യത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 27നാണ് നിലവിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഭിവണ്ടിയിലേക്ക് സ്ഥലം മാറി പോകുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെയുള്ള സ്ഥലംമാറ്റ തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി പുകയുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കം.

കുറ്റപത്രം  സമര്‍പ്പിക്കും മുന്‍പ് നിയമവശങ്ങള്‍ അന്തിമമായി പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുന്നതിനാണ് സൂപ്രണ്ട് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനാണ്. ഇദ്ദേഹത്തെ ഈ നിര്‍ണായക നിമിഷത്തില്‍ മാറ്റിയത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കും എന്ന വിമര്‍ശനമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. ഇതിനു പുറമേ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ക്കും മേല്‍നോട്ടം നിലവിലുള്ള പ്രിവന്റിവ് കമ്മിഷണര്‍ക്കാണ്. ഇതിന്റെയെല്ലാം അന്വേഷണത്തെ ദോഷമായി ബാധിക്കാന്‍ ഇടയുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അതുകൊണ്ടു തന്നെ ഈ വിഷയം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.

സുമിത് കുമാര്‍ ഒരേ സ്ഥലത്ത് നാലു വര്‍ഷം പൂര്‍ത്തിയാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിലവിലുള്ള സ്ഥലംമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കസ്റ്റംസ് ഹൗസ് കമ്മിഷണര്‍ നിലവില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം സ്ഥാനത്തു തുടരുമ്പോള്‍ സുമിത് കുമാറിനെ മാത്രം മാറ്റിയതിനോടാണ് പലര്‍ക്കും അഭിപ്രായ വ്യത്യാസം. പലരും ഇക്കാര്യം പരസ്യമായി തന്നെ മേലുദ്യോഗസ്ഥരോട് അറിയിച്ചിട്ടുമുണ്ടെന്നാണ് വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം പുകയുമ്പോള്‍ കേസന്വേഷണങ്ങള്‍ പൂര്‍ത്തിയാകും വരെ ഇദ്ദേഹത്തെ ഇവിടെ തുടരാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് എഎസ്ജി കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പിടികൂടുന്നതിലേക്കു കാര്യങ്ങള്‍ എത്തിയത് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന്റെ കൃത്യമായ ഇടപെടലായിരുന്നു. കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റജിസ്റ്റര്‍ ചെയ്തത് സുമിത് കുമാര്‍ ഉറച്ച നിലപാട് എടുത്തതോടെയാണ്. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലേക്കു വന്ന നയതന്ത്ര പാഴ്‌സല്‍ വിട്ടുകൊടുക്കാതെ പിടിച്ചു വച്ചതും തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചതുമെല്ലാം സുമിത്തായിരുന്നു. 

കേസ് റജിസ്റ്റര്‍ ചെയ്തതോടെ എന്‍ഐഎയും ഇഡിയും ആദായനികുതി വകുപ്പും ഐബിയുമുള്‍പ്പടെയുള്ള എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളും രംഗത്തെത്തി. ഇതിനിടെ വിവാദങ്ങളുടെ പേരില്‍, ജോയിന്റ് കമ്മിഷണര്‍ അനീഷ് രാജനെയും അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്.ദേവിനെയും ഉന്നതര്‍ ഇടപെട്ടു സ്ഥലം മാറ്റി. ഇത് സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിനു തിരിച്ചടിയായെങ്കിലും മുഖ്യ പങ്കുവഹിച്ച സുമിത്തിന്റെ സാന്നിധ്യമായിരുന്നു അന്വേഷണ സംഘത്തിന്റെ ധൈര്യം. സുമിത് കുമാര്‍ കൂടി പോകുന്നതോടെ കേസിനു തിരിച്ചടിയാകുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹം പോകും മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസ് തയാറെടുക്കുന്നത്.

English Summary: Customs to file chargesheet in Diplomatic Baggage Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA