ADVERTISEMENT

ജനീവ∙ അതിതീവ്ര വ്യാപനത്തിനു വഴി തെളിക്കുന്ന കോവിഡ് ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 124 രാജ്യങ്ങളിലാണു നിലവിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 13 രാജ്യങ്ങളിൽക്കൂടി ഡെൽറ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചു.

പല രാജ്യങ്ങളിൽനിന്നും ശേഖരിച്ച കോവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. മറ്റുള്ള എല്ലാ വകഭേദങ്ങൾക്കുമേലും ഡെൽറ്റ ആധിപത്യം സ്ഥാപിക്കുമെന്നും ഇനിയുള്ള മാസങ്ങളിൽ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ബ്രിട്ടനിൽ ആദ്യം സ്ഥിരീകരിച്ച ആൽഫ, ദക്ഷിണാഫ്രിക്കയിൽ ആദ്യം സ്ഥിരീകരിച്ച ബീറ്റ, ബ്രസീലിൽ ആദ്യം സ്ഥിരീകരിച്ച ഗാമ എന്നിവയാണ് ആശങ്കയ്ക്കു വക നൽകുന്ന മറ്റു വകഭേദങ്ങൾ. ആൽഫ 180 രാജ്യങ്ങളിലും ബീറ്റ 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലൈ 20 മുതലുള്ള 4 ആഴ്ചകളിൽ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽനിന്നു ശേഖരിച്ച സാർസ്–കോവ്–2 സീക്വൻ‌സുകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തിൽ അധികമാണ്. 

palakkad-delta-plus

∙ 12 ശതമാനം വർധന

ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ ലോകത്തു 34 ലക്ഷം കോവിഡ് കേസുകളാണു പുതുതായി സ്ഥിരീകരിച്ചതെന്നാണു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. മുൻപത്തെ ആഴ്ചയെക്കാൾ രോഗവ്യാപനത്തിൽ 12 ശതമാനത്തിന്റെ വർധന ഉണ്ടായി. രോഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ അടുത്ത 3 ആഴ്ചയ്ക്കുള്ളിൽ ലോകത്തെ 20 കോടി ആളുകളിൽ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

വ്യാപന ശക്തി കൂടുതലുള്ള പുതിയ വകഭേദങ്ങള്‍, സുരക്ഷാ മുൻകരുതലുകളിലെ ഇളവുകൾ, സാമൂഹിക ഒത്തുചേരലുകൾ, ഇപ്പോഴും വാക്സീൻ സ്വീകരിക്കാത്തവരായുള്ള ഒട്ടേറെ ആളുകൾ എന്നീ 4 കാരണങ്ങളാണു രോഗവ്യാപനത്തിന്റെ തോതു വർധിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ പശ്ചിമ പസിഫിക് മേഖലയിൽ 30 ശതമാനം വർധനയും യൂറോപ്പിൽ‌ 21 ശതമാനം വർധനയും ഉണ്ടായതായാണു കണക്കുകൾ. ഇന്തൊനീഷ്യയിലാണ് പുതുതായി (350,273) ഏറ്റവും അധികം കേസുകൾ സ്ഥിരീകരിച്ചത്. ഇവിടെ 44 ശതമാനമാണു വർധന. ബ്രിട്ടൻ (296,447– 41 ശതമാനം വർധന), ബ്രസീൽ (287,610– 14 ശതമാനം കുറവ്) എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നിൽ. 

English summary: Covid Delta Variant To Dominate Within Months: WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com