ADVERTISEMENT

തിരുവനന്തപുരം∙സാങ്കേതിക സർവകലാശാല നടത്തുന്ന പരീക്ഷകൾക്കു മാറ്റമില്ലെന്നും വിദ്യാർഥികളിൽ തെറ്റിദ്ധാരണ പരത്താനുള്ള സംഘടിത ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ.

ആരോഗ്യ സർവകലാശാല ഉൾപ്പടെ മറ്റു സർവകലാശാലകളിൽ ഓഫ്‌ലൈൻ പരീക്ഷ സുഗമമായി നടക്കുമ്പോൾ സാങ്കേതിക സർവകലാശാലയിൽ മാത്രം പരീക്ഷ തടസ്സപ്പെടുത്താനും ബഹിഷ്‌കരിക്കാനും വിദ്യാർഥികളെ ചിലർ പ്രേരിപ്പിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിലെ തീരുമാനം അനുസരിച്ചു കേരളത്തിലെ എല്ലാ സർവകലാശാലകളും സ്വീകരിച്ച പൊതു നയത്തിന്റെ ഭാഗമായാണ് ഓഫ്‌ലൈൻ പരീക്ഷ നടത്താൻ സാങ്കേതിക സർവകലാശാലയും തീരുമാനിച്ചത്. എന്നാൽ സാങ്കേതിക സർവകലാശാലയെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണു ശ്രമം. 

പാഠ്യഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ സാധിക്കുന്ന വിധത്തിലും പഠനാവധി ഉറപ്പു വരുത്തിയുമാണു പരീക്ഷകൾ പുനഃക്രമീകരിച്ചത്. വിദ്യാർഥികൾക്കു സ്വന്തം വീടിനു സമീപമുള്ള കോളജുകളിൽ പരീക്ഷ എഴുതാനുള്ള പ്രത്യേക സെന്റർ ചേഞ്ച് സംവിധാനവും ഏർപ്പെടുത്തി. സാങ്കേതിക സർവകലാശാലാ വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകി സർക്കാർ ഉത്തരവും ഇറക്കിയിട്ടുണ്ട്. 100 മാർക്കിന്റെ പരീക്ഷ 70 മാർക്കിന്റെ പരീക്ഷയാക്കുകയും ദൈർഘ്യം 3 മണിക്കൂറിൽ നിന്നു രണ്ടേകാൽ മണിക്കൂറായി കുറയ്ക്കുകയും ചെയ്‌തു.

ജയിക്കാൻ 40ന് പകരം 28 മാർക്ക് മതി. കോവിഡ് മൂലമോ അനുബന്ധ പ്രശ്നങ്ങൾ മൂലമോ പരീക്ഷ എഴുതാൻ കഴിയാത്തവർക്കു പ്രത്യേക അവസരം നൽകും. അത് അവരുടെ ആദ്യ ചാൻസ് ആയി പരിഗണിക്കുകയും ചെയ്യും. ഇങ്ങനെ സംഘടിപ്പിക്കുന്ന പരീക്ഷകൾക്ക് എതിരെയാണു പ്രചാരണം. 

വിവിധ സെമസ്റ്ററുകളിലെ ഒരു ലക്ഷത്തോളം വിദ്യാർഥികൾക്കു വീടുകളിൽ ഇരുന്നു പരീക്ഷ എഴുതാൻ കഴിയുന്ന കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനം നിലവിൽ വരുന്നതുവരെ പരീക്ഷകൾ ഓഫ്‌ലൈൻ ആയി മാത്രമേ നടത്താൻ സാധിക്കൂ. ഓഫ്‌ലൈൻ പരീക്ഷകളുമായി മുന്നോട്ടു പോകാൻ ഹൈക്കോടതിയും സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.

പ്രമുഖ സാങ്കേതിക സർവകലാശാലകളായ വിശ്വേശ്വരയ്യ, ജവഹർലാൽ നെഹ്‌റു ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി,കുസാറ്റ് എന്നിവിടങ്ങളിൽ ഓഫ്‌ ലൈൻ മാതൃകയാണു സ്വീകരിച്ചിരിക്കുന്നത്. പരീക്ഷ നീട്ടിവച്ചാൽ കോഴ്‌സ് നീണ്ടു പോകും. അതു സമർഥരായ വിദ്യാർഥികളുടെ ക്യാംപസ് പ്ലേസ്‌മെന്റിനെയും, ഉന്നത വിദ്യാഭ്യാസ സാധ്യതയെയും ബാധിക്കും. അതുകൊണ്ടു തന്നെ നിശ്ചയിച്ച പരീക്ഷകൾ പ്രഖ്യാപിച്ച തീയതികളിൽ തന്നെ നടത്താൻ സർവകലാശാല ബാധ്യസ്ഥമാണെന്നും വിസി അറിയിച്ചു.

English Summary: No change in KTU exams, says VC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com