ADVERTISEMENT

തിരുവനന്തപുരം∙ തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് വലിയ തോതിൽ തെറ്റായ കാര്യമാണ് ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തെറ്റായ കാര്യത്തെ സർക്കാർ ഗൗരവമായി കണ്ടതുകൊണ്ടാണ് ഭരണസമിതി പിരിച്ചുവിട്ടത്. പ്രത്യേക സംഘമാണ് കൃത്യതയോടെ കേസ് അന്വേഷിക്കുന്നത്. തെറ്റു ചെയ്തവർ ആരായാലും ഏത് രാഷ്ട്രീയ പാർട്ടിയിലുള്ളവരായാലും സംരക്ഷിക്കുന്ന നിലയുണ്ടാകില്ല.

സഹകരണ മേഖല ജനവിശ്വാസം ആർജിച്ചതാണ്. ഇതുപോലുള്ള സംഭവങ്ങൾ അവിടെ വിരളമാണ്. മനുഷ്യൻ പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ തീരെ ഉണ്ടായിട്ടില്ല എന്നു പറാനാകില്ല. ആ ഘട്ടങ്ങളിലൊക്കെ നടപടിയെടുത്ത് വിശ്വാസ്യത വീണ്ടെടുത്തിട്ടുണ്ട്. സഹകരണ മേഖലയുടെ കരുത്ത് ചോരാതിരിക്കാൻ ശ്രദ്ധിക്കും. തെറ്റു ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പാർട്ടിക്കു നിരക്കാത്ത പ്രവർത്തനം നടത്തിയാൽ ആ ആൾക്കെതിരെ കർശന നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റു ചെയ്തിട്ടു പങ്കുപറ്റുന്ന പാർട്ടിയല്ല. തെറ്റുകൾക്കെതിരെ പോരാടുന്ന പാർട്ടിയാണ്. പ്രവർത്തകർ തെറ്റു ചെയ്താൽ അതു മൂടിവയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്സീൻ സംസ്ഥാനത്ത് നിർമാണം ആരംഭിക്കാൻ കഴിയുന്ന നടപടികളിലേക്കു കാര്യങ്ങൾ പോകുകയാണെന്നും ഇതിന്റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതൊക്കെ ചീറ്റിപോയില്ലേ, നിയമസഭയിൽ അതൊക്കെ കണ്ടതല്ലേ എന്നായിരുന്നു മറുപടി. കേരളത്തിലെ കോവിഡ് വാക്സീൻ വിതരണത്തെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യവകുപ്പിന്റേതായി ചില വാർത്തകൾ വരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം ആരംഭിച്ചു എന്നു വിലയിരുത്താനായിട്ടില്ല. വേറെ വൈറസ് വകഭേഗം ഉണ്ടോയെന്നും പരിശോധിക്കണം. സാഹചര്യത്തെ അതീവ ഗൗരവമായി കണ്ട് കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ജനം തയാറാകണം. സെക്ട്രൽ മജിസ്ട്രേട്ടുമാർ പരിശോധന തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan on Karuvannur Cooperative Bank Fraud
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com