ADVERTISEMENT

അഹമ്മദാബാദ്∙ കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്ന്‌ ക‍ൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകാൻ അനുമതി നൽകണമെന്നു കാട്ടി ഭാര്യ സമർപ്പിച്ച അപേക്ഷയില്‍, ഗുജറാത്ത് ഹൈക്കോടതിയുടെ അനുകൂല തീരുമാനം. കോടതി നിർദേശത്തെ തുടർന്നു രോഗിയിൽനിന്നു ബീജം ശേഖരിച്ചെന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു. 

പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ ആശുപത്രി അധികൃതർക്കു കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കൃത്രിമ ബീജ സങ്കലനം വഴി രോഗബാധിതന്റെ കുട്ടിയുടെ അമ്മയാകാനുള്ള അനുമതി വേണമെന്നായിരുന്നു ഭാര്യയുടെ അപേക്ഷ. ശരീരത്തിൽനിന്നു ബീജം ശേഖരിക്കാനുള്ള അനുമതി നൽകാൻ ഭർത്താവിനു കഴിയാത്ത സാഹചര്യത്തിലാണ് ഇതിനുള്ള അനുമതി ആവശ്യപ്പെട്ടു ഭാര്യ കോടതിയെ സമീപിച്ചത്. രോഗി ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകൾ വളരെ കുറവാണന്നു ഡോക്ടർമാർ വ്യക്തമാക്കിയ കാര്യവും അപേക്ഷയിൽ പറയുന്നു. 

കോടതി ഉത്തരവു ലഭിച്ചു മണിക്കൂറുകൾക്കകം രോഗിയിൽനിന്നു ബീജം ശേഖരിച്ചതായി സ്റ്റെർലിങ് ആശുപത്രിയുടെ സോണൽ ഡയറക്ടർ അനിൽ നമ്പ്യാർ പറഞ്ഞു. പ്രക്രിയയുമായി മുന്നോട്ടുപോകാൻ രോഗിയുടെ കുടുംബാംഗങ്ങളാണു തീരുമാനിച്ചത്. സാധാരണഗതിയിൽ ഇതിന് വ്യക്തിയുടെ സമ്മതം കൂടി ആവശ്യമാണ്. എന്നാൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്കു സമ്മതം അറിയിക്കാനാകാത്ത സാഹചര്യത്തിൽ പ്രക്രിയ പൂർത്തിയാക്കാൻ കോടതി ഉത്തരവ് അനിവാര്യമായിരുന്നെന്നും അര മണിക്കൂറിനുള്ളിൽ പ്രക്രിയ പൂർത്തീകരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. 

രോഗിയുടെ ഭാര്യ സമർപ്പിച്ച അപേക്ഷ അടിയന്തരമായി ഫയലിൽ സ്വീകരിച്ച കോടതി ബീജം എത്രയും വേഗം ശേഖരിച്ചു സൂക്ഷിക്കാൻ ആശുപത്രി അധികൃതരോടു നിർദേശിക്കുകയായിരുന്നു. കോടതിയുടെ അനുമതി കൂടി ലഭിച്ചതിനു ശേഷമാകും കൃത്രിമ ബീജസങ്കലനം നടത്തുക.

English Summary: Sperm Of Critical Covid Patient Collected After Gujarat High Court Grants Wife's Plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com