ADVERTISEMENT

ബെയ്ജിങ്∙ കൊറോണ വൈറസിന്റെ ഉൽഭവത്തെക്കുറിച്ച് വീണ്ടും പഠനം നടത്താനുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ തള്ളി ചൈന. വൈറസ് ലാബിൽനിന്ന് പുറത്തുപോയതാണ് എന്ന ആരോപണത്തെത്തുടർന്നാണ്  കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത്.

സാമാന്യ ബുദ്ധിക്ക് നിരക്കുന്ന യാതൊരു അടിസ്ഥാനവും ഈ ആരോപണത്തിനില്ലെന്നും ചൈന അറിയിച്ചു. മൃഗങ്ങളിൽനിന്നാണ് മനുഷ്യനിലേക്ക് രോഗം പടർന്നതെന്നും ചൈനീസ് ശാസ്ത്ര സംഘം അറിയിച്ചു. മൃഗങ്ങളിൽനിന്നാണ് വൈറസ് പകർന്നതെന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യപഠനത്തെ സംഘം പുകഴ്ത്തി. ലാബിൽനിന്നാണ് വൈറസ് പടർന്നതെന്ന ആരോപണം പൂർണമായും തള്ളിക്കളയുകയും ചെയ്തു. വുഹാൻ ലാബിൽ ഇത്തരത്തിൽ വൈറസില്ലെന്ന് ചൈനീസ് വിദഗ്ധ സംഘം തലവൻ ലിയാങ് വാനിയാൻ പറഞ്ഞു. ‌പരിശോധന നടത്തുന്നതിന് കൂടുതൽ പേരെ ലാബിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

ചൈനയിലെ ലാബിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോൺഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. മറ്റു പല ലോകനേതാക്കൻമാരും ശാസ്ത്രജ്ഞരും ഇതേക്കുറിച്ച് സംശയം ഉന്നയിച്ചു. തുടർന്നാണ് വീണ്ടും ലാബിൽ പഠനം നടത്തണമെന്ന ആവശ്യമുയർന്നത്.

ലാബിൽ പരിശോധന നടത്തണമെന്ന ആവശ്യം ചൈന തുടർച്ചയായി നിരാകരിക്കുകയാണ്. ശാസ്ത്രത്തേയോ സാമാന്യ ബുദ്ധിയേയോ ഉൾക്കൊള്ളാതെയാണ് രണ്ടാമതും പഠനം നടത്താൻ ശ്രമിക്കുന്നതെന്ന് ആരോഗ്യ ഉപമന്ത്രി സെങ് യിസിൻ പറഞ്ഞു. അത്തരം പദ്ധതികളുമായി സഹകരിക്കില്ല. ലാബിൽ നിന്നാണ് വൈറസ് പുറത്തായതെന്ന മുൻവിധിയോടെയാണ് ലോകാരോഗ്യ സംഘടന വീണ്ടും പഠനം നടത്താൻ ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായി പരിശോധന നടത്തുന്നതിന് ചൈന സൗകര്യം ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടനയും മറ്റു ലോകരാജ്യങ്ങളും ആവശ്യമുന്നയിച്ചു. കൂടുതൽ പഠനം നടത്തുന്നത് ഭാവിയിൽ ഇത്തരം പകർച്ചവ്യാധികളെ നേരിടുന്നതിന് ഉപകരിക്കുമെന്നാണ് നേതാക്കൻമാരുടെ അഭിപ്രായം. 

English Summary: China rejects WHO plan for 2nd Coronavirus origin probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com