സിദ്ദു മാപ്പു പറയില്ലെന്ന് അനുയായികൾ; പഞ്ചാബിൽ ‘മാറ്റത്തിന്റെ കാറ്റോ’?

Amarinder-Singh-and-Navjot-Singh-Sidhu
അമരീന്ദർ സിങ്, നവജ്യോത് സിങ് സിദ്ദു
SHARE

ചണ്ഡിഗഡ്∙ കോൺഗ്രസ് നേതാവു സോണിയാ ഗാന്ധിയുടെ ആശിർവാദത്തോടെ നവജ്യോത് സിങ് സിദ്ധുവിനെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചിട്ടും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും സിദ്ദുവും തമ്മിലുള്ള അസ്വാരസ്യം അവസാനിക്കാത്തതോടെ പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. 

∙ വഴങ്ങാതെ അമരീന്ദർ

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ടാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വംതന്നെ മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായാണു സിദ്ദുവിനെ കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. എന്നാൽ സിദ്ദുവിനു സ്ഥാനക്കയറ്റം നൽകിയതിലെ അസംതൃപ്തി പരസ്യമാക്കിയ അമരീന്ദൻ പഞ്ചാബ് കോൺഗ്രസിൽ ഇടപെട്ടതിനെക്കുറിച്ചു സോണിയാ ഗാന്ധിയോടുതന്നെ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സിദ്ദുവുമായുള്ള ഉച്ചഭക്ഷണത്തിൽനിന്നും അമരീന്ദർ വിട്ടുനിന്നു. 

സിദ്ദു പരസ്യമായി മാപ്പു പറഞ്ഞാൽ മാത്രം ഒത്തുപോകാമെന്നാണ് അമരീന്ദറിന്റെ ഒടുവിലത്തെ പ്രഖ്യാപനം. എന്നാൽ, സോണിയ ഗാന്ധിയുടെ പിന്തുണ കൂടി ഉറപ്പായ സാഹചര്യത്തിൽ തൽക്കാലം 79 കാരനായ അമരീന്ദറിനു മുന്നിൽ മുട്ടുമടക്കേണ്ട എന്ന തീരുമാനത്തിലാണ് 57 കാരനായ സിദ്ദു എന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രായമേറിയ മുഖ്യമന്ത്രിയാണ് അമരീന്ദർ. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി ചുമതല ഏറ്റതിനു ശേഷം സിദ്ദു പാർട്ടി പ്രവർത്തകരുമായി വച്ചുപുലർത്തുന്ന അടുപ്പം അമരീന്ദറിന്റെ രാഷ്ട്രീയ ഭാവി കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാണ്. 

∙ അമരീന്ദറിനു ബദലായി ‘പഞ്ചാബ് മോഡൽ’ 

Navjot Singh Sidhu Photo: @sherryontopp /Twitter

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കേണ്ട ‘പഞ്ചാബ് മോഡലുമായി’ ബന്ധപ്പെട്ടാണു സിദ്ദു പാർട്ടി പ്രവർത്തകരും നേതാക്കളുമായി ചർച്ചകൾ നടത്തിയത്. 2017ലെ കോൺഗ്രസ് പ്രകടനപത്രികയിലെ അമരീന്ദർ സിങ്ങിന്റെ ‘നടപ്പിലാക്കാത്ത’ പ്രഖ്യാപനങ്ങളുടെ ബദലാണു സിദ്ദുവിന്റെ പുതിയ മാതൃക. 

പുതിയ ചുമതല ലഭിച്ചതിനു 2 ദിവസങ്ങൾക്കുള്ളിൽത്തന്നെ 40 എംഎൽഎമാർ അടക്കമുള്ള നേതാക്കളുമായി വിശദമായി ആശയവിനിമയം നടത്തിയ സിദ്ദു ഇന്നു 62 എംഎൽഎമാരുമായി പ്രത്യേക യോഗം ചേർന്നു. 117 അംഗങ്ങൾ ഉള്ള പഞ്ചാബ് നിയമസഭയിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങും സിദ്ദുവും അടക്കം 77 പ്രതിനിധികളാണു കോൺഗ്രസിനുള്ളത്.  

എംഎൽഎമാരുമായുള്ള യോഗത്തിനു ശേഷം സിദ്ദു ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, ‘മാറ്റത്തിന്റെ കാറ്റുവീശിക്കഴിഞ്ഞു, ജനങ്ങൾക്കുവേണ്ടി, ജനങ്ങളിൽനിന്ന്, ജനങ്ങളാൽത്തന്നെ,’ സിദ്ദുവിനായി ജനങ്ങൾ ഹർഷാരവം മുഴക്കുന്ന വിഡിയോയും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇതിനു ശേഷം സിദ്ദു മാപ്പു പറഞ്ഞാൽ, പ്രശ്നങ്ങൾ പരിഹരിച്ചു യോജിച്ചു പോകാമെന്ന് അമരീന്ദർ ക്യാംപ് വീണ്ടും വ്യക്തമാക്കി.

എന്നാൽ അമരീന്ദറിനോടു മാപ്പു പറയുന്ന പ്രശ്നമേയില്ലന്നാണു സിദ്ദുവിന്റെ അനുയായികൾ ഉറപ്പിച്ചു പറയുന്നത്. കൃഷി, വൈദ്യുതി, വികസനം തുടങ്ങിയ വിഷയങ്ങളിൽ അമരീന്ദറിനെ കടന്നാക്രമിക്കാനുള്ള ശ്രമത്തിലാണു സിദ്ദു എന്ന സൂചനകളും ലഭിക്കുന്നു. ശിരോമണി അകാലി ദൾ (എസ്എഡി), ബിജെപി, ആം ആദ്മി പാർട്ടി എന്നീ പ്രതിപക്ഷ കക്ഷികൾ പഞ്ചാബിൽ താരതമ്യേന ദുർബലമായ സാഹചര്യത്തിൽ അടുത്ത നിയമസഭാ തിര‍ഞ്ഞെടുപ്പിൽ അമരീന്ദർ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടേണ്ടിവരിക സിദ്ദുവിൽനിന്നായിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

English Summary: Winds of change: Navjot Sidhu flexes muscle after Amarinder camp seeks apology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA