ADVERTISEMENT

കൊച്ചി∙ കോവിഡ് വിലക്കുകൾക്കിടെ മലയാളത്തിലെ കലാസ്വാദകരുടെ വൻ നഷ്ടമായി ഒരു പ്രദർശനം. കൊച്ചിയിലും ആലപ്പുഴയിലുമായി കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ ഒരുക്കിയ ‘ലോകമേ തറവാട്, ദ് വേൾഡ് ഈസ് വൺ ഫാമിലി’ പ്രദർശനമാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. പ്രദർശനത്തീയതികളിൽ പലവട്ടം മാറ്റം വരുത്തിയെങ്കിലും ഈ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ ആസ്വാദകരെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഇനിയെങ്കിലും ആസ്വാദകരിലേക്ക് എത്താനായില്ലെങ്കിൽ സാമ്പത്തിക നഷ്ടങ്ങൾക്കു പുറമേ ഇത്രയേറെ കലാകാരൻമാരുടെ സൃഷ്ടികൾ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് മലയാളികൾക്കു നഷ്ടമാകുന്നത്. സെപ്റ്റംബർ 30 വരെയെങ്കിലും പ്രദർശന വേദികൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

lokame-tharavadu-main
ലോകമേ തറവാട് പ്രദർശനത്തിൽ നിന്ന്. ചിത്രം കടപ്പാട് – കൊച്ചി ബിനാലെ ഫൗണ്ടേഷൻ.

∙ നാലു ദിനം ആസ്വദിക്കാവുന്ന കാഴ്ചകൾ

ആലപ്പുഴയിൽ മാത്രം മൂന്നു ദിവസത്തെ കാഴ്ചകൾക്കുള്ള വകയുണ്ട് ഈ പ്രദർശനത്തിൽ. അതു കൊച്ചിയിലെ ദർബാർ ഹാൾ ആർട്ട് ഗാലറിയിലേക്കു കൂടി നീളുമ്പോൾ വീണ്ടും ഒരു ദിവസം കൂടി വേണ്ടി വരും. ആലപ്പുഴയിലും എറണാകുളത്തുമായി ആറു വേദികളിലായാണ് ചിത്ര, ശിൽപ, വിഡിയോ, പ്രതിഷ്ഠാപന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

കോവിഡ് മൂലം കഴിഞ്ഞ വർഷത്തെ ബിനാലെ നഷ്ടമായതിനെ തുടർന്നാണ് കൂടുതൽ മലയാളി കലാപ്രവർത്തകരെ ഉൾപ്പെടുത്തി ബിനാലെയ്ക്കു പുറമേ മറ്റൊരു പ്രദർശനം എന്ന ആശയത്തിലേക്ക് കഴിഞ്ഞ സെപ്റ്റംബറിൽ എത്തിയതെന്ന് ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി പറയുന്നു. ആലപ്പുഴയിലെ വിശാലമായ പൈതൃക കെട്ടിടങ്ങളെ പ്രദർശനത്തിനായി ഉപയോഗപ്പെടുത്താനായി എന്നതാണ് നേട്ടങ്ങളിലൊന്ന്. അപ്പോഴും, അതിലോരോന്നിനെയും പ്രദർശന വേദിയാക്കാൻ വേണ്ടി വന്ന ചെലവ് അത്ര ചെറുതല്ല താനും.

വലിയ ഹാളുകളെ വിഭജിച്ച് ഇടഭിത്തികൾ നിർമിച്ച് അതിനെ അണിയിച്ചൊരുക്കിയാണ് പ്രദർശന ശാലകൾ തയാറാക്കിയിരിക്കുന്നത്. 20 രാജ്യങ്ങളിൽ കലാ പ്രവർത്തനങ്ങളിൽ സജീവമായ 267 മലയാളി കലാകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. കലയ്ക്കായി ഉപയോഗിക്കാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിക്കുന്ന കലാകാരൻമാരുടെ സൃഷ്ടികളും പ്രദർശനത്തിലുണ്ട്. പരമ്പരാഗത പ്രിന്റിങ് മുതൽ ഓഗ്മെന്റ് റിയാലിറ്റി വരെ ഉപയോഗപ്പെടുത്തിയ കലാസൃഷ്ടികൾ പ്രദർശനത്തിനുണ്ട്.

lokame-tharavadu-1
ലോകമേ തറവാട് പ്രദർശനത്തിൽ നിന്ന്. ചിത്രം കടപ്പാട് – കൊച്ചി ബിനാലെ ഫൗണ്ടേഷൻ.

∙ ലോകം ഒരു കുടുംബം; ഒരുക്കിയത് മതനിരപേക്ഷ ഇടം

ഇന്ത്യയിൽ മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുന്ന പുതിയ സാഹചര്യത്തിലാണ് ‘ലോകമേ തറവാട്’ എന്ന ആശയത്തിന്റെ പ്രസക്തിയെന്നാണ് ബോസ് കൃഷ്ണമാചാരി പറയുന്നത്. ഭാഷകൾക്കും അതിരുകൾക്കും അതീതമായ ഒരു സങ്കൽപമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. കലാകാരൻമാർക്കു ക്ഷണം അറിയിച്ചുകൊണ്ടുള്ള കുറിപ്പിലും അതിരുകളില്ലാത്ത ഈ ലോക സങ്കൽപത്തിന്റെ ആവിഷ്കാരമുണ്ട്. മതനിരപേക്ഷമായ ഒരു ഇടം നമ്മൾ തന്നെ സൃഷ്ടിക്കേണ്ടതുണ്ട് എന്ന വിശ്വാസമാണ് ഇതിന് ആധാരം.

ഈ കോവിഡ് കാലത്ത് നമ്മുടെ കലാകാരൻമാർക്കു നൽകുന്ന ആത്മവിശ്വാസം കൂടിയാണ് ഈ പ്രദർശനം. പലരെയും കടുത്ത മാനസിക സമ്മർദത്തിൽനിന്നും അടച്ചിടലിന്റെ പ്രയാസങ്ങളിൽനിന്നും സൃഷ്ടിപരതയിലേക്കു കൈ പിടിച്ചു നടത്താനായി എന്നതാണ് നേട്ടം. വീടുകളിൽ ഇതുവരെ അടച്ചിരുന്ന കലാസ്വാദകർക്കും ഇതു പ്രധാനമാണ്. ഒരു പ്രദർശനം ആസ്വദിക്കുമ്പോൾ അവർക്കും മാനസികമായ സന്തുലിതാവസ്ഥയിലേയ്ക്ക് എത്താം. പല കലാകാരൻമാരും സാമ്പത്തികമായി പിന്നാക്കം പോയപ്പോൾ അവർക്ക് കാലവസ്തുവിൽപനയിലൂടെ വരുമാനം നൽകാനുമുള്ള ശ്രമമുണ്ടായിട്ടുണ്ട് ഈ പദ്ധതിയിലൂടെ. സ്വതവേ ബിനാലെ വിൽപനയിൽ താൽപര്യം കാണിക്കാറില്ലെങ്കിലും മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികൾ ഓൺലൈനിലൂടെയും അല്ലാതെയും വിൽക്കുന്നതിന് സാഹചര്യം ഒരുക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു.

lokame-tharavadu-2
ലോകമേ തറവാട് പ്രദർശനത്തിൽ നിന്ന്. ചിത്രം കടപ്പാട് – കൊച്ചി ബിനാലെ ഫൗണ്ടേഷൻ.

∙ സ്വന്തം നാട്ടുകാർക്കു മനസ്സിലാകുന്ന പ്രദർശനം

സ്വന്തം നിലയിൽ ചിത്ര പ്രദർശനം നടത്താൻ സൃഷ്ടികൾ ഒരുക്കി കാത്തിരിക്കുമ്പോഴാണ് ഇടുക്കി സ്വദേശിനിയായ ചിത്രകാരി ആമി ആത്മജയ്ക്ക് ‘ലോകമേ തറവാട്’ പ്രദർശനത്തിലേയ്ക്കു ക്ഷണം ലഭിക്കുന്നത്. തീർച്ചയായും ഇത്രയേറെ മലയാളി ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾക്കൊപ്പം തന്റെ കലകൂടി അവതരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ആത്മജ പറയുന്നു. ഇത്രയേറെ മലയാളികളുടെ സൃഷ്ടികൾ ഒരുമിച്ച് അവതരിപ്പിക്കപ്പെടുന്നതും ആദ്യമായാണ്. ‘ലോകമേ തറവാടി’ന് അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമുണ്ട്. അഞ്ചു വർഷം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ആത്മജ ഇവിടെ അവതരിപ്പിച്ചിട്ടുള്ള 13 സൃഷ്ടികൾ. മുംബൈയിൽ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും നാട്ടിൽ ഇതൊരു വ്യത്യസ്ത അനുഭവമാണെന്ന് ഇവർ പറയുന്നു.

ബിനാലെയിൽ ഇതര രാജ്യക്കാരായ ആളുകളുടെ സൃഷ്ടികളാണ് ഏറെയും പ്രദർശിപ്പിക്കപ്പെടുന്നത്. രാജ്യാന്തര കലാകാരൻമാരെയും അവരുടെ സൃഷ്ടികളും ആസ്വദിക്കാൻ നാട്ടുകാർക്ക് അവസരം ഒരുങ്ങുന്നത് വലിയ കാര്യമാണ്. അതേസമയം ആഫ്രിക്കയിൽ നിന്നുള്ള ഒരു കലാസൃഷ്ടി നാട്ടുകാരനായ ഒരാൾക്കു മനസ്സിലാക്കാൻ പല കടമ്പ കടക്കണം. ആ നാട്ടിലെ സാഹചര്യങ്ങൾ കൂടി അവർ മനസ്സിലാക്കേണ്ടി വരും. അതേസമയം നമ്മുടെ നാട്ടിൽ കണ്ടു പരിചയമുള്ള കാര്യങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ആത്മജ പറയുന്നു.

lokame-tharavadu-artists
ലോകമേ തറവാട് പ്രദർശനവേദിയിൽ മോന എസ്. മോഹൻ, രതീഷ് എന്നിവർ. ചിത്രം – മനോരമ

∙ സ്വന്തം ജീവിതത്തിൽ നിന്ന്: ഗെയിം ഓഫ് സർവൈവൽ

കോവിഡ് കാലത്തിന്റെ അതിജീവനമാണ് സമൂഹം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്വന്തം ജീവിതത്തിൽ അത് എങ്ങനെ എന്ന ചോദ്യത്തിനു മോന എസ്. മോഹൻ സ്വയം കണ്ടെത്തിയ ഉത്തരമാണ് പ്രദർശനത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഗെയിം ഓഫ് സർവൈവൽ എന്ന സൃഷ്ടികൾ. കോവിഡ് കാലത്ത് ലോകമെങ്ങുമുള്ള കുട്ടികൾ എങ്ങനെ അതിജീവിക്കുന്നു എന്നായിരുന്നു ആദ്യ പഠനം. ആഫ്രിക്കയിലെ മസാക്ക കിഡ്സിന്റെ ജീവിതമായിരുന്നു പഠനമെങ്കിൽ ഒപ്പം ഗ്രേറ്റ ട്യുൻബെർഗ്, മലാല, ജോർജ് ഫ്ലോയ്ഡ് തുടങ്ങിയവരെയും പോർട്രെയ്റ്റിൽ ഒരുക്കി. പ്രദർശനത്തിന് അവസരം ലഭിച്ചപ്പോൾ വലിയ കാൻവാസുകളിൽ ഭർത്താവിന്റെയും തന്റെയും പോർട്രെയ്റ്റുകളും തയാറാക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വന്തം ജീവിതത്തിലെ അതിജീവനം പറയുന്നതിനാലാണ് സ്വന്തം പോർട്രെയ്റ്റുകൾ ഒരുക്കിയതിന്റെ തീരുമാനമെന്നും മോന പറയുന്നു. ആർഎല്‍വി കോളജിൽ ചിത്രകല പഠിച്ചിട്ടുണ്ട് എറണാകുളം ജില്ലക്കാരിയായ ഇവർ.

lokame-tharavadu-3
ലോകമേ തറവാട് പ്രദർശനത്തിൽ നിന്ന്. ചിത്രം കടപ്പാട് – കൊച്ചി ബിനാലെ ഫൗണ്ടേഷൻ.

∙ ഓട്ടോറിക്ഷയും കലയുടെ അതിജീവനവും

ബിനാലെയ്ക്കു തുല്യമായ ഒരു കലാ പ്രദർശനത്തിൽ പങ്കാളിയാകാൻ അവസരം ലഭിച്ചിട്ടും അതു വേണ്ടത്ര ജനങ്ങളിലേക്ക് എത്തിക്കാനുള്ള സാഹചര്യമില്ല എന്നതിന്റെ സങ്കടത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി രതീഷ്. ആർഎൽവി ഫൈൻആർട്സ് കോളജിലെ പഠനം പൂർത്തിയാക്കി വിവിധ മാധ്യമങ്ങളിൽ കലാ രചനകൾ നടത്തുന്നതിനിടെ കോവിഡ് മഹാമാരിയിൽ ജീവിതം വഴിമുട്ടിയപ്പോൾ ഒരു ഓട്ടോറിക്ഷ വാങ്ങി ഓടിച്ച് ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് രതീഷിന് ലോകമേ തറവാട് പ്രദർശനത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ഒരുങ്ങുന്നത്. തുടർന്ന് രണ്ട് വമ്പൻ കാൻവാസുകളിൽ അക്രിലിക് പെയിന്റുകൊണ്ട് സ്വന്തം കൈവിരലാൽ ചിത്ര രചന നടത്തിയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ടു മാസം വീതം സമയം വേണ്ടി വന്നു രതീഷിന് ഈ ചിത്രം പൂർത്തീകരിക്കാൻ. അതിജീവനം തന്നെയാണ് തന്റെയും മുന്നിൽ ഈ കഴിഞ്ഞ രണ്ടു വർഷം വെല്ലുവിളി ഉയർത്തിയതെന്ന് അദ്ദേഹം പറയുന്നു.

lokame-tharavadu-4
ലോകമേ തറവാട് പ്രദർശനത്തിൽ നിന്ന്. ചിത്രം കടപ്പാട് – കൊച്ചി ബിനാലെ ഫൗണ്ടേഷൻ.

∙ ഏറ്റവും അധികം വനിതകളുടെ സൃഷ്ടികൾ

ഏറ്റവുമധികം വനിതകൾ ഒരുമിച്ച് അണിനിരക്കുന്ന കലാപ്രദർശനമാണ് ലോകമേ തറവാട് ദ് വേൾഡ് ഈസ് വൺ ഫാമിലി. ഒരുലക്ഷത്തോളം ചതുരശ്ര അടി സ്ഥലത്തു വിന്യസിച്ചിരിക്കുന്ന സൃഷ്ടികൾ അണിയിച്ചൊരുക്കിയവരിൽ പാരിസ് വിശ്വനാഥൻ, എ.രാമചന്ദ്രൻ, താജ് പൊന്നാനി, ബാര ഭാസ്കരൻ, സി.എഫ്.ജോൺ തുടങ്ങിയവരുൾപ്പെടുന്ന കലാകാരന്മാരുണ്ട്. ആലപ്പുഴ നഗരത്തോടു ചേർന്നുള്ള കേരള സ്റ്റേറ്റ് കയർ കോർപറേഷൻ, ന്യൂ മോഡൽ സൊസൈറ്റി കെട്ടിടം, പോർട്ട് മ്യൂസിയം, ഈസ്‌റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡേക്കർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളത്തെ ദർബാർ ഹാൾ എന്നിവിടങ്ങളിലാണ് പ്രദർശനം.

വരും ദിവസങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രദർശനങ്ങൾ കർശന നിയന്ത്രണത്തിലാക്കാൻ സഹകരിക്കുമെന്നു വാഗ്ദാനം നൽകിയിട്ടുണ്ട്. ഇളവുകൾക്ക് കലക്ടറോടും സംഘാടകർ അഭ്യർഥന നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ കലാ വിരുന്നു നേരിട്ട് ആസ്വദിക്കാൻ കേരളക്കരയ്ക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനാണ് ആലപ്പുഴ പൈതൃക പദ്ധതിയുമായി ചേർന്നു കലാപ്രദർശനത്തിന്റെ ചുമതല വഹിക്കുന്നത്.

lokame-tharavadu

English Summary: ‘Lokame Tharavadu’ - the contemporary art survey exhibition by Kochi Biennale Foundation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com