'കോടിയേരിയുടെ കാലത്ത് ഫോണ്‍ ചോര്‍ത്തല്‍ യന്ത്രം വാടകവീട്ടില്‍; എന്റെ ഫോണ്‍ ചോര്‍ത്തി'

ramesh-chennithala-mobile-phone
രമേശ് ചെന്നിത്തല. ചിത്രം – മനോരമ
SHARE

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തന്റെ ഫോൺ പൊലീസ് നിരന്തരം ചോർത്തിയിരുന്നെന്ന് രമേശ് ചെന്നിത്തല. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ നിരീക്ഷിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ ഫോൺ ചോർത്തലിനെതിരെ രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചത്.

പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തിൽ തന്റെ ഫോൺ നിരന്തരം നീരീക്ഷിച്ചിരുന്നതായി രമേശ് ചെന്നിത്തല മനോരമ ഓൺലൈനോട് പറ‍ഞ്ഞു. മുൻ ആഭ്യന്തരമന്ത്രിയായതിനാൽ പൊലീസിന്റെ ഫോൺ ചോർത്തൽ രീതികളറിയാം. ഫോൺ ചോർത്തൽ സൂചന ലഭിച്ചപ്പോൾ മുഖ്യമന്ത്രിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചെങ്കിലും അങ്ങനെയൊരു സംഭവമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ഫോൺ ചോർത്താൻ കഴിയുമെന്ന് മുൻ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ തനിക്കറിയാം. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് വാടക വീട്ടിലായിരുന്നു ഫോൺ ചോർത്താനുള്ള യന്ത്രം സ്ഥാപിച്ചിരുന്നത്. താൻ ആഭ്യന്തരമന്ത്രിയായിരിക്കേ അത് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്കു മാറ്റി. അഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോൺ ചോർത്തരുതെന്നു നിർദേശം നൽകി.

ramesh-chennithala-mobile
രമേശ് ചെന്നിത്തല. ചിത്രം – മനോരമ

രാജ്യദ്രോഹം, കള്ളനോട്ടടി തുടങ്ങിയവയുമായി ബന്ധമുള്ളവരുടെ ഫോണുകൾ മാത്രമാണ് അന്ന് ചോർത്തിയിരുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാർ അവർക്കു താൽപര്യമുള്ള പാർട്ടി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വച്ച് പ്രധാന ആളുകളുടെ ഫോൺ ചോർത്താൻ തുടങ്ങിയപ്പോഴാണ് താൻ ഇടപെട്ടത്. ഇപ്പോൾ ഫോൺ ചോർത്തൽ നിർത്തി. ഫോണുകൾ ചോർത്തിയെന്നത് സത്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യൻ ടെലഗ്രാഫ് ഭേദഗതി ചട്ടം 2007 അനുസരിച്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് ഫോൺ സംഭാഷണം നിരീക്ഷിക്കാൻ അനുമതി നൽകാനുള്ള അധികാരം. 60 ദിവസത്തേക്കാണ് അനുമതി നൽകുന്നത്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് ഫോൺ സംഭാഷണം നീരിക്ഷിക്കാനാകും. മൂന്നു ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയെ അറിയിച്ച് 7 ദിവസത്തിനകം ഉത്തരവ് നേടണം.

ഇന്ത്യൻ ടെലഗ്രാഫ് ആക്ട് സെക്ഷൻ 7 അനുസരിച്ച് നിയമപരമല്ലാത്ത ടെലഫോൺ നിരീക്ഷണങ്ങൾ കുറ്റകരമാണ്. ആഭ്യന്തര സെക്രട്ടറി നൽകുന്ന അനുമതി ഉത്തരവ് അവലോകനം ചെയ്യാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി പൊതുഭരണവകുപ്പ് സെക്രട്ടറി, നിയമസെക്രട്ടറി എന്നിവർ അംഗങ്ങളായും സംസ്ഥാനതല അവലോകന സമിതി രൂപീകരിച്ചിട്ടുണ്ട്.

പൊലീസ് പ്രത്യേക ഫോമിൽ കേസ് വിശദാംശം, വ്യക്തിയുടെ പങ്ക് എന്നിവയെല്ലാം രേഖപ്പെടുത്തിവേണം അനുമതിക്കായി ആഭ്യന്തര സെക്രട്ടറിക്കു സമർപ്പിക്കേണ്ടത്. എന്നാൽ കേസ് നമ്പരും ഫോൺ നമ്പരും മാത്രമേ സാധാരണ പൊലീസ് നൽകാറുള്ളൂ. ഫോൺ ചോർത്തിയശേഷമായിരിക്കും ആഭ്യന്തര സെക്രട്ടറിയോട് അനുവാദം ചോദിക്കുന്നത്.

മൊബൈൽ സേവനദാതാക്കളോട് പൊലീസ് ആവശ്യപ്പെടുന്നതനുസരിച്ച് സംഭാഷണം ചോർത്തി നൽകും. രണ്ടുപേർ തമ്മിലുള്ള ഫോണ്‍ സംഭാഷണം ആരംഭിച്ചാൽ ഉടൻ പൊലീസ് നൽകിയ ഫോണിലേക്ക് കോൾ തിരിച്ചു വിടുന്നതാണ് പിന്തുടരുന്ന രീതി. കോള്‍ ലിസ്റ്റ് എടുക്കാൻ എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മതിയെന്നതും വ്യാപകമായി ദുരുപയോഗത്തിന് ഇടയാക്കുന്നു.

English Summary: Ramesh Chennithala's allegation on tapping his phone while he was opposition leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA