ജോസ് കെ.മാണി എകെജി സെന്ററിൽ; തിരികെയെത്തുമോ കെ.എം.മാണി കുസാറ്റിൽ?

km-mani-budget
കെ.എം.മാണിയുടെ പേരിലുള്ള ബജറ്റ് പഠന കേന്ദ്രം ഉദ്ഘാടനത്തിന്റെ ലഘുലേഖ (ഇടത്), കെ.എം.മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹികുഞ്ഞ് കുസാറ്റിൽ നിർവഹിക്കുന്നു (ഫയൽ ചിത്രം-വലത്).
SHARE

കെ.എം. മാണിയെ കാണാതായി! എവിടെപ്പോയി എന്നറിയില്ല. കാണാതായി എന്നതിൽ തർക്കമില്ല, പക്ഷേ ഇവിടെ ഉണ്ടായിരുന്നതിന്റെ തെളിവുകൾ പോലും ഇപ്പോൾ ഇല്ല. കുറച്ചുനാൾ മുൻപു വരെ ഇവിടെയുണ്ടായിരുന്നു. എന്തായാലും സ്വയം പോയതല്ല, ആരോ ഇറക്കി വിട്ടതാണ്. കാരണം ഇവിടെ കൊണ്ടുവന്നത് രാജ്യത്തിന്റെ ഉപരാഷ്ട്രപതിയും സംസ്ഥാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ ചേർന്നാണ്. എന്നിട്ടും! ആര്? എന്തിന്?

ഇവിടെ എന്നു പറഞ്ഞാൽ കൊച്ചിൻ യൂണിവേഴ്‍സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന കുസാറ്റിൽ. കുസാറ്റിലാണ് ബജറ്റ് സംബന്ധിയായ പഠനങ്ങൾക്കായി പ്രത്യേക സെന്റർ തുടങ്ങിയത്. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ട ധനമന്ത്രിയുടെ പേരല്ലാതെ മറ്റെന്താണ് സെന്ററിന് നൽകുക? തീരുമാനമെടുത്തപ്പോ‍ൾ അന്നത്തെ സർവകലാശാലാ സിൻഡിക്കേറ്റിന് ഒരു സന്ദേഹവും ഉണ്ടായില്ല. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയും ലഭിച്ചപ്പോൾ ബജറ്റുകളിലൂടെ ചരിത്രപുരുഷനായ ധനമന്ത്രിയുടെ പേരിൽതന്നെ രാജ്യത്ത് ആദ്യമായി ഒരു സർവകലാശാലയിൽ ബജറ്റ് പഠന കേന്ദ്രം രൂപം കൊണ്ടു.

കെ.എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് (കെഎംഎംസിബിഎസ്)

2013 ഫെബ്രുവരി 17: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് വളപ്പിലെ പഴയ നിയമസഭാ ഹാളിൽ പ്രൗഢോജ്വലമായ സമ്മേളനം. കുസാറ്റിലെ കെ.എം.മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ തുടക്കം. മുഖ്യാതിഥിയും ഉദ്ഘാടകനുമായി ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. അധ്യക്ഷത വഹിക്കുന്നത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

km-mani-budget-centre
കെ.എം.മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഉദ്ഘാടന ചടങ്ങിൽ അന്നത്തെ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്രമന്ത്രി ശശി തരൂർ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എന്നിവർ (ഫയൽ ചിത്രം)

ചടങ്ങിൽ കേരള ഗവർണറുടെ അധിക ചുമതല വഹിച്ചിരുന്ന കർണാടക ഗവർണർ എച്ച്. ആർ. ഭരദ്വാജിന്റെ ആശംസാ സന്ദേശം. പങ്കെടുക്കുന്നവരിൽ കേന്ദ്രമന്ത്രി ശശിതരൂർ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്, മറ്റു മന്ത്രിമാർ, എംഎൽഎമാർ, ഡിജിപി, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ മേധാവികൾ, പതിനാലാം ധനകാര്യ കമ്മിഷൻ അംഗം ഡോ. എം. ഗോവിന്ദറാവു, കുസാറ്റ് വൈസ് ചാൻസലർ ഡോ. രാമചന്ദ്രൻ തെക്കേടത്ത്, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ തുടങ്ങിയവർ. നിറഞ്ഞ മനസ്സോടെ ധനമന്ത്രി കെ.എം.മാണി ഉപരാഷ്ട്രപതിക്കൊപ്പം വേദിയിലുണ്ട്. അന്ന് എംപിയായിരുന്ന ജോസ് കെ.മാണിയും എംഎൽഎ റോഷി അഗസ്റ്റിനും സദസ്സിലും.

ഭരണം മാറി, മാണിയുടെ പേരുവെട്ടി!

2015–16 ലെ സംസ്ഥാന ബജറ്റിൽ സെന്ററിന് കെട്ടിടം പണിയാനായി മൂന്നു കോടി രൂപയാണ് ധനമന്ത്രിയായിരുന്ന കെ.എം.മാണി നീക്കിവച്ചത്. കുസാറ്റ് മെയിൻ ക്യാംപസിൽ കെട്ടിടം നിർമിക്കാനുള്ള ചുമതല ഏറ്റെടുത്തത് കേന്ദ്ര പൊതുമരാമത്തു വകുപ്പ്. 2016 ജനുവരി 16ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് കെട്ടിടത്തിന് തറക്കല്ലിട്ടു. പക്ഷേ മന്ദിരം പൂർത്തിയായി ഉദ്ഘാടനം ചെയ്തപ്പോൾ കെ.എം.മാണി സെന്ററിൽ ‘കെ.എം.മാണി’ ഇല്ല. 

km-mani-centre-for-budget-studies
കെ.എം.മാണിയുടെ പേരില്ലാതെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് മന്ദിരം ഇപ്പോൾ.

നിർമാണം തീരുമ്പോഴേക്ക് സംസ്ഥാനത്തു ഭരണം മാറി.  പുതിയ 10 അംഗങ്ങളെ എൽഡിഎഫ് സർക്കാർ സിൻഡിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്തു. എംഎൽഎമാരായിരുന്ന എം.സ്വരാജ്, എൽദോ ഏബ്രഹാം എന്നിവർ ഉൾപ്പെട്ട സിൻഡിക്കേറ്റിൽ ഇടതുപക്ഷത്തിന് മേൽക്കൈ ലഭിച്ചു. സിൻഡിക്കേറ്റിന്റേതായിരുന്നു കെ.എം.മാണിയുടെ പേര് ഉപേക്ഷിക്കാനുള്ള തീരുമാനം. അങ്ങനെ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്ത, കെ.എം.മാണി ബജറ്റിൽ ഫണ്ട് അനുവദിച്ചു കെട്ടിടം പണിത സെന്റർ വെറും ‘സെന്റർ ഫോർ ബജറ്റ് സ്റ്റഡീസാ’യി, കെ.എം.മാണിയെ കാണാതായി.

മാണിയെ തിരിച്ചെത്തിക്കുമോ?

കേരള കോൺഗ്രസ്(എം) ഇടതു മുന്നണിയിലെ പ്രബല ഘടക കക്ഷിയാവുകയും എൽഡിഎഫിന് തുടർഭരണം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ പലതാണ്:

∙ ബജറ്റ് പഠനകേന്ദ്രത്തിൽനിന്ന് കെ.എം.മാണിയുടെ പേര് മാറ്റാൻ കാരണമെന്ത്?

∙ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിന്റെ പേര് മാറ്റിയത് ശരിയാണോ?

∙ മാണിയുടെ പേര് വെട്ടിയതിന് സർക്കാർ അനുമതിയുണ്ടായിരുന്നോ?

∙ സെന്ററിന് കെ.എം.മാണിയുടെ പേര് ഉചിതമല്ലെന്നാണോ സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാട്?

∙ അങ്ങനെയല്ലെങ്കിൽ തെറ്റ് തിരുത്തി പേര് പുനഃസ്ഥാപിക്കുമോ?

∙ കെ.എം.മാണിക്ക് സ്മാരകം നിർമിക്കാൻ ബജറ്റിൽ 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റവും അനുയോജ്യമായ സ്മാരകം ഇതല്ലേ?

ബജറ്റ് പഠനം, പുതിയ ചുവടുവയ്പ്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ ചുവടുവയ്പായി ബജറ്റ് പഠന കേന്ദ്രം തുടങ്ങുന്നതിനെപ്പറ്റി കുസാറ്റിലെ ഡോ. സാബു തോമസ് നൽകിയ പ്രൊജക്ട് നിർദേശം അംഗീകരിച്ചാണ് സെന്റർ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 2012–13ലെ ബജറ്റിൽ ഇതിന് അനുമതി നൽകുകയും പ്രാരംഭ ഫണ്ട് അനുവദിക്കുകയും ചെയ്തു. സർക്കാരിന്റെ തീരുമാനം അംഗീകരിച്ച അന്നത്തെ സിൻഡിക്കേറ്റ് ബജറ്റ് പഠന കേന്ദ്രം തുടങ്ങാനും അതിന് കെ.എം.മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് എന്നു പേരു നൽകാനും തീരുമാനിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. എം. എ. ഉമ്മനെ ഓണററി ഡയറക്ടറും ഡോ. സാബു തോമസിനെ കോഓർഡിനേറ്ററുമായി  നിയോഗിച്ചു.

centre-for-budget-studies
ഉദ്ഘാടന ചടങ്ങിനെത്തിയ വി.എസ്. അച്യുതാനന്ദൻ, ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ തുടങ്ങിയവർ (ഫയൽ ചിത്രം).

രാജ്യത്ത് ആദ്യമായി ഒരു സർവകലാശാലയുടെ മേൽനോട്ടത്തിൽ ബജറ്റ് പഠനകേന്ദ്രം തുടങ്ങുക എന്ന ആശയത്തിന് വലിയ പ്രസക്തിയാണ് ഉണ്ടായിരുന്നത്. ബജറ്റുകളെക്കുറിച്ച് പഠിക്കാൻ ഇന്ത്യക്കകത്തും പുറത്തും വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണുള്ളത്. ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയാണ് (എൻഐപിഎഫ്‌പി) ആധികാരിക പഠനം നടത്തുന്ന ദേശീയ തലത്തിലുള്ള സ്ഥാപനം. കേന്ദ്ര ബജറ്റിനെക്കുറിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡൽഹിയിലെതന്നെ സെന്റർ ഫോർ ബജറ്റ് ആൻഡ് ഗവേണൻസ് അക്കൗണ്ടബിലിറ്റിയും (സിബിജിഎ) ബെംഗളൂരുവിലെ സെന്റർ ഫോർ ബജറ്റ് ആൻഡ് പോളിസി സ്റ്റഡീസുമാണ് (സിബിപിഎസ്) ദേശീയ തലത്തിൽ ബജറ്റ് പഠനത്തിനുള്ള മറ്റു പ്രധാന സ്ഥാപനങ്ങൾ.

എന്നാൽ കേന്ദ്ര സംസ്ഥാന ബജറ്റുകളെപ്പറ്റിയും തദ്ദേശസ്ഥാപന ബജറ്റുകളെപ്പറ്റിയും ആഴത്തിലുള്ള പഠനം ലക്ഷ്യമാക്കിയാണ് കെ.എം. മാണി സെന്റർ രൂപീകരിച്ചത്. ഇന്ത്യയിലെ 2.5 ലക്ഷത്തോളം തദ്ദേശ സ്ഥാപനങ്ങളുടെ  ബജറ്റ് രൂപീകരണവും നടത്തിപ്പും സംബന്ധിച്ച പഠനവും അവയുടെ സമഗ്ര പരിഷ്കരണം സംബന്ധിച്ച ഗവേഷണവും പഠനകേന്ദ്രത്തിന്റെ ലക്ഷ്യമായിരുന്നു. ധനകാര്യ മാനേജ്മെന്റ് , വിഭവ സമാഹരണം, കാര്യക്ഷമമായ ചെലവു മാതൃക, ജെൻഡർ ബജറ്റ്, സീറോ ബേസ്‌ഡ് ബജറ്റ്, പെർഫോമൻസ് ബജറ്റ് ഇങ്ങനെ ധനകാര്യ മേഖലയുടെ സൈദ്ധാന്തിക, പ്രായോഗിക തലങ്ങളുടെ അതിരുകൾ വിപുലീകരിക്കാൻ ബജറ്റ് പഠന കേന്ദ്രം തുടങ്ങുമ്പോൾ ലക്ഷ്യമിട്ടിരുന്നു.

സ്ഥാപിത ലക്ഷ്യങ്ങൾ

∙ പൊതു ബജറ്റുകളെയും ബജറ്റ് രൂപീകരണത്തെയും പറ്റി വിശദമായ വിശകലനം

∙ ജനാധിപത്യ രാജ്യങ്ങളിലെ ബജറ്റ് മാനേജ്മെന്റുകളെപ്പറ്റി പഠനം.

∙ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊതു ധനവിനിയോഗത്തെപ്പറ്റി പഠനം

∙ ബജറ്റിനെയും ബജറ്റ് മാനേജ്മെന്റിനെയും അടിസ്ഥാനമാക്കി ബിരുദാനന്തര ഡിപ്ലോമ കോഴ്സ്.

∙ ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദ കോഴ്സ്.

∙പൊതു ധനവിനിയോഗ മാനേജ്മെന്റിൽ പിഎച്ച്ഡി പ്രോഗ്രാം.

∙ പൊതു ധനവിനിയോഗത്തെപ്പറ്റി അധ്യാപകർക്ക് ഗവേഷണ സൗകര്യം.

∙ സെക്രട്ടേറിയറ്റ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ലോക്കൽ ഫണ്ട് വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർക്ക്  പരിശീലനം.

∙ തദ്ദേശ സ്ഥാപനങ്ങളിലെ ബജറ്റുകളെപ്പറ്റി പഠനം.

∙ ബജറ്റ് റിക്കാർഡുകൾ ഡിജിറ്റൈസ് ചെയ്യുക, ഗവേഷണത്തിനും സാധാരണ ജനങ്ങൾക്കും ഉപയോഗിക്കുന്നതിന് സംവിധാനമുണ്ടാക്കുക.

∙ സംസ്ഥാനത്തിന്റെ പൊതു കടങ്ങളെപ്പറ്റി പ്രത്യേക പഠനം.

∙ സ്റ്റേറ്റ് ബജറ്റ് ഒബ്സർവേറ്ററി വെബ്സൈറ്റ്.

∙ ബജറ്റുകളുമായി ബന്ധപ്പെട്ട സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ ജനങ്ങൾക്ക് അറിവ് നൽകുന്ന തരത്തിൽ നടത്തുക.

∙ ബജറ്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, റിപ്പോർട്ടുകൾ, ലേഖനങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുക.

ഗംഭീര തുടക്കം, പക്ഷേ ട്രാക്ക് തെറ്റി: ഡോ. എം.എ. ഉമ്മൻ

സർവകലാശാലകളും ഇൻസ്റ്റിറ്റ്യൂട്ടുകളും സ്വതന്ത്ര ചിന്തയുടെയും പ്രവർത്തന സ്വാതന്ത്ര്യത്തിന്റെയും ഇടങ്ങളാകണമെന്ന് കെ. എം.മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ ആദ്യ ഓണററി ഡയറക്ടറായിരുന്ന പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. എം.എ. ഉമ്മൻ പറയുന്നു. ഇതിന്റെ അഭാവമാണ് ലോകോത്തര നിലവാരത്തിലെത്തേണ്ട നമ്മുടെ പഠന ഗവേഷണ കേന്ദ്രങ്ങൾ പിന്നാക്കം പോകുന്നതിന് കാരണം. കുസാറ്റ് ബജറ്റ് പഠന കേന്ദ്രം ഓണററി ഡയറക്ടർ സ്ഥാനത്തുനിന്ന്  രാജിവയ്ക്കുകയായിരുന്നു ഡോ. എം.എ.ഉമ്മൻ. ആഗ്രഹിച്ചതു പോലെ കാര്യങ്ങൾ ചെയ്യാൻ അവിടെ സാധിക്കില്ലെന്ന് മനസ്സിലായപ്പോഴാണ് വിട്ടു പോന്നതെന്നും അദ്ദേഹം പറയുന്നു. 

Dr-MA-Oommen
ഡോ. എം.എ.ഉമ്മൻ.

കെഎംഎംസിബിഎസ് ഗംഭീരമായി തുടങ്ങിയെങ്കിലും പിന്നീട് സ്ഥാപനവൽക്കരണത്തിന്റെ ദൂഷ്യഫലങ്ങളിലേക്കു പോയി. ‘വലിയ പ്രസക്തി ഉണ്ടാകേണ്ട സ്ഥാപനമാണ്. അതിന് ഒരു റോൾ ഉണ്ടായിരുന്നു എന്നു തന്നെയാണ് എന്റെ വിശ്വാസം. ഇത്തരം സ്ഥാപനങ്ങളിൽ സ്വതന്ത്രമായ ചിന്തയ്ക്ക് കളമൊരുക്കിയില്ലെങ്കിൽ ലക്ഷ്യംതന്നെ പരാജയപ്പെടും. എന്റെ ഡിസൈ‍ൻ അനുസരിച്ച് ഒരു നല്ല സ്ഥാപനമാക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് അതിൽ ഇരിക്കുന്നത്?  എന്നെ ക്ഷണിച്ചു കൊണ്ടു പോയതല്ലേ, എന്നിട്ട് എനിക്ക് സ്വാതന്ത്ര്യം തന്നില്ലെങ്കിലെങ്ങനെ? സമൂഹത്തിനും പ്രഫഷനൽ ലോകത്തിനും ഗുണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ തുടർന്നിട്ട് കാര്യമില്ല, അതുകൊണ്ടുതന്നെ ഞാനത് ഉപേക്ഷിച്ചു..’ ഡോ.ഉമ്മന്റെ വാക്കുകൾ.

ഇന്നു വരെയുള്ള ബജറ്റുകൾ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള പ്രോജക്ട് താൻ മുൻകൈ എടുത്ത് തുടങ്ങിയിരുന്നതായി ഡോ. ഉമ്മൻ പറയുന്നു. ഏതെല്ലാം വിധത്തിൽ ബജറ്റ് പഠനത്തെ മെച്ചപ്പെടുത്താമെന്നുള്ള നിർദേശങ്ങൾ കൊടുത്തു. വളരെ വിശദമായ പഠനം നടത്തിയും കഷ്ടപ്പെട്ടും ഉണ്ടാക്കിയ പ്രോജക്ടുകൾ പക്ഷേ സർവകലാശാല പൂഴ്ത്തിവച്ചു. ബജറ്റ് പഠനത്തിൽ ഡിഗ്രിതലം മുതൽ പിഎച്ച്ഡി വരെയുള്ള സിലബസ് ഉൾപ്പെടെയായിരുന്നു അത്.

‘മാണിയുടെ പങ്ക് ചരിത്രപരം’

ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചയാൾ എന്ന നിലയിൽ കെ.എം.മാണിയുടെ ചരിത്രപരമായ പങ്ക് ആർക്കും നിഷേധിക്കാനാവില്ലെന്ന് ഡോ. എം.എ. ഉമ്മൻ പറയുന്നു. സംസ്ഥാനത്തെ 13 ബജറ്റുകൾ അവതരിപ്പിച്ചയാൾ എന്ന അംഗീകാരം അദ്ദേഹത്തിനു മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ബജറ്റ് പഠനകേന്ദ്രത്തിന് കെ.എം.മാണിയുടെ പേര് കൊടുത്ത് അംഗീകരിക്കുകയായിരുന്നു.

km-mani-budget-studies
കെഎംഎംസിബിഎസ് ഉദ്ഘാടനത്തിന് കുസാറ്റിന്റെ അന്നത്തെ ക്ഷണക്കത്ത് (ഇടത്), കെഎംഎംസിബിഎസ് ഓണററി ഡയറക്ടറായി ഡോ. എം.എ ഉമ്മനെ നിയമിച്ച കുസാറ്റ് ഉത്തരവ് (വലത്).

ബജറ്റ് പഠനകേന്ദ്രങ്ങൾ കേരളത്തിലെന്നല്ല, ഇന്ത്യയിൽതന്നെ അധികമില്ല. സർക്കാർ ക്ഷണിച്ചപ്പോൾ ഈ മേഖലയിലെ നല്ല തുടക്കമായി കരുതിയാണ് ചുമതല ഏറ്റെടുക്കാൻ സമ്മതിച്ചത്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നതിനാലാണ് ഇത് സ്വീകരിച്ചത്. ഒരു പൈസ പോലും അവിടെനിന്ന് സ്വീകരിച്ചിട്ടില്ല. ഒരു പാടുകാര്യങ്ങൾ ചെയ്യാൻ തുടങ്ങി. പക്ഷേ വിഭാവനം ചെയ്ത രീതിയിൽ പോകാൻ കഴിയാത്ത സാഹചര്യം പിന്നീടുണ്ടായി. തസ്തികകളിലായിരുന്നു പലരുടെയും നോട്ടം. കാര്യങ്ങളുടെ പോക്കിൽ ഒട്ടും സന്തുഷ്ടനല്ലായിരുന്നു...’ ഡോ. ഉമ്മൻ പറഞ്ഞുനിർത്തി.

English Summary: Will Kerala Govt.Reinstall the Name of KM Mani for Budget Study Centre at CUSAT?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA