മോദി സർക്കാരിലെ ‘ആദ്യ’ കലാപകാരി; പട നയിച്ച് പഠോളെ, ഉറക്കം കെടുന്നത് ഉദ്ധവിന്റെ!

narendra-modi-nana-patole
നരേന്ദ്ര മോദി (ഫയൽ ചിത്രം: PRAKASH SINGH / AFP), നാനാ പഠോളെ (ചിത്രം: PTI)
SHARE

മുംബൈ∙ ഒരു ദശാബ്ദത്തിലേറെയായി കാര്യമായ ശബ്ദവും അനക്കവുമില്ലാതെ പാർട്ടി അധ്യക്ഷന്മാർ വരികയും മാറിപ്പോവുകയും ചെയ്തിട്ടുള്ള സംസ്ഥാനം; മഹാരാഷ്ട്രയിൽ കോൺഗ്രസിനു ഉണർവേകുകയാണ് സംസ്ഥാന അധ്യക്ഷൻ നാനാ പഠോളെ. ഒച്ചയും അനക്കവുമില്ലാതിരുന്ന കാലം മാറി, ചുമതലയേറ്റ് അഞ്ചു മാസത്തിനുള്ളിൽ വാർത്തകളിൽ നിറയുകയാണ് പഠോളെ. 2021 ഫെബ്രുവരി അഞ്ചിനാണ് സോണിയ ഗാന്ധിയുടെ ആശീർവാദത്തോടെ പഠോളെ അധ്യക്ഷ സ്ഥാനത്തെത്തിയത്. അന്നു മുതൽ അദ്ദേഹം ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്– ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് ഒറ്റയ്ക്കു മൽസരിക്കുമെന്നത്. നിലവിലെ സഖ്യകക്ഷികളായ ശിവസേനയിലും എൻസിപിയിലും മാത്രമല്ല, കോൺഗ്രസിലെ ഒരു വിഭാഗത്തിലും ഇതുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. 

സഖ്യകക്ഷികളെ പ്രകോപിപ്പിച്ച് ഉള്ള ഭരണം കൂടി കളയുമോയെന്ന് ചില കോൺഗ്രസ് നേതാക്കൾ ആശങ്കപ്പെടുന്നു. എന്നാൽ, അതൊന്നും പഠോളെ ഗൗനിക്കുന്നില്ല. പാർട്ടി പ്രവർത്തകരുടെ യോഗത്തിനെത്തിയാൽ അദ്ദേഹം പതിവു പല്ലവി ആവർത്തിക്കും: ‘ഇനി കോൺഗ്രസ് ഒറ്റയ്ക്കു തന്നെ’. കഴിഞ്ഞ  ദിവസം ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷവും അദ്ദേഹം പറഞ്ഞു–‘വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് ഒറ്റയ്ക്കായിരിക്കും മത്സരിക്കുക. ആരുമായും സഖ്യത്തിനില്ല’. ഇതിനു രാഹുൽ ഗാന്ധിയുടെ സമ്മതം ലഭിച്ചതായും പഠോളെ പറഞ്ഞു.

rahul-gandhi
രാഹുൽ ഗാന്ധി.

അടുത്തതായി നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ബൃഹൺമുംബൈ മുനിസിപ്പൽ കോർപറേഷനിലേക്കാണ് (ബിഎംസി). അതിൽ ഒറ്റയ്ക്കു മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാര്യം ചോദിച്ചപ്പോൾ, അതിന് ഇനിയും ഏറെ സമയമില്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള മറുചോദ്യം. സംസ്ഥാന ഭരണസഖ്യമായ മഹാ വികാസ് അഘാഡിയിൽ ‘മുറിവേൽപിക്കരുതെന്ന’ മുന്നറിയിപ്പ് രാഹുൽ നൽകിയോ എന്നു സംശയിപ്പിക്കുന്നതായിരുന്നു ഇത്തരത്തിലുള്ള പഠോളെയുടെ മറുപടി. ഒരു ഘട്ടത്തിൽ പഠോളെയുടെ പരാമർശങ്ങളോട്, ‘ഇതെല്ലാം കോൺഗ്രസ് ഹൈക്കമാൻഡ് അറിഞ്ഞുകൊണ്ടുതന്നെയാണോ പറയുന്നത്’ എന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്താണ് അത്തരമൊരു ചോദ്യത്തിലേക്ക് പവാറിനെ നയിച്ചത്?

‘ഒതുക്കാൻ നോക്കേണ്ട...’

ബിജെപിയാണ് കോൺഗ്രസിന്റെ മുഖ്യശത്രുവെങ്കിലും സഖ്യകക്ഷികളായ എൻസിപിയെയും ശിവസേനയെയും വെറുതെവിടാതെയായിരുന്നു പഠോളെയുടെ വാക്കാലുള്ള ആക്രമണങ്ങൾ. മുന്നണിയിൽ കോൺഗ്രസ് ഒതുങ്ങി നിന്നോളും എന്നു കണക്കാക്കുന്ന ശിവസേന, എൻസിപി പാർട്ടികൾക്കിടെ കോൺഗ്രസിന്റെ ഇടം ഉറപ്പിക്കാനാണ് പഠോളെയുടെ ശ്രമം. ഇരുപാർട്ടികളുടെയും നേതാക്കളുടെ സമ്മർദം ഉയർത്തുന്നതാണ് പല പ്രസ്താവനകളും. കോവിഡ്കാലത്ത് ജനങ്ങളെ  സഹായിക്കുന്നതിനു പകരം രാഷ്ട്രീയം പറഞ്ഞാൽ ജനം ചെരുപ്പൂരി അടിക്കുമെന്ന് ഉദ്ധവ് താക്കറെ മറുപടി നൽകിയപ്പോൾ പഠോളെ പത്തി മടക്കുമെന്ന് പലരും കരുതി. എന്നാൽ, ഞെട്ടിക്കുന്ന മറ്റൊരു ആരോപണവുമായി അദ്ദേഹം തലക്കെട്ടുകളിൽ ഇടം പിടിച്ചു. 

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എൻസിപി േനതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാറും ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീലും തന്നെ നിരീക്ഷിക്കുന്നു എന്നതായിരുന്നു ആരോപണം. അതു വലിയ വിവാദമായി. ശിവസേനയുടെയും എൻസിപിയുടെയും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയാണെന്നും നഷ്ടപ്പെട്ട മണ്ണ് കോൺഗ്രസ് തിരിച്ചുപിടിക്കുകയാണെന്നും തുറന്നടിച്ചു. പിന്നാലെ, ഭരണസഖ്യം പിളർപ്പിലേക്ക് എന്ന് തലക്കെട്ടുകൾ ഉയർന്നു. മാധ്യമങ്ങൾ പ്രതികരണം തേടി മുതിർന്ന നേതാക്കളുടെ പക്കലെത്തി. ‘പഠോളെ ചെറിയ നേതാവാണ്. അദ്ദേഹം പറയുന്നതിനോടൊന്നും പ്രതികരിക്കാനില്ല’- മഹാ വികാസ് അഘാഡിയുടെ ശിൽപികൂടിയായ ശരദ് പവാർ വ്യക്തമാക്കി.

uddhav-thackeray
ഉദ്ധവ് താക്കറെ. ചിത്രം: AFP

പവാർ അസ്വസ്ഥനാണെന്നു മനസ്സിലായതോടെ മഹാരാഷ്ട്രയുടെ ചുമതലയുള്ള ഹൈക്കമാൻഡ് പ്രതിനിധി എച്ച്.കെ. പാട്ടീലും നാനാ പഠോളെ ഒഴികെയുള്ള മുതിർന്ന സംസ്ഥാന നേതാക്കളും എൻസിപി അധ്യക്ഷനെ സന്ദർശിച്ചു ചർച്ച നടത്തി. കോൺഗ്രസ് ഒറ്റയ്ക്കു മൽസരിക്കണമെങ്കിൽ അങ്ങനെയാകാമെന്ന് പവാർ അവരോടു പറഞ്ഞു. പ്രകോപനപരമായ പരാമർശങ്ങൾ ഇനിയുണ്ടാകില്ലെന്ന് കോൺഗ്രസ് സംഘം അറിയിച്ചു തിരികെയെത്തുമ്പോഴേക്കും പഠോളെ അടുത്ത വിവാദത്തിനു തിരി കൊളുത്തിയിരുന്നു. 

‘എൻസിപി ചതിച്ചു’

2014ലെ തിരഞ്ഞെടുപ്പിൽ എൻസിപി കോൺഗ്രസിനെ ചതിച്ചെന്നും 2024ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കു മൽസരിക്കാൻ തയാറെടുപ്പ് ആരംഭിച്ചെന്നുമായിരുന്നു പ്രസ്താവന. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യം വെടിഞ്ഞ് ഒറ്റയ്ക്ക് മൽസരിക്കാനുള്ള എൻസിപിയുടെ തീരുമാനമാണ് സംസ്ഥാനത്ത് ബിജെപിയുടെ വൻ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് ആരോപണം. ഫലം വന്നതിനു പിന്നാലെ ബിജെപിക്ക് എൻസിപി പിന്തുണ പ്രഖ്യാപിച്ച കാര്യവും എടുത്തുപറഞ്ഞു.  2014നു മുൻപ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് ഇപ്പോൾ നാലാംസ്ഥാനത്തേക്കു പിൻതള്ളപ്പെടാൻ കാരണം എൻസിപിയുടെ ഇൗ നിലപാടായിരുന്നുവെന്നും പഠോളെ കുറ്റപ്പെടുത്തി. 

supriya-patole-sharad
സുപ്രിയ സുളെ, നാനാ പഠോളെ, ശരദ് പവാർ. പഠോളെ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം.

അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികളുടെ നടപടികളിൽനിന്നു രക്ഷപ്പെടാനായി എൻസിപി നേതാക്കൾ ഇത്തരം നിലപാട് സ്വീകരിക്കുകയായിരുന്നു എന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ ആരോപണം. അജിത് പവാർ അടക്കമുള്ളവർക്കെതിരെ ഉയർന്നിരുന്ന അഴിമതി ആരോപണങ്ങളെക്കൂടി സൂചിപ്പിച്ചതോടെ പിന്നീട് എൻസിപിയിൽനിന്നു വലിയ ശബ്ദമില്ലാതായി. അന്നത്തെ അഴിമതിക്കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്ന വേളയിലാണ് പഠോളെയുടെ പ്രസ്താവന. അജിത്തിന് പങ്കാളിത്തമുള്ള ഒരു പഞ്ചസാര മിൽ മൂന്നാഴ്ച മുന്‍പാണ് ഇഡി കണ്ടുകെട്ടിയത്. 

വിവാദം സൃഷ്ടിക്കുന്ന പ്രസ്താവനകളും കുറിക്കു കൊള്ളുന്ന പ്രയോഗങ്ങളുമായി ശിവസേനയാണ് മഹാരാഷ്ട്രയിൽ നിറഞ്ഞു നിന്നിരുന്നതെങ്കിൽ പഠോളെയുടെ വരവോടെ കോൺഗ്രസും തലക്കെട്ടുകളിൽ ഇടം പിടിക്കുകയാണെന്നു ചുരുക്കം. മഹാ വികാസ് അഘാഡി സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുകയല്ല, മറിച്ച് മഹാരാഷ്ട്രയിൽ പാർട്ടിയെ വളർത്തുക എന്നതാണു തന്റെ ചുമതലയെന്നും പറയുന്ന പഠോളെ കോൺഗ്രസ് സംസ്ഥാനത്തു തിരിച്ചുവരികയാണെന്നും അവകാശപ്പെടുന്നു. ‘അഞ്ചു മാസം മുൻപു വരെ കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയ ചിത്രത്തിലേ ഇല്ലായിരുന്നു. പഠോളെ ജില്ലകളിൽ യാത്ര നടത്തുന്നു. പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും കാണുന്നു. പാർട്ടിയുടെ അടിത്തറ ശക്തമാക്കാനാ‍ണ് അദ്ദേഹത്തിന്റെ ശ്രമം. അതിൽ എന്താണു തെറ്റ്..?’- മുതിർന്ന കോൺഗ്രസ് നേതാവു ചോദിക്കുന്നു. 

‘മോദിയുടെ ഹിറ്റ്‌ലിസ്റ്റിൽ...’

കർഷക ആത്‌മഹത്യകളുടെ നാടായ വിദർഭ മേഖലയിൽനിന്നുള്ള കർഷകനും കർഷക നേതാവുമാണ് പഠോളെ. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. താഴെത്തട്ടിൽ നിന്നു പ്രവർത്തിച്ച് ഉയർന്നുവന്ന അദ്ദേഹം മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ചാണ് ഫെബ്രുവരിയിൽ കോൺഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. സ്പീക്കറായിരിക്കെത്തന്നെ വാർത്തകളിൽ ഇടംപിടിക്കുംവിധം കടുത്ത നിലപാടുകളെടുത്തിരുന്നു പഠോളെ. എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കാലതാമസം വരുത്തിയെന്നാരോപിച്ച് ചീഫ് സെക്രട്ടറി അജയ് മേത്തയെ നിയമസഭയിലേക്കു വിളിച്ചു വരുത്തി മാപ്പു പറയിപ്പിക്കാൻ ഒരു ഘട്ടത്തിൽ അദ്ദേഹം ശ്രമിച്ചിരുന്നു. അതിനു നിർദേശവും നൽകി. എന്നാൽ ഉപമുഖ്യമന്ത്രി അജിത് പവാർ ഇടപെട്ടാണ് അന്ന് മഞ്ഞുരുക്കിയത്.

2008ൽ കോണ്‍ഗ്രസ് വിട്ട ചരിത്രവുമുണ്ട് പഠോളെയ്ക്ക്. പിന്നീടു ബിജെപിയിൽ ചേർന്ന പഠോളെ 2014ൽ ഭണ്ഡാര-ഗോണ്ടിയ ലോക്സഭാ മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ പ്രഫുൽ പട്ടേലിനെ ഒന്നര ലക്ഷത്തോളം വോട്ടിന് അട്ടിമറിച്ചാണ് വാര്‍ത്തകളിൽ നിറഞ്ഞത്. എന്നാൽ, എൻഡിഎ സർക്കാരിന്റയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കർഷകവിരുദ്ധ നിലപാട് ആരോപിച്ച് ബിജെപി അംഗത്വവും എംപി സ്ഥാനവും ഉപേക്ഷിച്ചു. ഒന്നാം മോദി സർക്കാരിലെ ആദ്യത്തെ കലാപക്കൊടിയായിരുന്നു അത്. 

fadnavis-narendra-modi
ദേവേന്ദ്ര ഫഡ്നാവിസ്‌ (ഇടത്), നരേന്ദ്ര മോദി. ചിത്രം: Indranil MUKHERJEE / AFP

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസുമായുള്ള ശക്തമായ അഭിപ്രായ ഭിന്നത ഈ പുറത്തുപോകലിനു പിന്നിലുണ്ടായിരുന്നു. ബിജെപിയിലായിരിക്കെത്തന്നെ പാർട്ടിയെ വിമർശിക്കുന്ന പതിവുമുണ്ടായിരുന്നു പഠോളെയ്ക്ക്. താൻ മോദിയുടെ ഹിറ്റ്ലിസ്റ്റിൽ പെട്ടയാളാണെന്നു വരെ ഒരു ഘട്ടത്തിൽ പഠോളെ പറഞ്ഞു. ബിജെപി എംപിമാരുടെ യോഗത്തിൽ കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ തന്നോടു മിണ്ടാതിരിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

2018 ജനുവരിയിൽ കോൺഗ്രസിൽ തിരിച്ചെത്തിയ പഠോളെയെ ആ വർഷം സെപ്റ്റംബറിൽ കർഷക കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരെ പരാജയപ്പെട്ടെങ്കിലും ശക്തമായ മൽസരം കാഴ്ചവച്ചു. ഗഡ്കരി, ദേവേന്ദ്ര ഫഡ്നാവിസ് എന്നീ ബിജെപി നേതാക്കള്‍ ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വിദർഭ മേഖലയിൽനിന്നായിരിക്കെ അവര്‍ക്കെതിരെ കോൺഗ്രസിന്റെ മുഖം കൂടിയാണ് അവിടെ നിന്നുള്ള പഠോളെ. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, പ്രചാരണത്തിൽ ജനപങ്കാളിത്തം കുറവാണെന്ന ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തേക്ക് പ്രത്യേക നിരീക്ഷകനായും എഐസിസി പഠോളെയെ അയച്ചിരുന്നു. വിദർഭയിലെ സകോളി എംഎൽഎയാണു നിലവില്‍ ഈ അൻപത്തിയെട്ടുകാരൻ. 2009–2014 കാലഘട്ടത്തിലും സകോളി എംഎൽഎയായിരുന്നു പഠോളെ. 

ബച്ചനെയും വെറുതെ വിടില്ല!

മഹാ വികാസ് അഘാഡിയിൽ പിളർപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ് പഠോളെയുടെ നീക്കത്തിലൂടെ ബിജെപിക്കു ലഭിക്കുന്നത്. ഇതു ബിജെപി മുതലെടുക്കുമെന്ന ആശങ്ക ശിവസേനയെയും എൻസിപിയെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. എന്നാൽ സഖ്യത്തിലെ മറ്റു പാർട്ടികൾ മാത്രമല്ല, കോൺഗ്രസിലെതന്നെ ഒരു വിഭാഗവും സിനിമാക്കാരും വരെ പഠോളെയുടെ പ്രവൃത്തികൾ കാരണം ആശങ്കയിലാണ്. അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും സിനിമകൾ മഹാരാഷ്ട്രയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നു വരെ അടുത്തിടെ പഠോളെ പറഞ്ഞു. ഇരുവരുടെയും ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടാണത്രേ കാരണം!

amitabh
അമർ സിങ് (ഇടത്), അമിതാഭ് ബച്ചൻ, അനിൽ അംബാനി. ചിത്രം: STR STRDEL / AFP

കഴിഞ്ഞ മാസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും വ്യവസായ മന്ത്രി സുഭാഷ് ദേശായിക്കും പഠോളെ ഒരു കത്തയച്ചതാണ് സ്വന്തം പാർട്ടിയിൽ വിവാദത്തിനു തീ കൊളുത്തിയത്. മഹാരാഷ്ട്ര സ്റ്റേറ്റ് മൈനിങ് കോർപറേഷൻ ഒരു കമ്പനിക്കു നൽകിയ കൽക്കരിക്കരാറിൽ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. പ്രത്യക്ഷത്തിൽ പ്രശ്നമൊന്നും തോന്നില്ലെങ്കിലും ആ കത്ത് കുത്തിക്കയറിയത് ഊർജവകുപ്പു മന്ത്രി നിതിൻ റാവത്തിന്റെ നെഞ്ചിലാണ്. കൽക്കരിയിൽനിന്നുള്ള ഊർജോൽപാദനവുമായി ബന്ധപ്പെട്ട കരാറായതിനാൽ അന്വേഷണം നിതിന്റെ വകുപ്പിലേക്കും പടരുമെന്നത് ഉറപ്പായിരുന്നു.

എന്നാൽ തനിക്ക് നിതിനെ ലക്ഷ്യം വയ്ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പഠോളെയുടെ മറുപടി. പാർട്ടിയിലെ മുറുമുറുപ്പ് അങ്ങനെയല്ല– ഊർജവകുപ്പു മന്ത്രിസ്ഥാനം പഠോളം നോട്ടമിട്ടിട്ട് നാളുകളായെന്നാണ് കോൺഗ്രസ് പ്രവർത്തകർതന്നെ പറയുന്നത്. നിതിൻ റാവത്ത് സ്ഥാനമൊഴിഞ്ഞാൽ അവിടേക്ക് പഠോളെയ്ക്ക് അവസരം ലഭിക്കും. ഇപ്പോഴാണെങ്കിൽ നിയമസഭാ സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. നിതിനെ അവിടേക്കു മാറ്റുകയും ചെയ്യാം. എന്നാൽ, കോൺഗ്രസ് അധ്യക്ഷനായതിനു പിന്നാലെ, മഹാ വികാസ് അഘാഡിയുമായി ആലോചിക്കാതെ സ്പീക്കർ സ്ഥാനം രാജിവച്ച പഠോളെയുടെ നടപടിയിൽ അതൃപ്തരാണ് ഉദ്ദവും അജിത് പവാറും ഉൾപ്പെടെയെന്നത് മറ്റൊരു യാഥാർഥ്യം.

ഇങ്ങനെയൊക്കെയാണെങ്കിലും മഹാരാഷ്ട്രയിൽ  നിശബ്ദമായിരുന്ന കോൺഗ്രസിന് ചെറുതല്ലാത്ത ഉണർവു പകർന്നിരിക്കുകയാണു പഠോളെ. പൊതുതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും 2024ൽ ആണ്. അന്നത്തെ സഖ്യവും രാഷ്ട്രീയവുമെല്ലാം എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. ഒറ്റയ്ക്കു മൽസരിക്കണോ, വേണ്ടയോ എന്നതെല്ലാം ഹൈക്കമാൻഡ് ആണു തീരുമാനിക്കുകയെന്നും പഠോളെയ്ക്ക് അറിയാം. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ കോൺഗ്രസ് ഇനി ഒറ്റയ്ക്ക് മൽസരിക്കുമെന്ന് അദ്ദേഹം ആവർത്തിക്കുന്നത് മനഃപൂർവംതന്നെ; പാർട്ടി പിറന്ന മണ്ണായ മഹാരാഷ്ട്രയിൽ കോൺഗ്രസിനു നഷ്ടപ്പെട്ട ശബ്ദവും ഇടവും തിരിച്ചുപിടിക്കുകയാണു ലക്ഷ്യം. 

English Summary: Can Nana Patole, the State Congress President, Change the Face of the Party in Maharashtra?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA