ADVERTISEMENT

ന്യൂഡൽഹി∙ പെഗസസ് ദുരുപയോഗിച്ചതിനു വിശ്വസനീയമായ തെളിവുകളുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് നിർമാതാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒ. വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നാണു കമ്പനിയുടെ നിലപാട്. പെഗസസിനെതിരായ മാധ്യമ ക്യാംപെയ്ൻ ചില പ്രത്യേക സംഘങ്ങളുടെ താൽപര്യ പ്രകാരം ഫോർബിഡൻ സ്റ്റോറീസ് നടപ്പാക്കിയതാണ്. 17 മാധ്യമ സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ പുറത്തുവിട്ട വിവരങ്ങൾ ഇതിന്റെ ഭാഗമാണെന്നാണു കമ്പനിയുടെ നിലപാട്.

സാങ്കേതിക വിദ്യ ദുരുപയോഗിച്ചതിൽ വിശ്വസനീയമായ തെളിവുകളെക്കുറിച്ച് എൻഎസ്ഒ കൃത്യമായി അന്വേഷിക്കുമെന്നു കമ്പനി വക്താവ് അറിയിച്ചു. സ്പൈവെയറിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രയേൽ ഉന്നത സംഘത്തെ നിയോഗിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് എൻഎസ്ഒയുടെ നീക്കം. ചാരപ്രവർത്തനത്തിന് ഇരയാക്കപ്പെട്ടവരുടേതെന്ന രീതിയിൽ പുറത്തുവന്ന ലിസ്റ്റും എൻഎസ്ഒ തള്ളി. പെഗസസ് ലക്ഷ്യമിട്ടെന്നു പറഞ്ഞു പുറത്തുവരുന്ന പേരുകളെല്ലാം തെറ്റാണെന്നും കമ്പനി അറിയിച്ചു.

വിവിധ രാജ്യങ്ങളിലെ 10 പ്രധാനമന്ത്രിമാർ, മൂന്ന് പ്രസിഡന്റുമാർ, ഒരു രാജാവ് തുടങ്ങിയവരെയും പെഗസസ് ലക്ഷ്യമിട്ടിരുന്നെന്നാണു മാധ്യമങ്ങൾ പുറത്തുവിട്ട വിവരം. ഇന്ത്യയിൽ രാഹുല്‍ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ, കേന്ദ്ര സർക്കാരിലെ രണ്ട് മന്ത്രിമാർ, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ പെഗസസ് ഉപയോഗിച്ചെന്നാണ് ദ് വയർ റിപ്പോർട്ട് ചെയ്തത്.

പെഗസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തെക്കുറിച്ചു പാർലമെന്റിനുള്ളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അന്വേഷണത്തിനു കേന്ദ്രം തയാറാകും വരെ ഇരു സഭകളിലും പ്രതിഷേധമുയർത്തും.

English Summary: "Will Probe Any Credible Proof Of Misuse," Says Pegasus Maker NSO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com