ADVERTISEMENT

മുംബൈ∙ അശ്ലീല വിഡിയോകൾ പ്രദർശിപ്പിക്കുന്നതിന് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ഒരു ‘പ്ലാൻ ബി’യും ഉണ്ടായിരുന്നതായി അന്വേഷണ സംഘം. കുന്ദ്രയുടെ വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അശ്ലീല വിഡിയോകൾ പ്രദർശിപ്പിക്കുന്നതിനുള്ള കുന്ദ്രയുടെ ആപ് ‘ഹോട്ട്ഷോട്ട്സി’നെ ഗൂഗിള്‍, ആപ്പിൾ സ്റ്റോറുകൾ വിലക്കിയാൽ നടപ്പാക്കാനുള്ള ബദൽ മാർഗമായിരുന്നു ഇത്. അറസ്റ്റിനു പിറകേ കുന്ദ്രയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തിരുന്നു.

സെർവറും 70 വിഡിയോകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കുന്ദ്രയുടെ പഴ്സനൽ അസിസ്റ്റന്റ് ഉമേഷ് കാമത്തിന്റെ നേതൃത്വത്തിലാണ് ഈ വിഡിയോകൾ ചിത്രീകരിച്ചത്. പോൺ ആപ് കേസുമായി ബന്ധപ്പെട്ട് 7.5 കോടിയുടെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവരങ്ങൾ കൈമാറാനും അന്വേഷണത്തോടു സഹകരിക്കാനും വിവിധ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത സെർവർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സെർവറിലെ ദൃശ്യങ്ങൾ കുന്ദ്ര യുകെ കമ്പനിയായ കിൻറിൻ വഴി അപ്‍ലോഡ് ചെയ്തിട്ടുണ്ടോയെന്നാണു പൊലീസ് അന്വേഷിക്കുന്നത്.

രാജ് കുന്ദ്ര, ശിൽപ ഷെട്ടി (Photo: SUJIT JAISWAL / AFP)
രാജ് കുന്ദ്ര, ശിൽപ ഷെട്ടി

രണ്ടു വർഷമായി കുന്ദ്ര പോൺ ബിസിനസ് രംഗത്തുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. കുന്ദ്രയുടെ കരാർ രേഖകൾ, ഈ മെയിലുകൾ, വാട്സാപ് ചാറ്റ് എന്നിവയാണു പൊലീസ് പരിശോധിച്ചത്. മറ്റൊരു ചാനലോ ഒടിടി പ്ലാറ്റ്ഫോമോ തുടങ്ങാൻ കുന്ദ്ര ആസൂത്രണം ചെയ്തതായാണു പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഒക്ടോബർ 11ന് ‘എച്ച് അക്കൗണ്ട്സ്’ എന്ന് പേരുള്ള വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങൾ വിഡിയോ കച്ചവടത്തിലൂടെ ലഭിച്ച ലക്ഷങ്ങളെക്കുറിച്ചും ചർച്ച നടത്തിയത്രേ.

കുന്ദ്രയുടെ പ്ലാൻ ബി

ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ തിങ്കളാഴ്ച രാത്രിയാണ് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങൾ നിർമിച്ചെന്നും ആപ് വഴി പ്രചരിപ്പിച്ചെന്നുമാണു കേസ്. കുന്ദ്രയെ ജൂലൈ 23 വരെ പൊലീസ് കസ്റ്റ‍ഡിയിൽ വിട്ടിരിക്കുകയാണ്. കുന്ദ്രയുടേതെന്നു കരുതപ്പെടുന്ന വാട്സാപ് ചാറ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അശ്ലീല ചിത്രങ്ങൾക്കായി പുതിയൊരു ആപ് ഇറക്കാനാണു ‘പ്ലാൻ ബി’ യിൽ കുന്ദ്രയും കൂട്ടരും ആലോചിച്ചത്.

rajkundra2
രാജ് കുന്ദ്ര

ഹോട് ഷോട്ട് ആപ്പിനെപ്പറ്റി ഗൂഗിൾ പ്ലേയിൽനിന്നു ലഭിച്ച ഈ മെയിലിനെക്കുറിച്ച് ഒരാൾ വാട്സാപ് ഗ്രൂപ്പിൽ ചോദിച്ചപ്പോൾ പ്ലാൻ ബി തുടങ്ങിയതായും രണ്ടോ, മൂന്നോ ആഴ്ചയ്ക്കകം പുതിയ ആപ് ഐഒഎസിലും ആൻഡ്രോയ്ഡിലും ലഭ്യമാകുമെന്നായിരുന്നു കുന്ദ്രയുടെ മറുപടി. വാട്സാപ് ഗ്രൂപ്പിലെ ഒരംഗമായ റോബ് ഡിജിറ്റൽ മാർക്കറ്റിങ് ഹോട്ഷോട്സ് കുന്ദ്രയോടു ചോദിക്കുന്നുണ്ട്– ‘വിഡിയോകൾ ഡി ആക്ടിവേറ്റ് ചെയ്ത ശേഷം വീണ്ടും പ്ലേസ്റ്റോറിനെ സമീപിക്കാമോ’. ആപ്പിൽ നിന്നു ചില ദൃശ്യങ്ങൾ മാറ്റുന്ന കാര്യത്തേക്കുറിച്ചും ചർച്ച നടന്നിട്ടുണ്ട്.

ഒക്ടോബർ 11 ലെ വാട്സാപ് ഗ്രൂപ്പ് ചാറ്റിൽ വരുമാനമായി 1.85 ലക്ഷവും സിനിമയിൽനിന്ന് 4.52 ലക്ഷവും ലഭിച്ചെന്നാണു പറയുന്നത്. രാജ് കുന്ദ്രയും ബന്ധുവായ പ്രദീപ് ബക്ഷിയും ഇതിനെ അഭിനന്ദിക്കുന്നു. ഇയാളും ഈ റാക്കറ്റിന്റെ ഭാഗമാണെന്നാണു കരുതുന്നത്. കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസ് ലണ്ടനിലെ കെൻറിൻ‌ കമ്പനിയുമായി ചേർന്നാണു പ്രവർത്തിക്കുന്നത്. കെൻറിന്‍ ആണ് ‘ഹോട്‍‌ഷോട്സ്’ ആപിന്റെ ഉടമകൾ.

കെൻറിൻ കമ്പനിയുടെ ഉടമ കുന്ദ്രയുടെ സഹോദരി ഭർത്താവ് ആണെന്നാണു പൊലീസ് പറയുന്നത്. വിവാദ ദൃശ്യങ്ങളെച്ചൊല്ലി കഴിഞ്ഞ വർഷം ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പും ഹോട്ഷോട്സിനെ വിലക്കിയിരുന്നു. കേസില്‍ ഗൂഢാലോചന ആരോപിച്ചാണ് പൊലീസ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ മൽവാനി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു. സെക്‌ഷൻ 420, 34, 292, 293 വകുപ്പുകളും ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് കുന്ദ്രയ്ക്കെതിരെ ചുമത്തിയത്.

English Summary: Police Raid Raj Kundra's House, Find Server and 70 Porn Films Shot by His Former PA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com