ADVERTISEMENT

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്നു വ്യക്തമാക്കി ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ. സർക്കാർ രണ്ടുവർഷം പൂർത്തിയാകുന്ന ജൂലൈ 26ന് ശേഷം കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്നാണു യെഡിയൂരപ്പ പറഞ്ഞത്. പാർട്ടി തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

‘‘നമ്മുടെ സർക്കാർ രണ്ടുവർഷം പൂർത്തിയാകുന്ന ജൂലൈ 26ന് ആഘോഷ പരിപാടിയുണ്ട്. അതിനുശേഷം, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ തീരുമാനിക്കുന്നതെന്തും അനുസരിക്കും. മറ്റൊരാൾക്കു വഴിയൊരുക്കാൻ രാജിവയ്ക്കുമെന്നു രണ്ടുമാസം മുൻപു ഞാൻ പറഞ്ഞിരുന്നതായി നിങ്ങൾക്കെല്ലാവർക്കും അറിയാം. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയെ അധികാരത്തിൽ എത്തിക്കുകയെന്നത് എന്റെ കടമയാണ്. പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ഇതിനായി സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇതുവരെയും രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർദേശം വരുമ്പോൾ രാജിവച്ചു പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും.’’– യെഡിയൂരപ്പ പറഞ്ഞു.

പാർട്ടി നേതൃത്വം തന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഈ മാസം 26ന് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ബിജെപി കേന്ദ്രനേതൃത്വത്തിന് ‘മറുപടിയുമായി’ യെഡിയൂരപ്പ രംഗത്തെത്തിയിരുന്നു. ‘പ്രതിഷേധിക്കാനോ അച്ചടക്ക ലംഘനത്തിനോ മുതിരരുത്’ എന്നു പാർട്ടി പ്രവർത്തകരോടു നിർദേശിക്കുന്ന ട്വീറ്റ് ദേശീയ നേതൃത്വത്തിനുള്ള സൂചനയായാണു വിലയിരുത്തപ്പെട്ടത്.

ദക്ഷിണേന്ത്യയിലെ ആദ്യത്തേയും ഒരേയൊരു ബിജെപി മുഖ്യമന്ത്രിയുമാണു യെഡിയൂരപ്പ. 2019 ജൂലൈയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പുറത്താക്കി അധികാരമേറ്റു രണ്ടുവർഷം പൂർത്തിയാകാറായപ്പോഴാണു സ്ഥാനചലനത്തെപ്പറ്റി അഭ്യൂഹങ്ങളുണ്ടായത്. ചില ബിജെപി എം‌എൽ‌എമാരാണ് കരുനീക്കുന്നത്. ജനസംഖ്യയുടെ 16 ശതമാനം വരുന്ന വീരശൈവ-ലിംഗായത്ത് സമുദായത്തിലെ രാഷ്ട്രീയ, മത നേതാക്കളുടെ പിന്തുണയാണു യെഡിയൂരപ്പയുടെ ശക്തി.

INDIA-POLITICS
ബി.എസ്.യെഡിയൂരപ്പ (ഫയൽ ചിത്രം)

English Summary: May Not Remain Chief Minister, Will Obey Party, Says BS Yediyurappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com