അമിത്‌ ഷാ എന്ന ചാണക്യൻ, പ്രശാന്തിന്റെ തന്ത്രം; വേണോ ഈ ഇടനിലക്കാരനെ?

prashant-kishor
പ്രശാന്ത് കിഷോർ.
SHARE

ആഫ്രിക്കൻ രാജ്യമായ ഛാഡിൽ ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ വിദഗ്ധനായി പ്രവർത്തിക്കുമ്പോഴാണ് ബിഹാർ സ്വദേശി പ്രശാന്ത് കിഷോറിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുണ്ടായത്. പ്രവർത്തനത്തിന്റെ ഭാഗമായി ഒരു പ്രബന്ധം തയാറാക്കുന്നതിനിടെ അദ്ദേഹം ഒരു കാര്യം മനസ്സിലാക്കി. ഇന്ത്യയിൽ വികസനത്തിൽ മുന്നിൽ നിൽക്കുന്ന ചില സംസ്ഥാനങ്ങൾ കുട്ടികളുടെ പോഷകാഹാരക്കുറവിലും മുന്നിലാണ്. അതിൽത്തന്നെ ഗുജറാത്തിലാണ് ഏറ്റവും പ്രശ്നം. ആ തിരിച്ചറിവിനു പിന്നാലെയുള്ള യാത്രയ്ക്കൊടുവിലാണ് നരേന്ദ്ര മോദിയുമായി ബന്ധം സ്ഥാപിക്കാൻ പ്രശാന്തിനു സാധിച്ചത്. അന്ന് അദ്ദേഹത്തിനു പ്രായം 34 വയസ്സ്. 

ഐക്യരാഷ്ട്ര സംഘടനയിലെ പ്രവർത്തനം അവസാനിപ്പിച്ച പ്രശാന്ത് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. 2012ൽ ഗുജറാത്ത് നിയമസഭയിലേക്കും 2014 ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ മോദിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത് പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു. 2014നു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് മോദിയുമായുള്ള പ്രശാന്തിന്റെ ബന്ധത്തിൽ ഉലച്ചിലുണ്ടായി. 2015ൽ ബിഹാറിലെ മഹാസഖ്യത്തിനു പിന്നിൽ പ്രശാന്തിന്റെ കരങ്ങളായിരുന്നു. 2019ൽ ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പിൽ ‘സഹായി’യായെത്തി. 2020ൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‍രിവാളിനും ലഭിച്ചു പ്രശാന്തിന്റെ സഹായം. 

narendra-modi
നരേന്ദ്ര മോദി. ചിത്രം: PIB

ഈ വർഷം ബംഗാളിൽ മമതാ ബാനർജിക്കും തമിഴ്‌നാട്ടിൽ എം.കെ.സ്റ്റാലിനും വിജയതന്ത്രം മെനയാനും പ്രശാന്ത് എത്തി. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കാബിനറ്റ് റാങ്കോടെ പ്രശാന്തിനെ മുഖ്യ ഉപദേഷ്ടാവിന്റെ സ്ഥാനത്തു നിയോഗിച്ചിരിക്കുകയാണ്. അടുത്തിടെ എൻസിപി നേതാവ് ശരദ് പവാറുമായി പ്രശാന്ത് നടത്തിയ കൂടിക്കാഴ്ചയും ഏറെ അഭ്യൂഹങ്ങൾക്കു വഴിമരുന്നിട്ടു. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ എന്നാണ് ഇന്ന് പ്രശാന്തിന്റെ വിശേഷണം. എതിർവശത്ത് തിരഞ്ഞെടുപ്പു രംഗത്തെ ചാണക്യൻ എന്ന വിശേഷണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമുണ്ട്. 

അദ്ദേഹത്തിനു കേഡർ സ്വഭാവമുള്ള പാർട്ടിയുടെയും ആർഎസ്എസിന്റെയും പിന്തുണയുണ്ട്. ഒപ്പം രാഷ്ട്രീയവും പ്രത്യയശാസ്ത്രവും നന്നായുണ്ട്. എന്നാൽ പ്രശാന്ത് കിഷോറിൽ ഇത് രണ്ടുമില്ല. എന്നാൽ രാഷ്്ട്രീയ തന്ത്രങ്ങളേറെയുണ്ട് കയ്യിൽ. അതിനാൽത്തന്നെ അടുത്തിടെ രാഹുൽ ഗാന്ധിയുമായി പ്രശാന്ത് നടത്തിയ കൂടിക്കാഴ്ചയും വൻ വാർത്താപ്രധാന്യം നേടി. കോൺഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് പ്രശാന്തെന്നാണ് അഭ്യൂഹം. അതല്ല, സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിച്ഛായ മെച്ചപ്പെടുത്താൽ രാഹുലിനെ സഹായിക്കാനെത്തിയതാണ് പ്രശാന്തെന്നും റിപ്പോർട്ടുകളുണ്ട്. 

യുദ്ധമേഖലയിൽ വ്യോമ സേന നടത്തുന്ന ബോംബാക്രമണത്തോടാണ് പ്രശാന്ത് കിഷോർ തന്റെ നീക്കങ്ങളെ ഉപമിക്കുന്നത്. ബോംബ് വർഷിച്ച് ഓരോ സ്ഥലവും ക്ലിയർ ചെയ്ത് വ്യോമസേന പിന്മാറും. അവിടേക്ക് കരസേന കടന്നു ചെല്ലും. പ്രശാന്തിന്റെ തന്ത്രങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് കരസേന. പ്രശാന്തും സംഘവും ‘ക്ലിയർ’ ചെയ്ത രാഷ്ട്രീയ ഭൂമിയിലേക്ക് ഓരോ പാർട്ടികളുമെത്തും, വോട്ടർമാരെ പിടികൂടും, ജയിക്കും. എന്നാൽ പാർട്ടിയും വോട്ടർമാരും തമ്മിലുള്ള ബന്ധത്തിന് ഇങ്ങനെ ഒരിടനിലക്കാരനെ ആവശ്യമുണ്ടോ? അത്രയേറെ ദുർബലമാണോ ഇന്ത്യൻ ജനാധിപത്യം? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിലയിരുത്തുന്നു. കേൾക്കാം ‘ദില്ലിയാഴ്ച’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്:

English Summary: Dilliyazhcha Podcast on Prashant Kishor and His Election Tactics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA