ADVERTISEMENT

കൊല്ലം∙ എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി.പത്മാകരന് സസ്പെൻഷൻ. കുണ്ടറ സ്വദേശിനിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി. നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.രാജീവിനെയും സസ്പെൻഡ് ചെയ്തു. പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.

അന്വേഷണത്തിനു പാർട്ടി നിയോഗിച്ച സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തി പിതാവിൽനിന്നു വിവരങ്ങൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ യുവതി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചപ്പോഴത്തെ പോസ്റ്ററിന്റെ ചിത്രം എൻസിപിയുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് അപക്വമായിപ്പോയി എന്നു റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

പത്മാകരനെതിയെ യുവതി നൽകിയ പീഡനപരാതി ഒതുക്കിതീർക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം ഉയർന്നിരുന്നു. യുവതിയുടെ പിതാവിനെ ശശീന്ദ്രൻ ഫോണിൽ വിളിച്ചതിന്റെ ഓഡിയോ സന്ദേശം പുറത്തുവരുകയും ചെയ്തു. മന്ത്രി ശശീന്ദ്രനെതിരെ മൊഴി നല്‍കിയെന്ന് യുവതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂൺ 28ന് നൽകിയ പരാതിയിൽ 24 ദിവസത്തിനു ശേഷമായിരുന്നു കുണ്ടറ പൊലീസിന്റെ മൊഴിയെടുക്കല്‍.

എൻസിപിയുടെ നേതാവ് ജി. പത്മാകരൻ കയ്യില്‍പിടിച്ചെന്നും പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ രാജീവ് വാട്സാപ്പിലൂടെ അപവാദം പ്രചരിപ്പിച്ചെന്നുമാണ് ബിജെപി പ്രവർത്തകയായ യുവതിയുടെ മൊഴി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് യുവതി വിമർശിച്ചു. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുവേളയിലുണ്ടായ രാഷ്ട്രീയപ്രശ്നങ്ങളാണ് മന്ത്രി ശശീന്ദ്രനെതിരായ ആരോപണത്തിനു പിന്നിലെന്നാണ് എൻ‌സിപിയുടെ വിലയിരുത്തൽ.

English Summary: Kundara Rape Case: NCP Suspended Two Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com