വിളിപ്പുറത്തുള്ളവർക്കു വോട്ട്; ഇനി ‘സാന്ത്വന രാഷ്ട്രീയ’ത്തിന്റെ കാലം

HIGHLIGHTS
  • സിപിഎമ്മിന്റെ ചുവടുപിടിച്ചു കോണ്‍ഗ്രസും സിപിഐയും പാലിയേറ്റീവ് കെയർ രംഗത്തേക്ക്
election-indelible-ink-voting-1248
പ്രതീകാത്മക ചിത്രം
SHARE

കൊല്ലം∙ ഒരു ആവശ്യം വരുമ്പോൾ വിളിച്ചാൽ വിളിപ്പുറത്തു കിട്ടുന്ന രാഷ്ട്രീയക്കാരെയാണ് ഇന്നു ജനങ്ങൾക്ക് ആവശ്യം. പ്രളയം വന്നാൽ സുരക്ഷിതമായി കുടിയൊഴിപ്പിക്കാൻ, കോവിഡ് വന്നാൽ ഭക്ഷണവും മരുന്നും കൃത്യമായി എത്തിക്കാൻ, വീട്ടിലെ കിടപ്പുരോഗികൾക്കു മരുന്നു കൊണ്ടുവരാൻ, ആവശ്യമെങ്കിൽ ആശുപത്രിയിലെത്തിക്കാൻ... ഇങ്ങനെ ഓരോരുത്തരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കു വരെ സ്ഥലത്തെ രാഷ്ട്രീയ പ്രവർത്തകരെ ജനങ്ങൾ തേടിത്തുടങ്ങി. കേരളത്തിൽ അതിന് അങ്ങനെയൊരു വിളിപ്പേരും വീണു- സാന്ത്വന രാഷ്ട്രീയം. വിളിപ്പുറത്തു കിട്ടുന്നവർക്കാകും വോട്ട് എന്ന യാഥാർഥ്യവും രാഷ്ട്രീയപാർട്ടികൾ തിരിച്ചറിയുന്നു. 

വിവിധ വിഷയങ്ങളിൽ സമരങ്ങൾ മാത്രമല്ല, സമരങ്ങൾക്കൊപ്പം മനുഷ്യനെ സഹായിക്കുന്നതും സമരവും രാഷ്ട്രീയവുമാണെന്നു രാഷ്ട്രീയപാർട്ടികൾ തിരിച്ചറിയുന്നു. ഇതു ആദ്യം തിരിച്ചറിഞ്ഞതു സിപിഎം ആണ്. ഇപ്പോഴിതാ, സിപിഎമ്മിന്റെ ചുവടുപിടിച്ചു കോൺഗ്രസും സിപിഐയും ബിജെപിയും ആർഎസ്പിയും വരെ സാന്ത്വന രാഷ്ട്രീയത്തിന്റെ വക്താക്കളാകുന്നു. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മും എൽഡിഎഫും നേടിയ വിജയത്തിനു പിന്നിൽ ഓരോ വീടുകളും കേന്ദ്രീകരിച്ചു അവർ നടത്തിയ പ്രവർത്തനത്തിനു വലിയ പങ്കുണ്ടെന്നു തിരിച്ചറിഞ്ഞാണു പ്രമുഖ പാർട്ടികൾ സാന്ത്വന രാഷ്ട്രീയത്തിനു പ്രത്യേക വിഭാഗം തന്നെ ആരംഭിക്കുന്നത്. 

സംസ്ഥാനത്തു മിക്ക വീടുകളിലും പ്രായമേറെ ചെന്നവരും കിടപ്പുരോഗികളും ഉണ്ട്. ആശുപത്രിയിൽ കിടത്തി ചികിത്സിച്ചതുകൊണ്ടു കാര്യമില്ലാത്ത ഇത്തരം കിടപ്പുരോഗികളെ വീടുകളിൽ തന്നെ പാർപ്പിച്ചു മരുന്നു നൽകുന്നതാണു പതിവ്. ഇതിനു പുറമേ അശരണരും നിരാലംബരുമായ അനേകം രോഗികളും ഉണ്ട്. ഇവർക്കു യഥാസമയം വൈദ്യസഹായമോ മരുന്നോ ഭക്ഷണമോ മറ്റു അത്യാവശ്യ സാധനങ്ങളോ എത്തിക്കാൻ പരസഹായം മിക്കപ്പോഴും ആവശ്യമായി വരുന്നു. വിവാഹം, മരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും നാട്ടിലെ പൊതുപ്രവർത്തകരുടെ സഹായവും വേണ്ടിവരുന്നുണ്ട്. കാൻസർ പോലുള്ള മാരക രോഗങ്ങൾ സംസ്ഥാനത്തു വ്യാപകമായതോടെ കിടപ്പുരോഗികളുടെ എണ്ണത്തിലും കുതിച്ചു ചാട്ടമുണ്ടായി. 

Palliative-Care
പ്രതീകാത്മക ചിത്രം

വീട്ടുകാരുടെ വരുമാനം കൊണ്ടു കിടപ്പുരോഗികളെക്കൂടി നോക്കാൻ കഴിയാതെ വരുമ്പോഴാണു ഇത്തരക്കാർക്കു പരസഹായം വേണ്ടി വരുന്നത്. ഇതു തിരിച്ചറിഞ്ഞാണു സിപിഎം, സംസ്ഥാനത്താദ്യമായി പാലിയേറ്റീവ് കെയറിനു പ്രത്യേക വിഭാഗം തന്നെ ആരംഭിച്ചത്. മുസ്‌ലിം ലീഗ് ഉൾപ്പെടെ മിക്ക രാഷ്ട്രീയ പാർട്ടികളും പാലിയേറ്റീവ് കെയർ–ആതുര സേവന രംഗങ്ങളിൽ സജീവമാണെങ്കിലും പാർട്ടിയുടെ പ്രത്യേക വിഭാഗമായി ഇതിനെ സജീവമാക്കി നിർത്തുന്നതു സിപിഎം ആണ്. ഇതിന്റെ ചുവടുപിടിച്ചാണു കോൺഗ്രസ് ഉൾപ്പെടെ പ്രമുഖ പാർട്ടികൾ രംഗത്തെത്തുന്നത്.

പഞ്ചായത്തുകൾ തോറും കോൺഗ്രസ്

സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും കേന്ദ്രീകരിച്ചു പാലിയേറ്റീവ് സന്നദ്ധ സേന കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉടൻ രംഗത്തുവരുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. സേവാദളിന്റെ പ്രവർത്തകരായ 15 പേരെ വീതം ഓരോ ഗ്രാമപഞ്ചായത്തിലും നിയോഗിക്കാനാണു പ്രാഥമിക ധാരണ. യൂത്ത് കോൺഗ്രസ്-മഹിളാ കോൺഗ്രസ് ഉൾപ്പെടെയുള്ള പോഷകസംഘടനകളെയും പങ്കാളികളാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഓഗസ്റ്റ് 15നു മുൻപ് കെപിസിസി പുനഃസംഘടന പൂർത്തിയാക്കാനുള്ള ധൃതി പിടിച്ച ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പുനഃസംഘടന കഴിഞ്ഞാലുടൻ പാലിയേറ്റീവ് കെയർ രംഗത്തു പാർട്ടിയുടെ ചുവടുവയ്പിനു തുടക്കമാകും. പാലിയേറ്റീവ് കെയർ രംഗത്ത് അതൊരു പുതിയ മാറ്റമാകുമെന്നും കെ. സുധാകരൻ പറഞ്ഞു.

സിപിഐയും തിരിച്ചറിഞ്ഞു, മാറി നിൽക്കാനാവില്ല

സാന്ത്വന പരിചരണത്തിനു പ്രത്യേക വിഭാഗം ആരംഭിക്കുന്നതിനെക്കുറിച്ചു പാർട്ടി ഗൗരവമായി ആലോചിക്കുകയാണെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു മനോരമ ഓൺലൈനിനോടു പറഞ്ഞു. നിലവിൽ പാർട്ടി ഘടകങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. അതിന് ഒരു ഏകീകൃത രൂപം കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ വീടുകളിൽ സഹായപ്രവർത്തനങ്ങളുമായി പാർട്ടി പ്രവർത്തകർ രംഗത്തുണ്ട്. മരണങ്ങൾ സംഭവിച്ചാൽ ശവസംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും പാർട്ടി പ്രവർത്തകർ രംഗത്തുണ്ട്. ഇതൊരു സ്ഥിരം സംവിധാനമായി മാറണമെന്നു സംസ്ഥാന എക്സിക്യൂട്ടീവ് ജില്ലാ ഘടകങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിയുടെയും എഐവൈഎഫ്, എഐഎസ്എഫ്, എഐടിയുസി തുടങ്ങിയവയുടെ നേതൃത്വത്തിൽ ആംബുലൻസ് സേവനം വരെ ചിലയിടങ്ങളിൽ നൽകുന്നുണ്ട്. കോവിഡ് കാലത്തു വീടുകളിൽ ഭക്ഷ്യധാന്യക്കിറ്റുകൾ, മാസ്ക്, സാനിറ്റൈസർ, പൾസ് ഓക്സിമീറ്റർ തുടങ്ങിയവ എത്തിച്ചതിനു പുറമേ വീടുകളും മറ്റും അണുവിമുക്തമാക്കുന്നതിനും രംഗത്തുണ്ട്.

ഭാവിയിൽ സിപിഎം മാതൃകയിൽ സൊസൈറ്റികൾ രൂപീകരിച്ചു അതിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനം നടത്താനും ആലോചിക്കുന്നതായി പ്രകാശ് ബാബു പറഞ്ഞു. സാന്ത്വന രാഷ്ട്രീയം ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമായേ പറ്റൂ. ആ നിലയിൽ പദ്ധതി ആവിഷ്കരിക്കാനാണു പാർട്ടിയുടെ തീരുമാനം. സംസ്ഥാനത്തു വീടുകളിൽ കിടപ്പുരോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ അതു അനിവാര്യമാണ്. 

കൂടുതൽ സജീവമാക്കാൻ ബിജെപി

ബിജെപിയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ സജീവമാണെന്നു സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. ഇതു കൂടുതൽ സജീവമാക്കും. സംസ്ഥാനതലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സജീവമായി ഏറ്റെടുത്തു നടത്തുന്നതു സേവാഭാരതിയുടെ നേതൃത്വത്തിലാണ്. സേവാഭാരതിക്കു എല്ലാ പിന്തുണയും പാർട്ടി നൽകുന്നുണ്ട്. അതിനു പുറമേ പാർട്ടി ഘടകങ്ങൾ ആ പ്രദേശത്തെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സമയോചിതം ഇടപെടുന്നുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

k-surendran-press-meet-tvm
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

കൈ പൊള്ളിയ ആർഎസ്പിയും രംഗത്ത് 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 5 മണ്ഡലങ്ങളിലും തോൽവി രുചിച്ച ആർഎസ്പിയും പാലിയേറ്റീവ് കെയർ രംഗത്തു സജീവമാകാൻ പോകുന്നു. നിലവില്‍ പ്രാദേശിക തലങ്ങളിൽ ഈ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ജില്ലാ തലങ്ങളിൽ ഏകോപനം കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്ന് പാർട്ടി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, കോവിഡ് പ്രതിരോധം, ഭക്ഷ്യക്കിറ്റു വിതരണം, പാവപ്പെട്ട വിദ്യാർഥികൾക്കു മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പഠനസാമഗ്രികളുടെ വിതരണം എന്നിവ പാർട്ടി ഏറ്റെടുത്തു നടത്തുന്നുണ്ട്. കൊല്ലം ജില്ലയിൽ ചവറ, കുണ്ടറ, പുനലൂർ, അഞ്ചാലുംമൂട് മേഖലകളിൽ പാലിയേറ്റീവ്-ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെമ്പാടും ഇതു വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 

ലോക്കൽ കമ്മിറ്റികൾ തോറും സിപിഎം

ഇനിഷ്യേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ എന്ന പേരിൽ കണ്ണൂരിൽനിന്നു സിപിഎം ആരംഭിച്ച പാലിയേറ്റീവ് കെയർ പ്രസ്ഥാനം ഇന്നു പാർട്ടിയുടെ എല്ലാ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും സജീവമാണ്. ആദ്യകാലത്തു പ്രവർത്തനം മന്ദീഭവിച്ചെങ്കിലും പാലക്കാടു നടന്ന സംസ്ഥാന പ്ലീനത്തിലെ വിശദമായ ചർച്ചയ്ക്കു ശേഷം എല്ലാ ജില്ലകളിലും സജീവമായി.

ജില്ലാതലങ്ങളിൽ സൊസൈറ്റികൾ രൂപീകരിച്ചും സാന്ത്വന പരിചരണ പ്രവർത്തനങ്ങള്‍ പാർട്ടി ഏറ്റെടുക്കുന്നു. ഓരോ ജില്ലയിലും ഒരു ജില്ലാ കമ്മിറ്റിയംഗത്തിനാണു പാലിയേറ്റീവ് കെയറിന്റെ ചുമതല. ജില്ലാ തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. സ്വന്തമായി ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ, ഓഫിസ് തുടങ്ങിയവയുള്ള ഘടകങ്ങളുമുണ്ട്. ഓരോ ലോക്കൽ കമ്മിറ്റിക്കു കീഴിലും 10 പേരെങ്കിലും അടങ്ങുന്ന പാലിയേറ്റീവ് കെയർ ഘടകങ്ങളാണു നിലവിലുള്ളത്.

cpm-1248

പാർട്ടി സമ്മേളനങ്ങളിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്യുന്നു. പ്രത്യേകം ശ്രദ്ധ വേണ്ട മേഖലകളിൽപ്പെടുത്തിയാണു സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ പാർട്ടി നടപ്പാക്കുന്നത്. സംസ്ഥാന പ്ലീനം ഈ പ്രവർത്തനങ്ങളെക്കുറിച്ചു വിശദമായ ചർച്ച നടത്തുകയും പ്രത്യേക രേഖയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

രേഖയിൽ നിന്ന്: ‘പാലിയേറ്റീവ് കെയർ യൂണിറ്റുകൾ സ്ഥാപിക്കലിന്റെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള വൊളന്റിയർമാർക്കു പരിശീലനം നൽകാൻ പറ്റിയവരുടെ സംസ്ഥാന ക്യാംപ് സംഘടിപ്പിക്കുകയും ആവശ്യമായ പരിശീലനം നൽകുകയും ചെയ്തു. ജില്ലകളിൽ ക്യാംപ് സംഘടിപ്പിക്കുകയും തുടർന്നു ഏരിയ അടിസ്ഥാനത്തിൽ പരിശീലനം നൽകുകയും ചെയ്ത അപൂർവം ജില്ലകളുണ്ട്. 

ചില  ജില്ലകളിൽ ഈ പ്രവർത്തം ഗൗരവമായി എടുത്തതേയില്ല. പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മുഴുകുന്ന സഖാക്കൾ ഇതിന്റെ ചുമതലക്കാരായാൽ വേണ്ടത്ര സമയം ഇതിനായി ഉപയോഗിക്കാൻ കഴിയില്ല. ഇതിനായി താൽപര്യമുള്ളവർ പ്രവർത്തനച്ചുമതല ഏറ്റെടുത്താൽ മാത്രമേ ഈ രംഗം ഭംഗിയായി മുന്നോട്ടുപോകൂ. അതിന് ആദ്യം വേണ്ടത് അർപ്പണ ബോധത്തോടെ പ്രവർത്തിക്കാൻ തയാറാകുന്ന വൊളന്റിയർമാരാണ്. അശരണരും നിരാലംബരുമായ രോഗികൾക്കു പരിചരണവും സംരക്ഷണവും നൽകാനാവണം.

എല്ലാ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള രോഗികൾ നിരവധിയുണ്ട്. അവരെ സഹായിക്കുന്ന പ്രവർത്തനത്തിനാണു മുൻഗണന നൽകേണ്ടത്. മുൻഗണന നൽകേണ്ട ഈ മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. പ്രചാരണപരമായ കാര്യങ്ങൾക്കാണു മുൻതൂക്കം ലഭിച്ചതായി കാണുന്നത്. ഇതിന്റെ ഫലമായി ആംബുലൻസ് വാങ്ങലും വീൽചെയർ, വാട്ടർബെഡ് മുതലായവ വിതരണം ചെയ്യലുമൊക്കെയുണ്ടായിട്ടുണ്ട്. പൊതുവിൽ സംസ്ഥാനത്താകെ ഈ രംഗത്തെ പ്രവർത്തനം മന്ദീഭവിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങളിൽ മുഴുകാനൊന്നും പാർട്ടി ജില്ലാ കമ്മിറ്റിക്കാവില്ല.

എന്നാൽ ജില്ലയില്‍ ഈ പ്രവർത്തനം ഏറ്റെടുത്തുവെന്നു ഉറപ്പുവരുത്താൻ പ്രാപ്തരായ സഖാക്കളെ ജില്ലാ  കമ്മിറ്റിയാണു ചുമതല ഏൽപിക്കേണ്ടത്. അതോടൊപ്പം പ്രവർത്തനത്തെക്കുറിച്ചു കൃത്യമായ ഇടവേളയിൽ പരിശോധിക്കാനുള്ള സംവിധാനം പാർട്ടി ജില്ലാ കമ്മിറ്റി ഒരുക്കണം. സമൂഹത്തിൽ പാർട്ടിക്ക് അനുകൂലമായ വൻപ്രതികരണമുണ്ടാക്കുന്ന ഈ പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ സംസ്ഥാനത്താകെ കഴിയേണ്ടതാണ്. എല്ലാ ജില്ലാ കമ്മിറ്റികളും ഈ പ്രവർത്തനം നല്ല രീതിയിൽ സംഘടിപ്പിക്കുന്നതിനു പ്ലാൻ ചെയ്യേണ്ടതാണ്. ഇതിന്റെ ഭാഗമായി രോഗികളുടെ പരിചരണം ഏറ്റെടുക്കാൻ സന്നദ്ധരായ വൊളന്റിയർമാർ ലോക്കൽ അടിസ്ഥാനത്തിൽ ഉണ്ടാകണം...’ 

English Summary: Congress, CPI, BJP and RSP into palliative care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA