റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല; ഒഴിവുകൾ നികത്തും: മുഖ്യമന്ത്രി

CM Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണു സര്‍ക്കാരിന്‍റെ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പിഎസ്‌സിയും സ്വീകരിക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്‌സി പരീക്ഷകളും ഇന്‍റര്‍വ്യൂകളും കോവിഡിന്‍റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കും. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്‍റെ നയമല്ല. റാങ്ക് ലിസ്റ്റുകളില്‍നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശുപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 2021 ഫെബ്രുവരി 5നും ഓഗസ്റ്റ് 3നും ഇടയിൽ കാലാവധി പൂര്‍ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 4 വരെ ദീര്‍ഘിപ്പിച്ചിരുന്നു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 4ന് അവസാനിക്കുന്നതു കണക്കിലെടുത്ത് അതുവരെയുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി.

psc-rank-holders-strike
പി‍എസ്‍സി ഉദ്യോഗാർഥികളുടെ സമരം (ഫയൽ ചിത്രം)

ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. സീനിയോറിറ്റി തര്‍ക്കം, പ്രമോഷനു യോഗ്യരായവരുടെ അഭാവം, കോടതി കേസുകള്‍ എന്നിവ മൂലം റഗുലര്‍ പ്രമോഷനുകള്‍ തടസ്സപ്പെട്ട് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാർക്കു നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ വകുപ്പ് അധ്യക്ഷന്മാര്‍ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ സീനിയോറിറ്റി തര്‍ക്കം നിലനില്‍ക്കുന്ന കേസുകളില്‍ റഗുലര്‍ പ്രമോഷന്‍ സ്റ്റേ ചെയ്ത്, കോടതി/ട്രൈബ്യൂണലില്‍നിന്നും ഇടക്കാല ഉത്തരവുകള്‍ നല്‍കിയിട്ടുള്ള കേസുകളില്‍ താല്‍ക്കാലിക പ്രമോഷന്‍ നടത്തി അതിന്‍റെ ഫലമായി വരുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഒരു തസ്തികയില്‍ പ്രമോഷന്‍ അനുവദിക്കുന്നതിന് ഒഴിവുകള്‍ നിലനില്‍ക്കുകയും എന്നാല്‍ പ്രമോഷന്‍ നല്‍കുന്നതിന് അര്‍ഹത/ യോഗ്യതയുള്ളവരുടെ അഭാവം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത തസ്തികകള്‍ റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേയ്ക്കു താല്‍ക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദേശിച്ചു.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫിസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി 2021 ഫെബ്രുവരി 13ന് രൂപീകരിച്ചിരുന്നു.

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 2016 മേയ് 25 മുതല്‍ 2021 മേയ് 19 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. മുന്‍ യുഡിഎഫ് ഭരണകാലത്ത് 3,418 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 1,61,361 നിയമന ശുപാര്‍ശ നല്‍കി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 1,54,384 നിയമന ശുപാര്‍ശ നല്‍കിയെങ്കിലും അതിലുള്‍പ്പെട്ട 4,031 പേര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരാണു നിയമനം നല്‍കിയത്. നിയമനങ്ങള്‍ പരമാവധി പിഎസ്‌സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്‍റെ നയം.- മുഖ്യമന്ത്രി വ്യക്തമാക്കി.

covid-19-psc-exam
പിഎസ്‍സി പരീക്ഷയ്ക്കു വരുന്ന ഉദ്യോഗാർഥികൾ (ഫയൽ ചിത്രം)

ഉദ്യോഗാർഥികൾ വീണ്ടും സമരരംഗത്ത്

പ്രധാന റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഉദ്യോഗാർഥികൾ വീണ്ടും സമരരംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് ആരോപണം. നിയമനങ്ങൾ വേഗത്തിലാക്കുമെന്നു പറഞ്ഞെങ്കിലും ഏതാനും ജില്ലകളിൽ ഒഴികെ നിയമനം കാര്യമായി നടന്നിട്ടില്ല. എൽപിഎസ്എ, യുപിഎസ്എ, എച്ച്എസ്എ അധ്യാപക തസ്തികകളുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സമരം തുടങ്ങിക്കഴിഞ്ഞു.

പുതിയ റാങ്ക് പട്ടികകൾ നിലവിൽ വരുന്നതു വരെ ഇപ്പോഴത്തെ പട്ടികകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. സംസ്ഥാനത്തെ ഏറ്റവും വലിയ റാങ്ക് പട്ടികകളായ എൽഡിസി, എൽജിഎസ് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 3ന് അവസാനിക്കും. എൽജിഎസ് പട്ടികയിൽ ഉൾപ്പെട്ടവരാണ് ഏതാനും മാസം മുൻപു സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സർക്കാർ ഒട്ടേറെ ഉറപ്പുകൾ നൽകി സമരം അവസാനിപ്പിക്കുകയായിരുന്നു.

psc-exam-1248
പിഎസ്‍സി ഓഫിസ് (ഫയൽ ചിത്രം)

കാലാവധി നീട്ടിയ 493 പിഎസ്‌സി റാങ്ക് പട്ടികകൾ ഓഗസ്റ്റ് 4നു റദ്ദാകുന്ന സാഹചര്യത്തിൽ പതിനായിരക്കണക്കിന് ഉദ്യോഗാർഥികളാണു സർക്കാർ ജോലിക്കായി ആശങ്കയോടെ കാത്തിരിക്കുന്നത്. റദ്ദാകുന്ന പല റാങ്ക് പട്ടികകൾക്കും പകരം പട്ടിക തയാറാക്കുന്ന നടപടി എങ്ങുമെത്തിയിട്ടില്ല. പുതിയ പട്ടിക വരാൻ മാസങ്ങൾ എടുക്കും. നിലവിലുള്ള പട്ടികകളിൽനിന്നും പ്രതീക്ഷിച്ച നിയമനവും നടന്നിട്ടില്ല. പട്ടികകളുടെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടണമെന്ന ആവശ്യം ശക്തമാണ്. 6 മാസത്തേക്കോ പുതിയ പട്ടിക നിലവിൽ വരുന്നതു വരെയോ നീട്ടിയാൽ കൂടുതൽ ഉദ്യോഗാർഥികൾക്കു നിയമനം നൽകാം.

English Summary: Policy of the government is to fill all the vacancies available within the expiry of PSC rank lists says CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA