ADVERTISEMENT

ജാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ടയുടെ കുന്തമുനയായിരുന്നു ഡ്രോൺ എന്ന ബെൽജിയൻ സ്നിഫർ ഡോഗ്. കഴിഞ്ഞയാഴ്ച ഗുംല ജില്ലയിലെ മർവ വനമേഖലയിൽ മാവോയിസ്റ്റുകൾ നടത്തിയ വിദൂരനിയന്ത്രിത കുഴിബോംബ് (െഎഇഡി) സ്ഫോടനത്തിൽ കൊല്ലപ്പെടുന്ന നിമിഷം വരെ ഡ്യൂട്ടിയിൽ സജീവമായിരുന്നു അവൻ. മാവോയിസ്റ്റ് വേട്ടയ്ക്കായി പ്രത്യേകം രൂപീകരിച്ച 203 സിആർപിഎഫ് കോബ്ര വിഭാഗത്തിലെ ഏറ്റവും സമർഥനും കരുത്തനുമായ നായ. ആറു വര്‍ഷവും ഒൻപതു മാസവും പ്രായമുള്ള, ബൽജിയൻ മലിനോവ വിഭാഗത്തിൽപ്പെടുന്ന ഡ്രോൺ 2015 ‍ഡിസംബർ 27 നാണ് കോബ്രയുടെ ഭാഗമായത്. ഉൾവനങ്ങളിലെ വേട്ടയ്ക്കു പ്രത്യേക പരിശീലനം ലഭിച്ച അവൻ ആറു വർഷം ജാർഖണ്ഡിലെ നക്സൽവേട്ടയുടെ നെടും തൂണായിരുന്നു.

ഡ്രോണിന്റെ അവസാന വേട്ടയ്ക്ക് നേതൃത്വം നൽകിയത് മലയാളി െഎപിഎസ് ഓഫിസർ ഹൃദീപ് പി. ജനാർദനനാണ്. തിരുവല്ല കുന്നന്താനം സ്വദേശിയും ഗുംല എസ്പിയുമായ ഹൃദീപിന്റെ നേതൃത്വത്തിൽ പൊലീസ്, സിആർപിഎഫ് കോബ്ര എന്നിവർ ഉൾപ്പെട്ട സംഘം മാവോയിസ്റ്റുകൾക്കായി നടത്തിയ തിരിച്ചിലിനിടെയാണു സ്ഫോടനത്തിൽ ഡ്രോൺ വീരമൃത്യു വരിച്ചത്. അവന്റെ പരിശീലകൻ വിശ്വജിത് കുംഭകറിനു പരുക്കേൽക്കുകയും ചെയ്തു.

കമാൻഡോകൾക്കായി ജീവത്യാഗം

നക്സലുകളുടെ വഴിത്താരകളും ഒഴിത്താവളങ്ങളും അതിവിദഗ്ധമായി മണത്തറിയുന്ന ഡ്രോൺ സിആർപിഎഫ് കോബ്ര വിഭാഗത്തിന്റെ ഏറ്റവും വിശ്വസ്തനായ നായയായിരുന്നു. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഗുംലയിൽ മർവ വനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് മാവോയിസ്റ്റുകൾ സ്ഥാപിച്ച വിദൂര നിയന്ത്രിത െഎഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചത്. 30 അംഗ പൊലീസ്, സിആർപിഎഫ് സംഘത്തോടൊപ്പമുണ്ടായിരുന്ന ഡ്രോൺ മാവോയിസ്റ്റ് ഒളിസങ്കേതത്തിലേക്കു കടക്കുന്നതിനിടെയായിരുന്നു വൻ സ്പോടനം. കമാൻഡോകളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണു ഡ്രോണിനു ജീവൻ‍ വെടിയേണ്ടിവന്നതെന്നു സേനാംഗങ്ങൾ വ്യക്തമാക്കി. പരുക്കേറ്റ വിശ്വജിത്തിനൊപ്പം ഡ്രോണിനെയും വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തിൽ റാഞ്ചിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അവന്റെ അന്ത്യം. മാവോയിസ്റ്റ് വേട്ടയിൽ ജീവൻ വെടിഞ്ഞ ഡ്രോണിനെ പൂർണ സൈനിക ബഹുമതികളോടെയാണു യാത്രയാക്കിയത്. കോബ്ര 23 ബറ്റാലിയനിലെ മുഴുവൻ അംഗങ്ങളും ആദരം അർപ്പിക്കാൻ എത്തിയിരുന്നു.

‘ഡ്രോണിന്റെ നിസ്വാർഥ സേവനം ഒരിക്കലും മറക്കില്ല, അത് എല്ലായ്പ്പോഴും ഓർമിക്കപ്പെടും. ഡ്രോണിനെ സേനയുടെ ബഹുമതിയും നടപടിക്രമങ്ങളും അനുസരിച്ച് യാത്രയാക്കി’ – സിആർപിഎഫ് കോബ്ര ആസ്ഥാനത്തുനിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു. ‌

ഡ്രോൺ (Photo - @ITDCindia / Twitter)
ഡ്രോൺ (Photo - @ITDCindia / Twitter)

തൊണ്ണൂറോളം വേട്ടകൾ; മാവോയിസ്റ്റുകളുടെ ശത്രു

ജാർഖണ്ഡിന്റെ വിവിധ ഭാഗങ്ങളിലായി തൊണ്ണൂറോളം മാവോയിസ്റ്റ് വേട്ടകൾക്കാണ് ഡ്രോൺ മുന്നിലുണ്ടായിരുന്നത്. ഒരു ഡസനിലേറെ മാവോയിസ്റ്റുകളെ അവൻ ഒളിത്താവളങ്ങളിൽനിന്നു പുറത്തു ചാടിച്ചു. 2016 ഏപ്രിലിൽ പസന്ത് മേഖലയിൽ കൊടുവനത്തിലെ ഒളിത്താവളത്തിൽ മാവോയിസ്റ്റുകൾ സൂക്ഷിച്ചിരുന്ന 4 കണ്ടെയ്നർ അത്യുഗ്ര സ്ഫോടക വസ്തുക്കൾ ഡ്രോൺ അതിസാഹസികമായി കണ്ടെത്തി. ഡിറ്റനേറ്ററുകൾ, കോർട്ടെക്സ്, മൊബൈൽ ഫോൺ, വോക്കിടോക്കി, ജിപിഎസ് തുടങ്ങിയ തുടങ്ങിയവയും കണ്ടെയ്നറുകളിലുണ്ടായിരുന്നു.

കെണികൾ പൊളിച്ച് കുതിച്ചു പാഞ്ഞ്...

ഡ്രോണിനെ കുടുക്കാൻ മാവോയിസ്റ്റുകൾ ഒരുക്കിയ കെണികളിൽനിന്ന് 12 ലേറെത്തവണയാണ് അവൻ അതിവിദഗ്ധമായി രക്ഷപ്പെട്ടത്. നാലു വർഷം മുമ്പ് ഖുന്തിയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ചെറിയ പരുക്കേറ്റിരുന്നു. സ്ഫോടക വസ്തുക്കൾ മണത്തറിയാനുള്ള അപാരശേഷിയും അപരിചിതരുടെ സാന്നിധ്യം അതിവേഗം അറിയാനുള്ള സൂക്ഷ്മബുദ്ധിയുമുള്ള ഡ്രോൺ‍, കോബ്ര സംഘത്തിലെ ഏറ്റവും ബുദ്ധിയും ക്രൗര്യവുമുള്ള നായയായിരുന്നെന്ന് സേനാംഗങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

െഎഇഡി കെണിയൊരുക്കി മാവോയിസ്റ്റ് സംഘം

മർവ വനമേഖലയിൽ സൈനിക നീക്കം തടയാനും ഗ്രാമവാസികൾ വനത്തിലേക്കു കയറാതിരിക്കാനും നക്സലുകൾ വ്യാപകമായി െഎഇഡി കെണികൾ ഒരുക്കിയിട്ടുണ്ട്. കന്നുകാലികളെ മേയ്ക്കാൻ പോയ രണ്ടു ഗ്രാമവാസികൾ അടുത്തിടെ ഇത്തരമൊരു കുഴിബോംബ് പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ നീക്കങ്ങൾ പലപ്പോഴും സൈനികർക്കു ചോർന്നു കിട്ടുന്നത് വനത്തിൽ കയറുന്ന ഗ്രാമവാസികളിലൂടെയാണ്. ഇതു തടയാനാണ് കുഴിബോംബ് കെണി. മാവോയിസ്റ്റ് നീക്കം ചോർത്താനായി, കാലിമേയ്ക്കാനെന്ന മട്ടിൽ സുരക്ഷാ സേന ഗ്രാമവാസികളെ കാട്ടിലേക്ക് അയയ്ക്കുന്നതായും പറയപ്പെടുന്നു.

യുഎസ് കമാൻഡോ സംഘത്തിലെ അംഗം

ഒസാമ ബിൻ ലാദനെ വധിക്കാൻ യുഎസ് കമാൻഡോ സംഘം നടത്തിയ സൈനിക നടപടിയിലൂടെ ലോകശ്രദ്ധ നേടിയ ഇനമാണ് ബൽജിയൻ മലിനോവ. ‘വർക്കിങ് ഡോഗ്’ എന്നു വിളിപ്പേര്. ലോകമെമ്പാടും സൈന്യത്തിനും പൊലീസിനും വേണ്ടി ഇവയുടെ സേവനം ഉപയോഗിക്കുന്നു. ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും മണത്തു കണ്ടെത്തുന്നതിൽ അസാമാന്യ മിടുക്ക്. അമേരിക്കയിൽ വൈറ്റ് ഹൗസിനു കാവലൊരുക്കാൻ ഇവയുണ്ട്. ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വേട്ടയാടിയ അമേരിക്കൻ സൈനിക സംഘത്തിലും ഇവയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

പൊലീസ്, സൈനിക സേനകളിലെ സ്ഥിരം സാന്നിധ്യമായ ജർമൻ ഷെപ്പേർഡും ബൽജിയൻ മലിനോവയും തമ്മിൽ ഏറെ സാമ്യങ്ങളുണ്ട്. ആടുകളെയും കന്നുകാലികളെയും സംരക്ഷിക്കാനാണ് ഇവയെ ആദ്യകാലത്ത് വളർത്തിയിരുന്നത്. മികച്ച കാര്യക്ഷമതയും സൂക്ഷ്മബുദ്ധിയും ഉത്സാഹക്കൂടുതലും ആക്രമണശേഷിയും അനുസരണയുമുള്ള ആ നായകൾ വളരെപ്പെട്ടെന്ന് സുരക്ഷാസേനകളുടെ ഭാഗമായി. ബൽജിയൻ ഇടയന്മാർ എന്നറിയപ്പെടുന്ന മലിനോവയ്ക്ക് അതിവേഗം കുതിച്ചുപായാനുമാവും. ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവും രോഗപ്രതിരോധശേഷിയുമുണ്ട്. അതിനാലാണ് ഇവയെ സുരക്ഷാ സേനകൾ ഉപയോഗിക്കുന്നത്.

English Summary: Drone the sniffer dog, killed in IED blast in Jharkhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com