ADVERTISEMENT

‘‘ഞങ്ങളാണ് തെലങ്കാനയിലെ പ്രധാന പ്രതിപക്ഷം. ജനം ദുരിതമനുഭവിക്കുന്നതിനാലാണ് ഞാന്‍ പദയാത്ര നടത്തുന്നത്. ജനത്തിനു പ്രശ്നമൊന്നുമില്ലെങ്കില്‍ ഇവിടെ പദയാത്ര നടത്തേണ്ട ആവശ്യമില്ല.’’ - പിതാവ് വെ.എസ്.രാജശേഖര റെഡ്ഡിയുടെ ജന്മദിനമായ ജൂലൈ എട്ടിന് പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷം കഴിഞ്ഞയാഴ്ച നടത്തിയ കന്നി പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനെ (കെസിആര്‍)  വെല്ലുവിളിച്ച് വെ.എസ്.ശര്‍മിള നടത്തിയ തീപ്പൊരി പ്രഖ്യാപനമാണിത്. പിതാവിന്‌റെ വഴിയേ പദയാത്ര നടത്തി ജനത്തിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ശര്‍മിളയുടെ തീരുമാനം. 

'രാജണ്ണ രാജ്യം' (ക്ഷേമസംസ്ഥാനം എന്ന ലക്ഷ്യവുമായി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ  ഭരണം) കൊണ്ടുവന്ന് തെലങ്കാനയുടെ ക്ഷേമത്തിനും വികസനത്തിനുമായി പോരാടുമെന്നാണ് പ്രഖ്യാപിച്ചാണ് രാഷ്ട്രീയ ഗോദയിലേക്ക് ശര്‍മിളയുടെ മാസ് എന്‍ട്രി. എന്നാല്‍, സഹോദരന്‍ വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിക്കു പിന്തുണയുമായി തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പങ്കെടുത്തിട്ടുള്ളതല്ലാതെ ശര്‍മിള ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല.  തെലങ്കാനയിലെ വോട്ടര്‍മാരുമായി അടുക്കാന്‍ പദയാത്രയാണ് നല്ലതെന്നു ശര്‍മിള കരുതുന്നു. റെഡ്ഡി കുടുംബത്തിന്റെ പൊതു രീതിയാണ് പദയാത്ര. ഇത് പിതാവിനെ മാത്രമല്ല, സഹോദരനെയും ആന്ധ്രയിൽ ഭരണം നേടാൻ ഏറെ സഹായിച്ചിരുന്നു. 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാഷ്ടീയ മോഹം വെളിപ്പെടുത്തിയ ശര്‍മിള, അടുത്ത സഹായി വടുഗ രാജഗോപാലിന്റെ പേരിലാണ് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി എന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തത്. സഹോദരന്‍ വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവുമായിരിക്കെ ശര്‍മിള പുതിയ പാര്‍ട്ടിയുമായി ഗോദയിലേക്കിറങ്ങിയത് ആന്ധ്രാ-തെലങ്കാന രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. ജഗനുവേണ്ടി ശര്‍മിള മുന്‍പ് പ്രചാരണം നടത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. ശര്‍മിളയുടെ കുടുംബം ആന്ധ്രയില്‍ നിന്നുള്ളവരാണ്. അച്ഛന്‍ ആന്ധ്രാ വിഭജനത്തിന്റെ കടുത്ത എതിരാളിയും. അങ്ങനെയിരിക്കെ ശര്‍മിള എന്തിന് തെലങ്കാനയില്‍ ഒരു പാര്‍ട്ടി രൂപീകരിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. അതിനെ നേരിടുകയാണ് പദയാത്രയിലൂടെ ശര്‍മിളയുടെ ലക്ഷ്യവും.

YS-Sharmila-YS-Rajasekhara-Reddy
വെ.എസ്.ശര്‍മിള പിതാവ് വെ.എസ്.രാജശേഖര റെഡ്ഡിക്കൊപ്പം (Photo: twitter, @realyssharmila)

∙ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്'

2004 മുതല്‍ 2009 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്നു വൈഎസ്ആര്‍. ഏകീകൃത ആന്ധ്രാപ്രദേശിന്റെ വക്താവായിരുന്ന അദ്ദേഹം ഒരു പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള കെസിആറിന്റെ ആവശ്യത്തെ ശക്തമായി എതിർത്തു. തെലങ്കാന പ്രസ്ഥാനം ആരംഭിക്കാന്‍ തുടങ്ങിയപ്പോഴും, 2009 ലെ ഏകീകൃത ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ വൈഎസ്ആറിന് കഴിഞ്ഞു. 2009 സെപ്റ്റംബര്‍ രണ്ടിന് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ മരിച്ചു. പിതാവിന്റെ മരണത്തിനു പിന്നാലെ മുഖ്യമന്ത്രിയാകാനുള്ള ശ്രമങ്ങള്‍ ജഗന്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. 

അന്നുവരെ അണിയറയ്ക്കുള്ളിലായിരുന്ന ശര്‍മിള 2012ല്‍ അഴിമതിക്കേസില്‍ ജഗന്‍ അറസ്റ്റിലാകുന്നതോടെയാണ് അരങ്ങത്തേക്കുവരുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത ശര്‍മിളയുടെ കീഴില്‍ പാര്‍ട്ടി മിന്നും വിജയം നേടി. 2013 ല്‍ ജഗന്‍ ജാമ്യത്തിലിറങ്ങിയതോടെ ശര്‍മിള വീണ്ടും അപ്രത്യക്ഷമായി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശര്‍മിള വീണ്ടും തിരിച്ചെത്തി. സഹോദരിയുടെ പ്രചാരണ തന്ത്രത്തില്‍ എന്‍.ചന്ദ്രബാബു നായിഡുവിനെ താഴെയിറക്കി ജഗന്‍ ആന്ധ്ര മുഖ്യമന്ത്രിയായി.

Jagan-Mohan-Reddy
വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി (ഫയൽ ചിത്രം)

∙ സഹോദരന്റെ പിന്തുണ

വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന സഹോദരിയെ ജഗന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അല്ലെന്നും വാദങ്ങളുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത് ജഗനെ ചൊടിപ്പിച്ചെന്നാണ് പൊതുവെയുള്ള സംസാരം. അധികാരത്തില്‍ വന്നാല്‍ തന്റെ സഹോദരന്‍ കൂടിയായ ആന്ധ്ര മുഖ്യമന്ത്രിയുമായുള്ള ചർച്ചകളിലും തെലങ്കാന സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കാകും മുന്‍ഗണനയെന്നാണ് ശര്‍മിളയുടെ പ്രഖ്യാപനം.

സഹോദരങ്ങള്‍ തമ്മില്‍ വ്യക്തിപരമായ വിള്ളല്‍ ഉണ്ടാകണമെന്നില്ല, പക്ഷേ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. രണ്ട് തെലുങ്ക് സംസ്ഥാനങ്ങള്‍ തമ്മില്‍ സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് ശര്‍മിളയോട് ജഗന്‍ പറഞ്ഞതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഗോദാവരി-കൃഷ്ണ ജല തര്‍ക്കമുള്‍പ്പെടെ ഇരുസംസ്ഥാനങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ജഗന്റെ നീക്കങ്ങള്‍ നിര്‍ണായകമാണ്. 

ys-sharmila-2
വെ.എസ്.ശര്‍മിള (Photo: twitter, @realyssharmila)

∙ ശർമിളയ്ക്ക് മുന്നിൽ വെല്ലുവിളികളേറെ

2023 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ശര്‍മിളയുടെ നോട്ടം. പിതാവിന്റെ പാരമ്പര്യത്തിന്റെ കൂടി പിൻബലത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടാക്കാമെന്നാണ് ശര്‍മിളയുടെ പ്രതീക്ഷ. സമാനമായ സൂത്രവാക്യം സഹോദരന്‍ ജഗനെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാക്കാന്‍ സഹായിച്ചിരുന്നു. 2019 ലെ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 'രാജന്‍ രാജ്യം' അഥവാ വൈഎസ്ആര്‍ മേല്‍നോട്ടം വഹിച്ച ക്ഷേമരാഷ്ട്രം വാഗ്ദാനം ചെയ്ത് തെലുങ്ക് ദേശം പാര്‍ട്ടിയെ പുറത്താക്കി ജഗന്‍ അധികാരത്തിലേറി.

വൈഎസ്ആറിന്റെ പദ്ധതികളില്‍ ധാരാളം പേർക്കു പ്രയോജനം ലഭിച്ചിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ അദ്ദേഹം അകാലത്തിൽ മരിച്ചപ്പോള്‍ ജനം ഏറെ വൈകാരികമായി പ്രതികരിച്ചതും അതിനാലാണ്. എന്നാല്‍, വരുന്ന തെലങ്കാന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പഴയ കാലം ഓര്‍മിക്കുകയും ശര്‍മിളയെ പിന്തുണയ്ക്കുകയും ചെയ്യുമോയെന്ന് കണ്ടറിയുകയേ വഴിയുള്ളൂ.

പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രസ്ഥാനത്തെ വൈഎസ്ആർ ഏറെ എതിര്‍ത്തു വന്ന നിലപാടിനിടെ അദ്ദേഹത്തിന്റെ മകൾ സ്വയം തെലങ്കാന ജനതയുടെ രക്ഷകയായി അവതരിക്കാനൊരുങ്ങുന്നുവെന്ന വൈരുധ്യവുമുണ്ട്. തെലങ്കാന വികാരത്തിനൊപ്പം പിതാവിന്റെ വികസന വെളിച്ചം കൂടിയെത്തിക്കാൻ ശ്രമിക്കുന്ന ശർമിളയുടെ നീക്കവും ഫലപ്രദമാകുമോ എന്നത് വ്യക്തമല്ല. ഇത്തരം സാഹചര്യങ്ങൾ തിരഞ്ഞെടുപ്പില്‍ ശർമിളയെ സഹായിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. തെലങ്കാന രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ശൂന്യതയില്ല. കെസിആറിനു കീഴില്‍ ടിആര്‍എസ് ദുര്‍ബലമാകുമെന്ന് തോന്നുന്നില്ല. അങ്ങനെയിരിക്കെ ശര്‍മിളയ്ക്ക് അവിടെ ഏങ്ങനെ പച്ചപിടിക്കാനാകുമെന്നാണ് നിരീക്ഷകരുടെ ചോദ്യം.

എന്നാൽ ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ക്ക് മികച്ച രീതിയിൽ ജനവുമായി സംവദിക്കാനാകുന്നുവെന്നത് പ്രത്യേകതയാണ്. ജനത്തെ ഇളക്കിമറിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും ശര്‍മിള പ്രശസ്തയും. 2012 ലും 2013 ലും പദയാത്രയ്ക്കിടെ, ഉയര്‍ത്തിയ 'നേനു ജഗന്നന്ന ഒഡിലിന ബാനാനി' എന്ന മുദ്രാവാക്യം വന്‍ ഹിറ്റായിരുന്നു.

2019 ലെ തിരഞ്ഞെടുപ്പ് വേളയില്‍ 'ബൈ ബൈ ബാബു', 'ബൈ ബൈ പപ്പു' എന്നീ മുദ്രാവാക്യങ്ങളുമായി ശര്‍മിള പ്രചാരണം നടത്തി. ആദ്യത്തേത് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും രണ്ടാമത്തേത് മകന്‍ എന്‍. ലോകേഷിനെയും ലക്ഷ്യം വച്ചായിരുന്നു. ഇതും തെലുങ്ക് ജനത ഏറ്റെടുത്തിരുന്നു. മാത്രമല്ല, റെഡ്ഡികള്‍ പരമ്പരാഗതമായി തെലങ്കാനയിലെ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. ഇതില്‍ വിള്ളല്‍ വീഴ്ത്താനും കെസിആര്‍ വിരുദ്ധ വോട്ടുകള്‍ നേടാനാകുമെന്നുമാണ് ശര്‍മിളയുടെ കണക്കുകൂട്ടൽ.

English Summary: YS Sharmila and her political eye on Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com