ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗസസ് ഉപയോഗിച്ചുള്ള നിരീക്ഷണ പട്ടികയിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളുമുണ്ടെന്നു റിപ്പോർട്ട്. മറ്റു ബുദ്ധമത പുരോഹിതരുടെയും നിരവധി ടിബറ്റൻ ഉദ്യോഗസ്ഥരുടെയും ആക്ടിവിസ്റ്റുകളുട‌െയും ഫോൺ നമ്പരുകളും ഡേറ്റാബേസിൽ കണ്ടെത്തിയതായി ദ് വയർ റിപ്പോർട്ട് ചെയ്തു.

2017 അവസാനം മുതൽ 2019 തുടക്കം വരെയാണ് ഇവരെ നിരീക്ഷിച്ചതെന്നാണു സൂചന. ഇവരുടെ ഫോൺ നമ്പറുകൾ ഡേറ്റാബേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫോണിന്റെ ഫൊറൻസിക് വിശകലനത്തിലൂടെ മാത്രമേ പെഗസസ് ബാധിച്ചെന്നു സ്ഥിരീകരിക്കാനാകൂവെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘തെറ്റായ അനുമാനങ്ങളും സ്ഥിരീകരിക്കാത്ത സിദ്ധാന്തങ്ങളും നിറഞ്ഞതാണ്’ പ്രചരിക്കുന്നതെന്നു പെഗസസ് നിർമാതാക്കളായ എൻ‌എസ്‌ഒ പ്രതികരിച്ചു.

കഴിഞ്ഞദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അടക്കം 14 ലോകനേതാക്കൾ കൂടി പെഗസസ് ഫോൺ ചോർത്തലിന് ഇരയായെന്ന വിവരം പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇറാഖ് പ്രസിഡന്റ് ബർഹാം സലേഹ്, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി, മൊറോക്കോയിലെ മുഹമ്മദ് ആറാമൻ രാജാവ്, പ്രധാനമന്ത്രി സാദ് അൽ ഉത്‌മാനി തുടങ്ങിയവർ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നാണു രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷനൽ വെളിപ്പെടുത്തിയത്.

പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ബൽജിയം, ലബനൻ, അൾജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മുൻ ഭരണത്തലവന്മാരുടെ നമ്പരുകളുമുണ്ട്. 32 രാജ്യങ്ങളിലായി അറുനൂറിലധികം സർക്കാർ പ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഹംഗറിയിലെ വിക്ടർ ഓർബൻ സർക്കാർ അവിടത്തെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ചോർത്താൻ പെഗസസ് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ത്യ അടക്കം 11 രാജ്യങ്ങളാണ് പെഗസസ് റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്.

English Summary: Dalai Lama's Advisers Were On List Of Potential Pegasus Targets: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com