ADVERTISEMENT

പാറശാല∙ പതിമൂന്നു വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന പാറശാല സ്വദേശി ലിജോയ്ക്ക് മനോരമ വായനക്കാരുടെ സഹായത്തോടെ നിർമിക്കുന്ന വീടിനു ശിലയിട്ടു. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഐബിഎസ് മുഖ്യചെലവു വഹിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഹാബിറ്റാറ്റ് ഡയറക്ടർ ജി.ശങ്കർ നിർവഹിച്ചു. ശങ്കർ തന്നെയാണ് വീട് രൂപകൽപ്പന ചെയ്തത്.

വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്ന ലിജോയുടെ ദുരിതജീവിതം മനോരമ പത്രത്തിലും ഒാൺലൈനിലും വായിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിനാളുകൾ സഹായം എത്തിച്ചു. സഹായധനമായി ലഭിച്ച തുകയിൽനിന്ന് ഒരു തുക ചെലവാക്കി നെടുവാൻവിള ജംക്‌ഷനു സമീപം സ്ഥലം വിലയ്ക്കു വാങ്ങിയാണു വീടു നിർമാണം. ബാക്കി തുക സ്ഥിരം നിക്ഷേപമാക്കി അതിന്റെ പലിശ, വരുമാനമായി ലിജോയ്ക്കു ലഭ്യമാക്കും. ഐബിഎസ് പത്ത് ലക്ഷം രൂപ വീടിനായി നൽകും.

ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, പാറശാല പഞ്ചായത്ത് അംഗം വിനയനാഥ്, മുര്യങ്കര വാർഡ് അംഗം അലക്സ്, പൊതുപ്രവർത്തകരായ അജിക്കുട്ടൻ, ശ്രീജേഷ്, ലിജോയെ സംരക്ഷിക്കുന്ന സഹോദരൻ വിപിൻ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതിക്ക് അനുയോജ്യമായി സ്വഭാവികമായ കാറ്റും വെളിച്ചവും കടക്കുന്ന പുതിയ മാതൃകയിൽ നിർമിക്കുന്ന വീടിന്റെ നിർമാണം 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു ശങ്കർ അറിയിച്ചു. ഒരു രൂപ പോലും ലാഭമെടുക്കാതെയാണു രൂപകൽപ്പനയും നിർമാണവും.

lijo-1248-1
അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂർവ രോഗം ബാധിച്ച് കഴുത്തിനു താഴെ തളർന്ന നിലയിൽ 13 വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ലിജോ പാറശാലയിലെ വീട്ടിൽ.

2008ൽ മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് സ്വമേധയാ ശ്വാസം വലിച്ചെടുക്കാൻ കഴിയാത്ത അപൂർവ രോഗം ബാധിച്ച ലിജോയ്ക്ക് വെന്റിലേറ്റർ ഉൾപ്പെടെ സഹായം ലഭിച്ചത്. വെന്റിലേറ്ററിന്റെ കാലാവധി കഴിഞ്ഞു ലിജോ വീണ്ടും മരണത്തിലേക്കു നീങ്ങുന്ന ഘട്ടത്തിൽ മനോരമ കഴിഞ്ഞ വർഷം വീണ്ടും ലിജോയുടെ കഥ വാർത്തയാക്കി. തുടർന്നാണു സഹായ പ്രവാഹമുണ്ടായത്. റെഡ്ക്രോസ് ജില്ലാഘടകം ലിജോയ്ക്ക് സൗജന്യമായി പുതിയ വെന്റിലേറ്റർ ഉടനെ നൽകും.

English Summary: New Home For Man Lives With the Help of Ventilator for 13 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com